“സ്ത്രീകളെ ബഹുമാനിക്കാൻ പരാജയപ്പെടുന്ന സമൂഹത്തിൽ നിന്ന് മികച്ചതൊന്നും പ്രതീക്ഷിക്കാനാവില്ല”; വിപിൻ ദാസ്

','

' ); } ?>

ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ച് സംവിധായകൻ വിപിൻ ദാസ്. കേവലം ഭരണകൂടത്തെയോ പൊലീസിനെയോ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം, നാം വോട്ട് ചെയ്യുന്ന രീതിയിലും സ്ത്രീകളോട് കാട്ടുന്ന ബഹുമാനത്തിലും വീടുകളിൽ കുട്ടികളെ വളർത്തുന്ന രീതിയിലും കാതലായ മാറ്റം വരുത്തണമെന്ന് വിപിൻ പറഞ്ഞു. മുൻപ് ഡൽഹിയിൽ പഠിച്ചിരുന്ന കാലത്ത് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവെച്ചാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്‌തമാക്കിയത്.

വിപിൻ ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം;

“പ്രിയപ്പെട്ട, “അഭിമാനികളായ” ഇന്ത്യക്കാരേ, നീതിക്കായി ശബ്ദമുയർത്താനും മെച്ചപ്പെട്ടൊരു ഭാവിക്ക് വേണ്ടിയുള്ള പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനും ശ്രമിക്കുന്ന ഓരോ വിദ്യാർത്ഥിയോടും ഞാൻ പൂർണ്ണമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അധികാരികളെ ചോദ്യം ചെയ്യാനും സമാധാനപരമായി പ്രതിഷേധിക്കാനും ഉത്തരവാദിത്തം ആവശ്യപ്പെടാനും ഓരോ പൗരനും അവകാശമുണ്ട്. എന്നാൽ ഇത് കേവലം ഒരു സംഭവത്തെയോ ഒരു പരീക്ഷയെയോ മാത്രം ബാധിക്കുന്ന ഒന്നാണെന്ന് കരുതുന്നതിന് മുൻപ്, നാം നമ്മോട് തന്നെ ചില സത്യസന്ധമായ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.

അമിതമായ ബലപ്രയോഗം ജനങ്ങൾ നേരിടുന്നത് ഇത് ആദ്യമായിട്ടാണോ? പൊതുയിടങ്ങളിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് സ്ത്രീകൾ സംസാരിക്കുന്നത് ഇത് ആദ്യമായിട്ടാണോ? സാധാരണക്കാരായ പൗരന്മാർ നീതി ലഭിക്കാൻ പ്രയാസപ്പെടുന്നത് ഇത് ആദ്യമായിട്ടാണോ? അല്ലെന്നാണ് ഉത്തരം. ഇവ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ്. നമ്മുടെ സമൂഹം അംഗീകരിച്ചു കൊടുക്കുന്ന മൂല്യങ്ങളുടെ അനന്തരഫലമായി രൂപപ്പെടുന്ന വലിയൊരു പ്രശ്ന‌നത്തിന്റെ ലക്ഷണങ്ങൾ മാത്രമാണിവ.

ഗവൺമെന്റുകളും രാഷ്ട്രീയക്കാരും ഉദ്യോഗസ്‌ഥരും പോലീസും മറ്റ് ഏതെങ്കിലും ഗ്രഹത്തിൽ നിന്ന് വരുന്നവരല്ല. അവർ വരുന്നത് നമ്മുടെ വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും അയൽപക്കങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നുമൊക്കെയാണ്. അവർ നമ്മളാൽ തിരഞ്ഞെടുക്കപ്പെടുന്നവരും, നാം പഠിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മൂല്യങ്ങളാൽ വാർത്തെടുക്കപ്പെടുന്നവരുമാണ്.

സത്യസന്ധത, കഴിവ്, മാനവികത എന്നിവയ്ക്ക് പകരം മതം, ജാതി, പണം, വിദ്വേഷം, അല്ലെങ്കിൽ താൽക്കാലിക വാഗ്ദാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നാം വോട്ട് ചെയ്യുന്നത് എങ്കിൽ, സ്‌ഥാപനങ്ങൾ നമ്മെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ നാം അദ്ഭുതപ്പെട്ടിട്ട് കാര്യവുമില്ല.

“അഭിമാനികളായ” ഇന്ത്യക്കാരായ നാം പലപ്പോഴും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് പൊതുയിടങ്ങളിൽ സ്ത്രീകൾക്ക് അർഹമായ ആദരവ് ലഭിക്കാത്തതെന്ന്. എന്നാൽ സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങേണ്ടത് പാർലമെന്റിലോ പൊലീസ് സ്‌റ്റേഷനിലോ അല്ല. അത് വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്, പീഡനങ്ങളോട് കുടുംബങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലും, സ്ത്രീകൾ വിവേചനമോ അക്രമമോ നേരിടുമ്പോൾ നാം മൗനം പാലിക്കുന്നുണ്ടോ എന്നതിലുമാണ്. സ്ത്രീകളെ ബഹുമാനിക്കാൻ പരാജയപ്പെടുന്ന ഒരു സമൂഹത്തിന് അതിൻ്റെ സ്‌ഥാപനങ്ങളിൽ നിന്ന് മികച്ചതൊന്നും പ്രതീക്ഷിക്കാനാവില്ല.

യൂണിഫോം ധരിച്ച വ്യക്‌തി ആരുടെയെങ്കിലും മകനോ മകളോ സഹോദരനോ സഹോദരിയോ ആയിരിക്കാം എന്ന് ഓർക്കുക. രാഷ്ട്രീയക്കാരൻ ആരുടെയെങ്കിലും കുടുംബാംഗമാണ്. ഉദ്യോഗസ്ഥൻ ആരുടെയെങ്കിലും അയൽക്കാരനാണ്. സ്‌ഥാപനങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പൗരന്മാരാലാണ്. പൗരന്മാർ മാറിയാൽ സ്‌ഥാപനങ്ങളും മാറും.

കേരളത്തിലേക്ക് നോക്കൂ. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വ്യത്യസ്‌ത കക്ഷികൾ നയിച്ച സർക്കാരുകൾ എണ്ണമറ്റ പ്രതിഷേധങ്ങളെ നേരിട്ടിട്ടുണ്ട്. എന്നിട്ടും, വലിയ പ്രതിഷേധങ്ങൾക്കിടയിൽ ജന്തർ മന്തറിൽ കണ്ടതുപോലുള്ള ദൃശ്യങ്ങൾ ഇവിടെ അപൂർവമായേ ആവർത്തിക്കപ്പെട്ടിട്ടുള്ളൂ. അത് ജനങ്ങളുടെ പൗരബോധത്തിൻ്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പൗരന്മാരും ഭരണകൂടവും തമ്മിലുള്ള പരസ്‌പര ഉത്തരവാദിത്തത്തിന്റെയും പ്രതിഫലനമാണ്. നാം സംരക്ഷിക്കാൻ ശ്രമിക്കേണ്ട ഒന്നാണത്.

വർഷങ്ങൾക്ക് മുമ്പ് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരാളെന്ന നിലയിൽ എൻ്റെ വിനീതമായ അഭ്യർഥന ഇതാണ്, വ്യവസ്‌ഥിതിയെ മാറ്റാൻ ശ്രമിക്കുന്നതിന് മുൻപ്, ആദ്യം ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും മനുഷ്യരെയും ബഹുമാനിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുക.

യഥാർഥ വിപ്ലവങ്ങൾ തെരുവുകളിൽ മാത്രമല്ല ഉണ്ടാകുന്നത്. അടുത്ത തലമുറ എങ്ങനെയുള്ള പൗരന്മാരാകണമെന്ന് പഠിക്കുന്ന വീടുകളിലും സ്‌കൂളുകളിലും ക്ലാസ് മുറികളിലുമാണ് അവ സൃഷ്ടിക്കപ്പെടുന്നത്. വ്യവസ്‌ഥിതി എന്നത് നമ്മിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നല്ല. അത് നമ്മൾ തന്നെയാണ്.