
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങളിലും മൗനം പാലിക്കുന്ന നടൻ മാധവനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. പുണെ എഫ്.ടി.ഐ.ഐ. കാംപസിലെ വിദ്യാർഥികളാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയാണ് മാധവൻ.
എഫ്.ടി.ഐ.ഐയിലെ മാധവന്റെ ക്യാബിൻ വാതിലിൽ ‘ഗായബ്’ (കാണാനില്ല) എന്ന പോസ്റ്റർ പതിച്ചു. ‘നീറ്റ് ഫോർ സെയിൽ’ (നീറ്റ് പരീക്ഷ വിൽപ്പനയ്ക്ക്) എന്നെഴുതിയ പോസ്റ്ററുകളും വിദ്യാർഥികൾ വാതിലിൽ പതിച്ചു. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും നടനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ മുതൽ ഡൽഹി ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്ക്, ചലച്ചിത്ര പ്രവർത്തകരായ ഷബാന ആസ്‌മി, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്.
നൂറിലേറെ സി.ജെ.പി.ക്കാരെ കസ്റ്റഡിയിലെടുത്തു. പലർക്കും പരിക്കേറ്റു. ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളും അടച്ചു. സംഘർഷത്തിനിടെ ചിലർ പോലീസിനു നേരെയും കല്ലെറിഞ്ഞു. 50-ലേറെ പോലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചു.