“കടുത്ത മത്സരമുള്ള ലോകമാണ്, പിടിച്ചുനിൽക്കണമെങ്കിൽ വിദ്യാഭ്യാസവും വിവരവും വേണം”; ബേസിൽ ജോസഫ്

','

' ); } ?>

കടുത്ത മത്സരമുള്ള ഇന്നത്തെ ലോകത്ത് പിടിച്ചുനിൽക്കണമെങ്കിൽ കുറഞ്ഞത് വിദ്യാഭ്യാസവും വിവരവും ആവശ്യമാണെന്ന് നടൻ ബേസിൽ ജോസഫ്. പാലക്കാട് നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

ബേസിലിന്റെ വാക്കുകൾ;

“ഞാനും സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഫുൾ എ പ്ലസ് എന്നൊക്കെ പറയുന്നതുപോലെ. പത്തിലും പ്ലസ് ടുവിലുമൊക്കെ. ഇതുപോലെയുള്ള അവാർഡുകളും മൊമന്റോയുമൊക്കെ നമ്മളെ സംബന്ധിച്ചും വളരെ മോട്ടിവേറ്റിങ് ആയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ട് കിട്ടുന്ന ഇത്തരത്തിലുള്ള അം​ഗീകാരങ്ങൾ നമ്മളെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്യുമായിരുന്നു. ജീവിതത്തിലും യാത്രയിലുമൊക്കെ. നിങ്ങളെപ്പോലെ വേദിയിൽ ഒരു വിദ്യാർഥിയായിരുന്ന ഓർമകൾ എനിക്കുമുണ്ട്. ശരിയായ വിദ്യാഭ്യാസം കിട്ടുക എന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇന്നത്തെക്കാലത്ത് പിടിച്ചു നിൽക്കണമെങ്കിൽ മിനിമം വിദ്യാഭ്യാസവും വിവരവും വേണം. അത്രയും കോംപറ്റീറ്റിവായിട്ടുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. സോഷ്യൽ മീഡിയയും കണ്ടന്റും, കണ്ടന്റ് എക്സ്പ്ലോഷൻ നടന്നു കൊണ്ടിരിക്കുന്ന ഒരു കാലമാണ്. എവിടെ നോക്കിയാലും കണ്ടന്റ് ആണ്. ഇൻസ്റ്റ​ഗ്രാം തുറന്നാലും യൂട്യൂബ് തുറന്നാലും. എഐ ഒക്കെയുള്ള ഈ കാലത്ത് പിടിച്ചു നിൽക്കണമെങ്കിൽ റെലവന്റായിട്ടും അപ്ഡേറ്റടായിട്ടും നിൽക്കുക എന്നല്ലാതെ വേറെ വഴിയില്ല.

പിടിച്ചു നിൽക്കുന്ന ആളുകളെന്ന രീതിയിൽ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു. അവാർഡ് കിട്ടാത്തവരെ മോശക്കാരായും നമ്മാളാരും കാണരുത്. അവാർഡ് കിട്ടാത്തവർ ചിലപ്പോൾ ആ വിഷയങ്ങളിൽ മോശമായതു കൊണ്ടായിരിക്കാം. കണക്ക് പോലുള്ള വിഷയങ്ങളിൽ എല്ലാവർക്കും തിളങ്ങാൻ പറ്റിയെന്ന് വരില്ല. ഓരോരുത്തർക്കും ഓരോരുത്തരുടേതായ കഴിവുകളുണ്ട്.

നന്നായി പഠിക്കണം എന്ന പ്രെഷർ ഒന്നും ഒരിക്കലും മാതാപിതാക്കൾക്കും കുട്ടികൾക്ക് കൊടുക്കാൻ കഴിയില്ല. അവരുടെയൊക്കെ കഴിവുകൾ ചിലപ്പോൾ വേറെയെന്തെങ്കിലും സ്കിൽ ആയിരിക്കാം. ആ കഴിവുകളെ കണ്ടെത്തി നമ്മൾ അവരെ സപ്പോർട്ട് ചെയ്യുക എന്നുള്ളതാണ്. ഫുൾ എ പ്ലസ് കിട്ടാത്തവരാരും മോശക്കാരല്ല. വേറെ ഏതെങ്കിലും രീതിയിൽ കാലം നിങ്ങളെ അം​ഗീകരിക്കും

അതിനുവേണ്ടി നിങ്ങൾ അധ്വാനിക്കുക. ഫുൾ എ പ്ലസ് വാങ്ങിക്കുക എന്ന് പറയുന്നതും ചെറിയ കാര്യമല്ല. സ്ഥിരമായിട്ടുള്ള ആത്മാർഥതയും ഡിസിപ്ലിനും ഉണ്ടെങ്കിൽ മാത്രമേ ഈ വേദിയിലേക്ക് എത്താനാകൂ. ഇതുകൊണ്ട് തീർന്നു എന്നാരും വിചാരിക്കുകയും വേണ്ട. ഇനിയങ്ങോട്ട് കുറച്ചു കൂടി കടുപ്പമായിരിക്കും. ഞാൻ പഠിച്ചു കൊണ്ടിരുന്നപ്പോൾ എല്ലാവരും പറയുമായിരുന്നു, പത്തിൽ ഫുൾ എ പ്ലസ് വാങ്ങിച്ചാൽ രക്ഷപ്പെട്ടു. സെറ്റാകും.

പിന്നെ പറയും പത്താം ക്ലാസ് ഓക്കെ, പ്ലസ് ടുവിന് കൂടി ചെറുതായിട്ടൊന്ന് മാർക്ക് മേടിച്ചാൽ അടിപൊളിയായിരിക്കും. അങ്ങനെയപ്പോൾ നമ്മൾ പ്ലസ് ടു. അതുകഴിയുമ്പോൾ പറയും, എൻട്രൻസിന് കൂടി നല്ലൊരു റാങ്ക് വാങ്ങിച്ചാൽ.. എന്നാൽ പിന്നെ അതുകൂടി നടക്കെട്ടെയെന്ന് നമ്മൾ വിചാരിക്കും. എൻട്രൻസ് കഴിയുമ്പോൾ പറയും എഞ്ചിനീയറിങ്ങിനെത്തി, അല്ലെങ്കിൽ മെഡിസിൻ.

നല്ലൊരു പ്ലേസ്മെന്റ്. ഇവിടെയും കൂടി നല്ലൊരു മാർക്ക് വാങ്ങിച്ച് കയറി കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. അവിടെയെത്തുമ്പോൾ പറയും, എംടെക് അല്ലെങ്കിൽ എംബിഎ. അപ്പോ ശരി എന്നാ അങ്ങോട്ട്. അപ്പോൾ പറയും, കഴിഞ്ഞില്ല ഇനി ഇവിടെ പിടിച്ചു നിൽക്കുക എന്ന് പറയുന്നതാണ്. ജീവിതകാലം മൊത്തമുള്ള ഒരു പോരാട്ടമാണ്. നമ്മൾ ഏറ്റവും സ്ഥിരോത്സാഹത്തോടെയും ഡിസിപ്ലിനോടെയും നിൽക്കുന്നവർക്ക് മാത്രമേ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരാൻ പറ്റുകയുള്ളൂ.

അപ്പോൾ ഇത് വലിയൊരു മാരത്തോൺ ആയിട്ട് എല്ലാവരും കാണുക. മാരത്തോണിന്റെ ഇടയിൽ നമുക്ക് വലിയ സ്റ്റോപ്പുകൾ വരും. കുറച്ച് കുടിവെള്ളം, ഓറഞ്ച് ഒക്കെ തരും. ​ദീർഘദൂര ഓട്ടം ഓടുന്നതിനിടയിൽ. 21 കിമീ അല്ലെങ്കിൽ 42 കി മീ ഓടുന്ന സമയത്ത് ചെറിയ റിഫ്രഷ്മെന്റ് തരും. അങ്ങനത്തെ ഒരു റിഫ്രഷ്മെന്റ് മാത്രമായിട്ട് ഇതിനെ കണ്ടാൽ മതി. ഇത് ഇവിടെ ഒന്നും തീരുന്നില്ല.

ആരെയും പേടിപ്പിക്കാൻ പറയുന്നതല്ല. പക്ഷേ മുൻപോട്ട് പോകുമ്പോൾ അത് അങ്ങനെ തന്നെയാണ്. ചെറിയ കാലത്തേക്കുള്ള ​ഗോളുകൾ ഒന്നും വെക്കരുത്. ലോങ് ടേം ആയിട്ടുള്ള ​ഗോളുകൾ മാത്രം വെക്കുക. ഒരു 50 വയസിലോ 70 വയസിലോ ഞാൻ‌ എവിടെ ഉണ്ടാകണം എന്ന ആലോചിച്ച് തന്നെ മുന്നോട്ട് പോവുക.

ഈ റെയ്സ് എവിടെയും തീരാൻ പോകുന്നില്ല. ഞാനാണെങ്കിലും സിനിമയിലെത്തിയല്ലോ, ഇനി രക്ഷപ്പെട്ടല്ലോ എന്ന് പറയുന്നിടത്തു നിന്നാണ് ശരിക്കുമുള്ള സ്ട്ര​ഗിൾ തുടങ്ങുക. പിന്നെ പിടിച്ചു നിൽക്കാനുള്ള ഒരു ഓട്ടമാണ്. അതെന്നും ഓടിക്കൊണ്ടേയിരിക്കുക എന്നുള്ളതാണ്. അത് തന്നെയാണ് വിജയത്തിന്റെ ഫോർമുല എന്ന് പറയുന്നത്”. – ബേസിൽ പറഞ്ഞു