40 ലക്ഷം ചോദിച്ചെന്നത് കള്ളം, മകൾ വിവാഹമോചനത്തിന് തയ്യാറല്ല; നടൻ ജയം രവിക്കെതിരെ ആർതിയുടെ അമ്മ സുജാത വിജയകുമാർ

','

' ); } ?>

നടൻ ജയം രവി ഉന്നയിച്ച സാമ്പത്തിക-വ്യക്തിഗത ആരോപണങ്ങളെ പൂർണ്ണമായും തള്ളി ഭാര്യ ആർതിയുടെ അമ്മയും സിനിമാ നിർമാതാവുമായ സുജാത വിജയകുമാർ. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന 10 പേജുള്ള കോടതി വിധിയിലെ യാഥാർഥ്യങ്ങൾ മറച്ചുവെച്ചാണ് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതെന്നും, ആർതി തനിയെ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ചോദിച്ചു എന്ന വാർത്ത തികച്ചും വ്യാജമാണെന്നും സുജാത വ്യക്തമാക്കി. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ജയം രവിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അവർ രംഗത്തെത്തിയത്.

കുടുംബത്തിന്റെ മൊത്തത്തിലുള്ള ജീവിതച്ചെലവുകൾക്കായി ആവശ്യപ്പെട്ട തുകയെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ അമേരിക്കൻ സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെയും ഒരു വർഷത്തെ സ്കൂൾ ഫീസായ 86 ലക്ഷം രൂപ രണ്ടുപേരും ചേർന്ന് വഹിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനുപുറമേ ആർതിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയും രണ്ട് മക്കൾക്ക് ഒരു ലക്ഷം രൂപ വീതവും നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ട്യൂഷൻ, ഡാൻസ്, ചെസ്സ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളുടെ ചെലവും ഇതിൽ ഉൾപ്പെടുന്നു. രവി വരുത്തിവെച്ച കടങ്ങൾ കാരണം വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് വരെ ലഭിച്ചെന്നും കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളുടെ പഠനത്തിനോ ഭക്ഷണത്തിനോ പണം നൽകിയിട്ടില്ലെന്നും സുജാത ആരോപിച്ചു.

മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവും സുജാത തള്ളി. അച്ഛൻ മക്കളെ വന്ന് കാണണമെന്ന ആവശ്യവുമായി ആർതി തന്നെയാണ് മുൻപ് വിസിറ്റേഷൻ ഹർജി നൽകിയത്. പുതിയ വിധിപ്രകാരം മാതാപിതാക്കളും കുട്ടികളും മാസത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഓഫീസിലോ ഏതെങ്കിലും പൊതുസ്ഥലത്തോ വെച്ച് പരസ്പര ധാരണയിൽ കാണാൻ കോടതി സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു ഹീലറുടെ (കെനീഷ ഫ്രാൻസിസ്) അടുത്തേക്ക് വരണമെന്ന രവിയുടെ പിടിവാശി കാരണമാണ് കുട്ടികൾ മുൻപ് കാണാൻ കൂട്ടാക്കാതിരുന്നതെന്നും, അല്ലാതെ തങ്ങൾ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും അവർ വ്യക്തമായി പറഞ്ഞു.

തങ്ങൾക്കെതിരെ ഉയർന്ന ബ്ലാക്ക് മാജിക് ആരോപണങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു. 15 വർഷം ബ്ലാക്ക് മാജിക് ചെയ്ത് ഒരാളെ നിയന്ത്രിക്കാൻ കഴിയില്ലെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ അയാൾ തമിഴ് സിനിമയുടെ നെറുകയിൽ നിൽക്കുന്ന മികച്ച നടനും സ്നേഹമുള്ള ഭർത്താവുമായി തുടരുമായിരുന്നുവെന്നും സുജാത പരിഹസിച്ചു. തമിഴ്നാട്ടിൽ വീട് വാങ്ങാതെ രവി പേരും സ്ഥലവും മാറ്റി ഗോവയിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങളും അവർ ചോദ്യം ചെയ്തു.

ആർതി ഇതുവരെ വിവാഹമോചനം ആവശ്യപ്പെട്ടിട്ടില്ലെന്നും, ‘ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം’ എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയ സുജാത, മൂന്ന് വർഷത്തെ പ്രണയത്തിനും 15 വർഷത്തെ ദാമ്പത്യത്തിനും ശേഷം പെട്ടെന്ന് ഇറങ്ങിപ്പോയ ഭർത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മകൾ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.