തൃഷയ്‌ക്കെതിരായ അധിക്ഷേപം: ഉദയനിധി സ്റ്റാലിൻ ഉപാധികളില്ലാതെ മാപ്പ് പറയണമെന്ന് ഖുശ്ബു സുന്ദർ

','

' ); } ?>

നടി തൃഷ കൃഷ്ണനെതിരെ പൊതുവേദിയിൽ അശ്ലീലച്ചുവയുള്ളതും ദ്വയാർഥപ്രയോഗം നിറഞ്ഞതുമായ പരാമർശം നടത്തിയ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. ഉദയനിധിയുടേത് തികച്ചും താഴ്ന്ന നിലവാരത്തിലുള്ളതും ക്രൂരവുമായ പെരുമാറ്റമാണെന്ന് ചൂണ്ടിക്കാണിച്ച ഖുശ്ബു, തൃഷയോട് അദ്ദേഹം പരസ്യമായി ഉപാധികളില്ലാതെ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

ഖുഷ്ബുവിന്റെ കുറിപ്പ്: 

‘‘ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഞാൻ കേട്ടു. അത് ക്രൂരവും വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമായിരുന്നു; താൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണത്. ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും എന്നെങ്കിലും ഒരു സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവമേ നമ്മെ രക്ഷിക്കൂ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അധഃപതിപ്പിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, തങ്ങളുടെ അന്ധരായ അനുയായികളുടെ കയ്യടിയും വിസിലടിയും ചിരിയും കണ്ടു രസിക്കുന്നവരിൽ നിന്ന് വേറെന്താണ് പ്രതീക്ഷിക്കേണ്ടത്? എന്നേക്കാൾ നന്നായി ഇക്കാര്യം വേറെ ആർക്കാണ് അറിയുക?

ഇത്തരം ഭാഷകളെ സ്വാഭാവികവൽക്കരിക്കുന്നവർ ഒരു കാര്യം ഓർക്കണം; സ്ത്രീകളുടെ ആത്മാഭിമാനം രാഷ്ട്രീയത്തിന്റെ ഇരയായാൽ, നിങ്ങളുടെ സ്വന്തം കുടുംബം ഉൾപ്പെടെയുള്ള ഒരു കുടുംബവും ഇതിൽ നിന്ന് ഒഴിവാകില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ എന്തുതന്നെയായാലും, പൊതുചർച്ചകൾക്ക് അതിർവരമ്പുകൾ ഉണ്ടായിരിക്കണം. സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ്, അല്ലാതെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനുള്ള കരുക്കളല്ല.

നിങ്ങളുടെ രാഷ്ട്രീയ എതിരാളിയുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃത്വത്തോടും ഒപ്പമെത്താൻ കഴിയില്ലെന്ന് മനസ്സിലാകുമ്പോൾ, വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലതയും ഏറ്റവും എളുപ്പമുള്ള വഴിത്താരയായി മാറുന്നു. ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ പിതാവ് എം. കെ. സ്റ്റാലിനും വർഷങ്ങളായി ഇത്തരം നിരവധി വിവാദങ്ങൾ നേരിട്ടിട്ടുണ്ട്, എന്നാൽ അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്.

ഒരു പൊതുവേദിയിൽ വച്ച് തൃഷയെ അപമാനിച്ചതിന് പ്രതിപക്ഷ നേതാവ് അവരോട് നിബന്ധനകളില്ലാതെ പരസ്യമായി മാപ്പ് പറയേണ്ടതുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഏറ്റുപറയാനും മാപ്പ് ചോദിക്കാനുമുള്ള ധൈര്യവും മാന്യതയും അദ്ദേഹത്തിനുണ്ടോ എന്ന് നമുക്ക് കാണാം.’’

കാവേരി വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടയിലാണ് വിവാദപരമായ സംഭവം അരങ്ങേറിയത്. ഉദയനിധി പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിൽനിന്ന് ആരോ തൃഷയുടെ പേര് വിളിച്ചുപറയുകയും, ഇതിന് മറുപടിയായി അദ്ദേഹം അപമാനകരമായ രീതിയിൽ ദ്വയാർഥപ്രയോഗം നടത്തുകയുമായിരുന്നു. പ്രസംഗം കേട്ടിരുന്ന അണികൾ ഇതിനെ കയ്യടിയോടെയും ചിരിയോടെയും പ്രോത്സാഹിപ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

അതേ സമയം സംഭവത്തിൽ ഉദയനിധിയെ ഇന്ന് രാവിലെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെയോടെ ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തൽ, ഭീഷണിപ്പെടുത്തൽ, മനഃപൂർവം വ്യക്തിഹത്യ നടത്തൽ ഉൾപ്പെടെ ആറ് ഗുരുതര വകുപ്പുകൾ ചുമത്തി തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. നടപടി തടയണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ അടിയന്തര ഹർജിയിൽ, ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് വരുന്നതിന് മുൻപ് തന്നെ പൊലീസ് ഉദയനിധിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രസംഗത്തിൽ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വാഹനത്തിൽ വച്ച് ഉദയനിധി നൽകിയ ആദ്യ പ്രതികരണം.