
സിനിമയിലെ കെട്ടിപ്പിടിക്കുന്ന രംഗത്തിൽ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന മടിയും, അത് മാറ്റിയെടുക്കാന്‍ നടി നവ്യ നായര്‍ നല്‍കിയ ഉപദേശവും തുറന്നുപറഞ്ഞ് നടന്‍ സൈജു കുറുപ്പ്. സ്ക്രീനില്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന കെമിസ്ട്രി പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ യാതൊരു മടിയുമില്ലാതെ സ്വാഭാവികമായി കെട്ടിപ്പിടിക്കണമെന്ന് നവ്യ തന്നോട് പറഞ്ഞതായി സൈജു വ്യക്തമാക്കി. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ ഭാര്യയായി അഭിനയിക്കുന്ന നടിയെ കെട്ടിപ്പിടിക്കേണ്ട രംഗങ്ങളില്‍ താന്‍ എപ്പോഴും അതീവ ജാഗ്രതയോടെയാണ് പെരുമാറാറുള്ളതെന്ന് സൈജു പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിലായിരുന്നു തന്റെ സമീപനം. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നവ്യ ഇടപെട്ടത്. സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കുന്നതുപോലെ തന്നെ അഭിനയിച്ചാലേ പ്രേക്ഷകര്‍ക്ക് അത് വിശ്വസനീയമായി തോന്നൂ എന്ന നവ്യയുടെ വാക്കുകളാണ് തന്റെ മടി മാറ്റിയതെന്നും, നവ്യയുമായി നല്ല സൗഹൃദമുള്ളതിനാല്‍ ആ ഉപദേശം വലിയ ആശ്വാസമായെന്നും താരം കൂട്ടിച്ചേർത്തു.
‘ഒരുത്തീ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിച്ചഭിനയിച്ച അനുഭവമാണ് സൈജു പങ്കുവെച്ചത്. ചിത്രീകരണത്തിന്റെ ആദ്യദിനങ്ങളില്‍ കുടുംബചിത്രങ്ങള്‍ക്കായി ഫോട്ടോയെടുക്കുമ്പോള്‍, ഭാര്യയായി അഭിനയിക്കുന്നതും അന്നുവരെ പരിചയമില്ലാത്തതുമായ സഹനടിമാരുടെ തോളില്‍ കൈവെക്കുന്നതിന് മുന്നോടിയായി എപ്പോഴും അനുവാദം ചോദിക്കാറുണ്ടെന്ന കാര്യം കൂടി സൈജു വ്യക്തമാക്കുന്നു. അഭിനയരംഗത്തും സഹപ്രവര്‍ത്തകരുടെ കംഫർട്ടിന് പ്രധാന്യം നൽകുന്ന സൈജു കുറുപ്പിന്റെ ഈ തുറന്നുപറച്ചില്‍ സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടുകയാണ്.