
മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘തുടക്ക’ത്തിന്റെ പ്രമോഷൻ വേദിയിൽ വികാരനിർഭരനായി സംസാരിച്ച് നടൻ മോഹൻലാൽ. നാലരപ്പതിറ്റാണ്ടിലേറെ നീണ്ട അഭിനയപാരമ്പര്യമുണ്ടായിട്ടും തന്റെ ജീവിതത്തിലാദ്യമായാണ് ഇത്രയും കടുത്ത മാനസിക സംഘർഷത്തോടെ ഒരു വേദിയിൽ നിൽക്കുന്നതെന്ന് താരം തുറന്നുപറഞ്ഞു. മകളുടെ സിനിമാപ്രവേശനത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷവും പഴയകാല സിനിമാ അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ചടങ്ങിൽ സംസാരിച്ചത്.
താൻ സിനിമയിലെത്തി 48 വർഷം പിന്നിടുമ്പോഴും ആദ്യ ചിത്രത്തിന്റെ കാലത്ത് ഇത്തരമൊരു ചടങ്ങോ പിന്തുണയോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർത്തു. സിനിമ ഒരു മോശം തൊഴിലായി കണ്ടിരുന്ന പഴയകാലത്തുനിന്നുമാണ് തങ്ങൾ ഈ രംഗത്തേക്ക് വന്നത്. ഈ സുപ്രധാന നിമിഷത്തിൽ തനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെ വരേണ്ടതില്ലാത്ത ഒരു സാധാരണ ചിത്രമാണ് ‘തുടക്കം’ എന്നും, കണ്ടതിനുശേഷം ആളുകൾ സിനിമ വിലയിരുത്തട്ടെയെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ആദ്യ ചിത്രമായ ‘തിരനോട്ടം’, മകൻ പ്രണവിന്റെ ‘ആദി’, ഇപ്പോൾ മകൾ വിസ്മയയുടെ ‘തുടക്കം’ എന്നീ പേരുകൾ തമ്മിലുള്ള യാദൃച്ഛികമായ സാമ്യത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. ‘വിസ്മയം’ എന്ന വാക്കിനോടുള്ള പ്രിയമാണ് മകൾക്കും വീടിനും ആ പേരിടാൻ കാരണമായതെന്നും, അടുത്ത തലമുറയോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയ സന്തോഷം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ സംവിധായകരായ ജീത്തു ജോസഫിനും ജൂഡ് ആന്റണി ജോസഫിനും നന്ദിയറിയിച്ച മോഹൻലാൽ, കഴിഞ്ഞ 39 വർഷമായി തനിക്കൊപ്പം നിൽക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രയത്നങ്ങളെയും പ്രത്യേകം പരാമർശിച്ചു. സിനിമയെന്തെന്ന് കൃത്യമായി പഠിച്ച്, ആ സിനിമയ്ക്ക് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ആന്റണിയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ വാക്കുകൾ;
‘‘പലരും പറഞ്ഞു, ഇവിടെ വന്നു നിന്നിട്ട്, ‘ഭയങ്കര ടെൻഷൻ ആണ്. എനിക്ക് എന്താ പറയേണ്ടതെന്ന് അറിയൂലാ’ എന്നൊക്കെ. അതേ മാനസികാവസ്ഥയിലാണ് ഞാനും. ഇവർ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് ഒട്ടും അറിഞ്ഞുകൂടാ.
ഞാൻ ഒരുപാട് സ്ഥലത്ത് പോയിട്ടുണ്ട്. ഇത്രയും ടെൻഷനിൽ ഒരു സ്റ്റേജിൽ നിൽക്കുക എന്ന് പറയുന്നത് ഇതാദ്യം… ഇതിന്റെ ഒരു സങ്കടം എന്ന് പറയുന്നത്, 48 വർഷമായി ഞാൻ സിനിമയിൽ അഭിനയിച്ചിട്ട്. ആദ്യത്തെ സിനിമയിൽ നമുക്കൊന്നും ഇങ്ങനെ ഒരു പരിപാടിയും ഉണ്ടായിരുന്നില്ല.
എന്റെ അച്ഛനും അമ്മയും ഇതുപോലെ വന്നിരുന്നെങ്കിൽ എന്ന് ആലോചിക്കുകയാണ്. കാര്യം, ഇതൊരു മഹത്തായ നിമിഷമാണ് അല്ലേ? ഞങ്ങളൊക്കെ സിനിമയിൽ വരുന്ന കാലത്ത്, സിനിമയിൽ അഭിനയിക്കുന്നത് തെറ്റായി കണ്ടിരുന്നു. ഷൂട്ടിങ് സമയത്തൊക്കെ വന്നു ചിലർ പറയും, ‘മോനെ എനിക്കൊരു മകനുണ്ട്, അവൻ പറഞ്ഞാൽ കേൾക്കില്ല, മുഴുവൻ സമയവും തല്ലും ബഹളവും. അവന് സിനിമയിൽ എന്തെങ്കിലും ജോലി മേടിച്ച് കൊടുക്കുമോ’ എന്ന്.
അങ്ങനെയൊരു കാലത്തുനിന്നാണ് ഞങ്ങൾ വന്നത്. ഞാനൊരു തമാശ പറഞ്ഞതാണ്. ജിത്തുവിനോട് ആദ്യം നന്ദി പറയുന്നു, എന്റെ മോൻ അഭിനയിച്ച സിനിമയിൽ എനിക്ക് അവസരം തന്നതിന്. അതേ നന്ദി എനിക്ക് ജൂഡിനോടുമുണ്ട്. നമുക്ക് പോയി അത് ചോദിക്കാൻ പറ്റില്ലല്ലോ. നിങ്ങളോട് മറ്റൊരു അസൂയ കൂടിയുണ്ട്. ഈ സിനിമ നിങ്ങളാണ് മുഴുവൻ കണ്ടിരിക്കുന്നത്. ഡബ്ബ് ചെയ്ത ഭാഗങ്ങളും മറ്റു ചിലതും മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.
ജൂഡ് പറഞ്ഞപോലെയാണ്, ഭയങ്കര പ്രതീക്ഷകളോടെ വരണ്ട ഇതൊരു സാധാരണ സിനിമയാണ്. സിനിമ കണ്ടിട്ട് ആളുകൾ വിലയിരുത്തട്ടെ. പിന്നെ സുചി പറഞ്ഞു, ‘തുടക്കം’ എന്നത് തുടക്കമാണ്, ‘ആദി’ എന്നതും തുടക്കമാണ്. അപ്പോ ഞാൻ ആലോചിച്ചു, എന്റെ ആദ്യ സിനിമയുടെ പേര് ‘തിരനോട്ടം’ എന്നായിരുന്നു, അതും ഒരു തുടക്കമായിരുന്നു.
കഥകളി തുടങ്ങുന്നതിനു മുമ്പ് തിരശീല മാറ്റിയാണ് വരുന്നത്. ഇതൊക്കെ നമ്മളൊന്നും ചിന്തിക്കാതെ ജീവിതത്തിൽ നടന്നുപോകുന്ന കാര്യങ്ങളാണ്. അതുപോലെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം. അതൊരു അദ്ഭുതമല്ല, അതിനു മുകളിൽ നിൽക്കുന്നൊരു വാക്ക് ആണ്. എന്റെ മകൾക്കും വീടിനുമൊക്കെ അങ്ങനെയൊരു പേരിടാൻ തോന്നി.
ഇതെന്റെ മകളുടെയും മകന്റെയും (ആശിഷ്) സിനിമയാണ്. ഇതുപോലെ നിങ്ങളുടെ മക്കൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടാകട്ടെ. സായികുമാറിന്റെ അച്ഛന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. ഇവരുടെ കൂടെ അഭിനയിക്കുമ്പോഴും ഒരുപാട് സന്തോഷം തോന്നുന്നു.
ഈ സിനിമ നല്ല രീതിയിൽ കൊണ്ടുപോകാന്‍ സഹായിച്ച ആന്റണിക്ക് നന്ദി പറയുന്നു. ആന്റണി എന്റെ കൂടെ 39 വർഷമായി. ആ 39 വര്‍ഷം കൊണ്ട് സിനിമ എന്തെന്ന് പഠിച്ച ആളാണ്. ആ സിനിമയ്ക്കു വേണ്ടി ആന്റണി ഒരുപാട് കാര്യങ്ങൾ ചെയ്യും. ആന്റണിയുടെ കൂടെ വർക്ക് ചെയ്ത ആൾക്കാർക്കാർക്കും ആന്റണിയോട് അങ്ങനെ ദേഷ്യം തോന്നാൻ ഒരു കാരണവുമില്ല. അങ്ങനെ ദേഷ്യം തോന്നിയാലും ആന്റണിക്കൊരു പ്രശ്നവുമില്ലെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ’’