“വിധികർത്താക്കൾ നൽകുന്ന തുടർച്ചയായ വിമർശനങ്ങൾ ആത്മവിശ്വാസം തകർക്കും”; റിയാലിറ്റി ഷോകളെ കുറിച്ച് സിത്താര

','

' ); } ?>

റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നത് തൻ്റെ കഴിവുകൾ തെളിയിക്കാനും പലതരം സംഗീത ശാഖകൾ പരീക്ഷിക്കാനുമുള്ള മികച്ച അവസരമാണെന്നും എന്നാൽ മത്സരസമ്മർദ്ദം താങ്ങാൻ കഴിയാത്തവർ അത്തരം വേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ. മത്സരാന്തരീക്ഷം നെഗറ്റീവായി ബാധിക്കാൻ സാധ്യതയുള്ളവർക്ക് അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിധികർത്താക്കൾ നൽകുന്ന തുടർച്ചയായ വിമർശനങ്ങൾ ചിലരുടെ ആത്മവിശ്വാസം തന്നെ തകർത്തേക്കാമെന്നും താരം ഓർമ്മിപ്പിച്ചു.

റിയാലിറ്റി ഷോയിലൂടെ വളർന്നുവന്ന തനിക്ക് അതൊരു രസകരമായ അനുഭവമായിരുന്നുവെന്നും, പഠനത്തിനും കഴിവുകൾ തേച്ചുമിനുക്കുന്നതിനും ഇത് സഹായിക്കുമെങ്കിലും മത്സരത്തിനുശേഷം സ്വന്തമായൊരു സംഗീത ഐഡന്റിറ്റി കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സിത്താര വ്യക്തമാക്കി.

മറ്റുള്ളവരുടെ പാട്ടുകൾ പാടി ശ്രദ്ധ നേടുന്നതിനപ്പുറം, ഷോ കഴിഞ്ഞാൽ തങ്ങളുടെ വഴി ഏതാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ മത്സരാർത്ഥികൾ തയ്യാറാകണം. സമാന്തരമായി ഉയരുന്ന ഫാൻ ഗ്രൂപ്പുകളെയും ഫാൻ ഫൈറ്റുകളെയും ഗൗരവമായി എടുക്കാതെ, ഈ പ്രക്രിയയെ ആസ്വദിക്കുകയാണ് വേണ്ടത്. റിയാലിറ്റി ഷോകളിൽ പങ്കെടുക്കാതെ തന്നെ സംഗീതമേഖലയിൽ വലിയ ഉയരങ്ങൾ കീഴടക്കിയ നിരവധി പ്രതിഭകൾ ഉണ്ടെന്നിരിക്കെ, ഓരോരുത്തരും തങ്ങൾക്ക് അനുയോജ്യമായ വഴികൾ സ്വയം തിരഞ്ഞെടുക്കണമെന്നും ഗായിക കൂട്ടിച്ചേർത്തു.

“ശ്രദ്ധയോടെയിരിക്കുക എന്നാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരോട് പറയാനുള്ളത്. അത് വളരെ രസമുള്ള ഒരു കാലമായിരിക്കും. പലതരം ജോണറുകൾ പരീക്ഷിക്കാനും തൊണ്ടവഴക്കം എന്ന് പറയുന്നത് ഏറ്റവും കൂടുതലായി നിൽക്കുന്ന സമയമാണ്. കാരണം നമ്മളെപ്പോഴും പല തരത്തിലുള്ള പാട്ടുകൾ പാടുകയാണ്. അത് കഴിഞ്ഞിട്ട് ശരിക്കും നമ്മൾ സ്വയമൊന്ന് പുനർ നിർവചിക്കേണ്ടതുണ്ട്. കാരണം നമ്മളെല്ലാവരും വേറെ ആൾക്കാരുടെ പാട്ട് അല്ലേ പാടുന്നത്.

റിയാലിറ്റി ഷോയ്ക്കുള്ളിൽ നമ്മൾ വേറെ ആൾക്കാരുടെ പാട്ട് അല്ലേ പാടുന്നത്. അതുകഴിയുമ്പോഴാണ് നമ്മുടെ മ്യൂസിക് എന്താണ്, നമ്മുടെ ഐഡന്റിറ്റി എന്താണ് എന്നുള്ളത് കണ്ടുപിടിക്കേണ്ടത്. അതിനുള്ള ഒരു സമയം നമ്മൾ കൊടുക്കണം. കോംപറ്റീഷനിൽ വരുമ്പോൾ അഭിപ്രായം പറയാൻ ആളുകളുണ്ടാകും. ഫാൻ ​ഗ്രൂപ്പുകളും ഫാൻ ഫൈറ്റുമൊക്കെ അതിലുണ്ട്.

അതൊന്നും അങ്ങോട്ട് ഉള്ളിലേക്ക് എടുക്കാതെ ഈ ഒരു പ്രൊസസിനെ ആസ്വദിക്കുക എന്നുള്ളതാണ്. പല പാട്ടുകൾ കേൾക്കാനുള്ള ഒരു അവസരമാണ്. ​നമുക്ക് വഴികാട്ടി തരാൻ ഒരുപാട് പേരുണ്ട്. അങ്ങനെ തേച്ചു മിനുക്കാൻ പറ്റിയ ഒരു സമയമാണ്. അതുകഴിഞ്ഞിട്ട് പിന്നെ അതങ്ങ് വിട്ടേക്കുക. നമ്മുടെ വഴിയെന്താണെന്ന് കണ്ടുപിടിച്ച് പോവുക.

ടാലന്റുള്ള ഒരുപാട് പേരെ നമ്മൾ റിയാലിറ്റി ഷോയിലൂടെ കാണുന്നുണ്ട്. കോംപറ്റീഷന്റെ സമ്മർദ്ദമൊന്നും ഇഷ്ടമല്ലാത്ത ആളുകൾ അതൊന്നും ചെയ്യുകയും ചെയ്യരുത്. കാരണം ചിലപ്പോൾ അത് നേരെ നെ​ഗറ്റീവ് എഫക്ട് ആയിരിക്കും. ഒരാൾ നശിച്ചു പോകാനും അത് ധാരാളമാണ്. സ്ഥിരമായി ആളുകൾ നെ​ഗറ്റീവ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ സ്പിരിറ്റ് ആകെ നശിച്ചു പോകും.

അതൊന്നുമല്ല നമ്മുടെ വഴിയെങ്കിൽ, നമ്മളിപ്പോൾ കാണുന്ന മുഖ്യധാര പാട്ടുകാരൊന്നും റിയാലിറ്റി ഷോയിലൂടെ വന്നവരല്ല. എന്നാൽ അങ്ങനെയുള്ളവരുമുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയാണ്”.- സിത്താര പറഞ്ഞു.