
മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. ഒരു പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ വലിയ രീതിയിലുള്ള വ്യാജ പിആർ പ്രചാരണങ്ങൾ നടത്തുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ അപ്രതീക്ഷിത പ്രതികരണം.
താരദമ്പതികളെ കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഇത്തരം പെയ്ഡ് പിആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പുതിയ ചിത്രമായ ‘വരവ്’ തിയറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്‌ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾ ചൂണ്ടിക്കാണിക്കാനാണ് നടൻ ലൈവിലെത്തിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത്, എ.കെ. സാജൻ തിരക്കഥയൊരുക്കിയ ‘വരവ്’ ജൂലൈ 16-നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ ഹൈറേഞ്ചുകാരനായ പോൾസൺ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും ചിത്രത്തെയും തന്നെയും തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരത്തിലുള്ള ക്യാംപെയ്നുകൾക്കെതിരെ ജോജു നടത്തിയ വെളിപ്പെടുത്തൽ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നടൻ ലക്ഷ്യം വെച്ചത് ഏത് പ്രമുഖ താരദമ്പതികളെയാണെന്ന കാര്യത്തിലാണ് ഇപ്പോൾ ചലച്ചിത്ര മേഖലയിലും ആരാധകർക്കിടയിലും വലിയ കൗതുകം നിലനിൽക്കുന്നത്.