
തനിക്ക് പ്രായമായതു കൊണ്ടും പഴയ ആളായതു കൊണ്ടും പുതിയ സംഗീതസംവിധാനങ്ങൾക്കായി പുതിയ തലമുറയിലെ ആളുകൾ തന്നെ സമീപിക്കുന്നില്ലെന്ന് പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര. സമകാലിക മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരാശയും പ്രയാസവും തുറന്നുപറഞ്ഞത്.
ഇപ്പോഴത്തെ ട്രെൻഡായ റാപ് സ്റ്റൈലിലുള്ള പാട്ടുകൾ പോലും മനോഹരമായി ചെയ്യാൻ തനിക്ക് സാധിക്കും. എന്നാൽ അതിനുള്ള അവസരങ്ങൾ ഇതുവരെയും തന്നെ തേടിയെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മുതിർന്ന സംഗീത സംവിധായകരിൽ ഒരാളായ മോഹൻ സിത്താര, പുതിയ തരം സംഗീതരീതികളോട് തനിക്ക് യാതൊരുവിധ എതിർപ്പുമില്ലെന്നും മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയ്ക്കൊപ്പം പ്രവർത്തിക്കാൻ താൻ പൂർണ്ണ സജ്ജനാണെന്നും കൂട്ടിച്ചേർത്തു.
“നമ്മുടെ സംഗീത സംവിധായകരെല്ലാം ക്ലീൻ സംഗീത സംവിധായകരാണ്. അലമ്പുണ്ടെങ്കിൽ മാത്രമേ, ഈ അലമ്പ് പോലത്തെ സാധനങ്ങൾ നമുക്ക് കംപോസ് ചെയ്യാനാകൂ. നമ്മളൊരു വർക്ക് ചെയ്യുമ്പോൾ നമ്മുടെ കാരക്ടറും കൂടി അതിലുണ്ടാകും. ഭയങ്കര ദൈവവിശ്വാസവും കാര്യങ്ങളുമൊക്കെയുള്ള ഒരാളാണെങ്കിൽ അങ്ങനത്തെ മൂഡിലുള്ള ഒരു പാട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ.
എല്ലാം കൂടി മിക്സ് ചെയ്തിട്ടുള്ള ഒരാളാണെങ്കിൽ എല്ലാ ടൈപ്പും ചെയ്യാൻ പറ്റും. ഞാനാണെങ്കിൽ വെസ്റ്റേൺ, ഹിന്ദുസ്ഥാനി, ക്ലാസിക്കൽ, ഫോക്ക് ഒക്കെ പഠിച്ചിട്ടുണ്ട്. അങ്ങനെ വലുതായല്ലെങ്കിലും കംപോസ് ചെയ്യാനുള്ളതെല്ലാം എനിക്കറിയാം. അത് കാരണം എനിക്ക് പെട്ടെന്ന് പെട്ടെന്ന് ട്രാക്ക് മാറ്റാൻ പറ്റും. ഒരേ റൂട്ടിൽ കൂടി പോകാതെ എനിക്ക് പെട്ടെന്ന് അപ്പുറത്തു കൂടി പോകാൻ പറ്റും.” മോഹൻസിത്താര പറഞ്ഞു.
“ചിലർക്ക് അത് പറ്റില്ല. അവരുടെ മൈൻഡും അവർ പഠിച്ച ആ രീതിയും വച്ച് അവർക്ക് ആ വഴിയിലൂടെ മാത്രമേ പോകാൻ പറ്റൂ. അതുകൊണ്ടാണ് എനിക്ക് അടിപൊളി പാട്ടുകൾ ചെയ്യാൻ പറ്റുന്നത്. പഴയ സംഗീത സംവിധായകൻ എന്ന രീതിയിലാണ് എന്നെ ഇപ്പോൾ ആളുകൾ വിളിക്കാത്തത്. പക്ഷേ ഇന്നത്തെ ഈ പിള്ളേരാക്കാൾ സ്റ്റൈലിൽ എനിക്ക് ചെയ്യാൻ പറ്റും. ഇപ്പോഴത്തെ റാപ് ടൈപ്പ് ഒക്കെ എനിക്ക് സുഖമായിട്ട് ചെയ്യാൻ പറ്റും.
റാപ്, ഇൻഡി മ്യൂസിക് ഒക്കെ വേണ്ടതാണ്. പണ്ടത്തെ 75 ലെ അല്ലെങ്കിൽ 80 ലെ പാട്ടിന്റെ മൂഡ് പിടിച്ചു കൊണ്ടിരുന്നിട്ട് കാര്യമില്ല. ആളുകളുടെ കാരക്ടർ മാറിയിട്ടുണ്ട്. ലോകം തന്നെ മാറി കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ തന്നെ മ്യൂസിക്കും. അപ്പോൾ നമ്മളും അതിലൂടെ തന്നെ പോകണം. കുട്ടികളെ കുറ്റം പറയാൻ ഒരിക്കലും പറ്റില്ല.
അവർ അടിപൊളിയായിട്ടാണ് ചെയ്യുന്നത്. അതുപോലെ നമുക്ക് ചെയ്യാൻ പറ്റുന്നില്ല എന്നൊരു അവസ്ഥയുണ്ട്. പക്ഷേ എനിക്ക് ചെയ്യാൻ പറ്റും നൂറ് ശതമാനവും. എനിക്കതിനുള്ള അവസരം കിട്ടിയിട്ടില്ല ഇതുവരെ. കാരണം വയസനായതു കൊണ്ടും പഴയ ആളായതു കൊണ്ടും ആളുകൾ ഇങ്ങോട്ട് വരുന്നില്ല എന്നൊരു കുഴപ്പമേയുള്ളൂ. റാപ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആരും വിളിക്കുന്നില്ല”. മോഹൻ സിത്താര കൂട്ടിച്ചേർത്തു.