ഡൽഹി വിദ്യാർഥി പ്രതിഷേധം: പ്രധാനമന്ത്രിയുടെ നിലപാടിൽ വൈരുധ്യമെന്ന് പ്രകാശ് രാജ്; ക്രിമിനൽ കേസ് എടുത്ത് കുട്ടികളെ വേട്ടയാടരുതെന്ന് മുന്നറിയിപ്പ്

','

' ); } ?>

ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുക്കുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി നടൻ പ്രകാശ് രാജ്. വഴിതെറ്റുന്ന യുവാക്കളെ അധിക്ഷേപിക്കുകയല്ല, മറിച്ച് സ്നേഹത്തോടെ നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്ന പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശത്തിന് മറുപടിയായാണ് താരം രംഗത്തെത്തിയത്. രാജ്യത്തെ മാതാപിതാക്കളുടെ പ്രതിനിധിയെന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച ഇരുപത്തഞ്ചുകാരിയായ വിദ്യാർഥിനിക്കെതിരെ പൊലീസിൽ നിയമനടപടികൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രധാനമന്ത്രി വിഡിയോ സന്ദേശം പങ്കുവെച്ചത്. വിദ്യാർഥികളെ ‘സുഹൃത്തുക്കൾ’ എന്ന് അഭിസംബോധന ചെയ്ത മോദി, വിയോജിപ്പുകളും അധിക്ഷേപങ്ങളും ഒന്നിനും പരിഹാരമല്ലെന്നാണ് ഓർമിപ്പിച്ചത്.

എന്നാൽ ഈ നിലപാടിലെ വൈരുധ്യത്തെ ചൂണ്ടിക്കാണിച്ചാണ് പ്രകാശ് രാജ് ഇതിന് മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ അതേ ശൈലി പിന്തുടർന്ന് അദ്ദേഹത്തെ ‘സുഹൃത്തെ’ എന്ന് തിരിച്ചുവിളിച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. തെറ്റ് ചെയ്യുന്ന കുട്ടികളെ തിരുത്താൻ ശ്രമിക്കുന്ന മുതിർന്നവർ അവരെ ക്രിമിനൽ കേസുകളിൽ കുടുക്കി ജീവിതം തകർക്കാറില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമാധാനപരമായ ഉപദേശത്തിന് പകരം വിദ്യാർഥികളെ വേട്ടയാടാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ അതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി.

പ്രകാശ് രാജിന്റെ വാക്കുകൾ: 

‘‘സുഹൃത്തേ, ഇത് ഈ രാജ്യത്തെ മാതാപിതാക്കൾക്ക് പറയാനുള്ളതാണ്.

കുട്ടികൾ അധിക്ഷേപകരമായ ഭാഷ പറയുകയോ മുതിർന്നവരോട് തെറ്റായി സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മൾ അവരോട് അതു ചെയ്യരുതെന്ന് പറയുകയും താക്കീത് നൽകുകയും, അത് ആവർത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യും. അല്ലാതെ, നമ്മൾ അവരെ ക്രിമിനൽ കേസുകളിലും പൊലീസ് കേസുകളിലും കുടുക്കി ബുദ്ധിമുട്ടിക്കാറില്ല.

മറ്റൊരു കാര്യം കൂടിയുണ്ട്, ഈ തകർന്ന വ്യവസ്ഥിതി കാരണം സ്വന്തം സഹോദരങ്ങളെപ്പോലെയുള്ള മറ്റു കുട്ടികൾ മരിക്കുന്നത് കണ്ടും, ഈ വ്യവസ്ഥിതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടും ഈ കുട്ടികൾ വേദനിച്ചും നിസ്സഹായരായും മാറിയെങ്കിൽ, അതിൽ നമുക്കും ഉത്തരവാദിത്തമുണ്ട്. അവർക്ക് ലാത്തിച്ചാർജും പെല്ലറ്റ് വെടിയും, പൊലീസ് അതിക്രമങ്ങളും ഏൽക്കേണ്ടി വന്നപ്പോൾ, സുഹൃത്തേ… നമുക്കും അതിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്.

അതുകൊണ്ട്, സുഹൃത്തേ, ദയവായി അവരോട് പറഞ്ഞു മനസ്സിലാക്കി, ഇനി അത് ആവർത്തിക്കരുതെന്ന് ഉപദേശിക്കുകയും അവരുടെ തെറ്റ് തിരുത്താൻ സഹായിക്കുകയുമേ വേണ്ടൂ, അത്രമാത്രം. അല്ലെങ്കിൽ എന്ത് സംഭവിക്കുമെന്നോ, സുഹൃത്തേ? നിങ്ങൾ അവരെ വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുമ്പോൾ, അവരുടെ കൂട്ടുകാർക്ക് വേദനിക്കും. അവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾക്ക് വേദനിക്കും. അവരുടെ സഹോദരങ്ങൾക്കും സഹോദരിമാർക്കും വേദനിക്കും. അവരുടെ അമ്മാവന്മാർക്കും അമ്മായിമാർക്കും, മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും, അങ്ങനെ അവർക്ക് ചുറ്റുമുള്ള എല്ലാവർക്കും വേദനിക്കും. ഇത് ഒട്ടും നല്ലതല്ല.

ഇത് ഇങ്ങനെ തുടരുകയാണെങ്കിൽ, സുഹൃത്തേ, ഇന്ന് ഈ കുട്ടികൾ രാജിയും ഉത്തരവാദിത്തവും മാത്രമാണ് ആവശ്യപ്പെടുന്നത്. പക്ഷേ, ഈ രാജ്യവും ഇവിടുത്തെ മാതാപിതാക്കളും സമൂഹവും ഒരുപക്ഷേ രാജി ആവശ്യപ്പെടില്ലായിരിക്കാം, പക്ഷേ നിങ്ങളെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയും ചെയ്തേക്കാം, സുഹൃത്തേ.

അതുകൊണ്ട്, സുഹൃത്തേ, ദയവായി കുട്ടികളോട് ദയ കാണിക്കുക. അവർ കുട്ടികളാണ്, നമ്മുടെ കുട്ടികളാണ്. അവരുടെ ഭാവിയും ജീവിതവും നശിപ്പിക്കരുത്. അവരെ വീണ്ടും മാനസികാഘാതത്തിലേക്ക് തള്ളിവിടരുത്, സുഹൃത്തേ. അപ്പോൾ അത്രയേ ഉള്ളൂ സുഹൃത്തേ, ഒരു അപേക്ഷയാണ്, വെറുതെ പറയുന്നെന്നേയുള്ളൂ. നന്ദി.’’

അപമാനങ്ങൾ ഒന്നും പരിഹരിക്കില്ലെന്നും വഴി തെറ്റിയ യുവാക്കളെ നേർവഴി കാണിക്കേണ്ട സമയമാണിതെന്നും ഓർമിപ്പിച്ചായിരുന്നു നരേന്ദ്ര മോദിയുടെ വിഡിയോ സന്ദേശം. ‘‘ജന്തർ മന്തറിൽ സംഭവിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. ചില യുവാക്കൾ ഒരു പരിഷ്കൃത സമൂഹത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ഉപയോഗിച്ചത്. എനിക്കെതിരെയും എന്റെ അമ്മയ്ക്കെതിരെയും അധിക്ഷേപ പരാമർശങ്ങളുണ്ടായി. അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിയവരെ നമുക്ക് നേരായ വഴിയിലൂടെ നടത്താം. അതിനായി ഒരുമിച്ച് പ്രവർത്തിക്കാം. ഭാരതത്തിനായി പ്രവർത്തിക്കാം’’– മോദി വിഡിയോയിൽ പറഞ്ഞു.

‘‘ബാല്യത്തിൽ തെറ്റുകൾ സംഭവിക്കും. എന്നാൽ ആ ബാല്യം തന്നെ തെറ്റ് തിരുത്താനും അവസരം നൽകും. സമൂഹത്തിൽ പലർക്കും ദേഷ്യമുണ്ട്. അത് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇപ്പോൾ ഈ കുട്ടികളെ ചേർത്തുപിടിച്ച് നേർവഴി കാണിക്കേണ്ട സമയമാണ്. അവർ വഴിതെറ്റിയവരാണ്. അവർക്ക് വഴി കാണിക്കേണ്ടത് നമ്മുടെ കടമയാണ്. അവരോട് ക്ഷമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പറയുന്നത് സ്വീകരിക്കാൻ സമൂഹത്തോടും  അഭ്യർഥിക്കുന്നു. വഴി തെറ്റിയവരെ നമുക്ക് നയിക്കാം. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം,’’ മോദി പറഞ്ഞു.