
മലയാളിയുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യൻ സിനിമയിലെ അപൂർവ പ്രതിഭാസവുമായ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിന്റെ പൊൻതൂവൽ ചാർത്തപ്പെടുമ്പോൾ, അത് ഒരു വ്യക്തിക്ക് ലഭിക്കുന്ന അംഗീകാരം മാത്രമായി മാറാതിരിക്കുകയാണ്. അത് കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ അരങ്ങേറിയ വിലകുറഞ്ഞ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ചരിത്രം നൽകിയ ഏറ്റവും ശക്തമായ, എന്നാൽ ശാന്തമായ മറുപടിയാണ്. “നൂറു കോടി ക്ലബ്ബിൽ കയറിയില്ല”, “കളക്ഷൻ പോരാ” എന്നൊക്കെ പറഞ്ഞ് സിനിമയെ വെറും കച്ചവടക്കണക്കുകളിൽ അളക്കാൻ നോക്കിയവർക്ക് മുന്നിലേക്ക് ‘ഭ്രമയുഗം’ എന്ന അസാധാരണ ചലച്ചിത്ര അനുഭവം കൊണ്ട് മഹാനടനായ മമ്മൂട്ടി വരച്ചിട്ടത് അഭിനയകലയുടെ കൊടുമുടിയാണ്. ബോക്സ് ഓഫീസ് കോടികളേക്കാൾ തലയെടുപ്പുള്ളതാണ് മഹത്തായ കല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ നാലാം ദേശീയ പുരസ്കാരം മമ്മൂട്ടി എന്ന വിസ്മയത്തിന് കാലം കരുതിവെച്ച പ്രണാമമാണ്. മലയാളത്തിന്റെ മഹാ നടന വൈഭവത്തിന് സെല്ലുലോയ്ഡിന്റെ ആദരവ്.
സിനിമയെ കേവലം കളക്ഷൻ കണക്കുകളിലേക്ക് മാത്രം ചുരുക്കിക്കാണുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഏതാനും കോടികളുടെ ബോക്സ് ഓഫീസ് കണക്കുകൾ കാട്ടി സിനിമാപ്രേമികളെന്ന് അവകാശപ്പെടുന്ന ചിലർ സോഷ്യൽ മീഡിയയിൽ വിഷം തുപ്പിയപ്പോൾ, മമ്മൂട്ടി എന്ന നടൻ തിരഞ്ഞെടുത്തത് പണപെരുപ്പത്തിന്റെ സുരക്ഷിത പാതകളല്ല, മറിച്ച് അഭിനയത്തിന്റെ പ്രയാസമേറിയ വഴികളാണ്. ‘ഭ്രമയുഗത്തിലെ’ കൊടുമൺ പോറ്റിയായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ ജീവിച്ചു കാണിച്ചപ്പോൾ, അത് കണ്ടുനിന്നവർ അക്ഷരാർത്ഥത്തിൽ നിശ്ചലരായിപ്പോയി. ബ്ലാക്ക് ആൻഡ് വൈറ്റ് കാൻവാസിൽ, അധികാരം കൊണ്ടും മന്ത്രവാദം കൊണ്ടും ഒരു വീടിനെയും അതിലെ അന്തേവാസികളെയും വിറപ്പിക്കുന്ന പോറ്റിയുടെ ചിരിയും ചലനങ്ങളും മലയാള സിനിമ ഇതുവരെ കാണാത്ത തലത്തിലേക്ക് ഉയർന്നു. കോടി കണക്കുകളുടെ അഹങ്കാരങ്ങളെ മുഴുവൻ ഒരൊറ്റ ഭാവമാറ്റം കൊണ്ട് തകിടം മറിക്കാൻ ആ പ്രതിഭയ്ക്ക് കഴിഞ്ഞു.
മമ്മൂട്ടിയുടെ ഈ യാത്ര ഇന്നലെ തുടങ്ങിയതല്ല. ദേശീയ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ഇതിനുമുമ്പ് മൂന്ന് തവണയാണ് അദ്ദേഹം ഭാരതത്തിന്റെ അഭിനയചക്രവർത്തിയായി മുടിചൂടപ്പെട്ടത്. ഓരോ തവണയും അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ വൈവിധ്യത്തിന്റെയും തീവ്രതയുടെയും ആൾരൂപങ്ങളായിരുന്നു. 1989-ൽ ആദ്യമായി ദേശീയ പുരസ്കാരം തേടിയെത്തുമ്പോൾ അതിന് നിമിത്തമായത് ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവും ‘മതിലുകളി’ലെ വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു. ചരിത്രത്തിൽ വഞ്ചകനെന്ന് മുദ്രകുത്തപ്പെട്ട ചന്തുവിനെ മാനുഷിക വികാരങ്ങളുടെ പ്രതീകമാക്കി മാറ്റി l അവിസ്മരണീയമാക്കിയ മമ്മൂട്ടി, അതേവർഷം തന്നെ ബഷീറിന്റെ തടവറയിലെ പ്രണയവും ഏകാന്തതയും ശ്വാസനിശ്വാസങ്ങളിൽ പോലും ആവാഹിച്ചു. ഒരേവർഷം ചരിത്ര പുരുഷനായും അക്ഷര നായകനായും പരകായപ്രവേശം നടത്താൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക!
തുടർന്ന് 1993-ൽ ലഭിച്ച രണ്ടാമത്തെ ദേശീയ പുരസ്കാരം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളെ ഒരുപോലെ ആവിഷ്കരിച്ചതിനായിരുന്നു. ‘വിധേയനി’ലെ ഭാസ്കര പട്ടേലരും ‘പൊന്തൻ മാട’യിലെ മാടയും. ഒരുവശത്ത് ക്രൂരതയുടെയും അഹങ്കാരത്തിന്റെയും പ്രതീകമായ പട്ടേലർ എന്ന പ്രഭു. ഭയവും അധികാരവും ഒരുപോലെ കണ്ണുകളിൽ പടർത്തി ഒരൊറ്റ നോട്ടം കൊണ്ട് പ്രേക്ഷകനെ വിറപ്പിച്ച പട്ടേലർ. മറുവശത്ത്, ആധിപത്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ, നിസ്സഹായനും പാവത്താനുമായ മാട എന്ന കീഴ്ജാതിക്കാരൻ. പട്ടേലരിലെ രാക്ഷസീയതയിൽ നിന്ന് മാടയുടെ ദൈന്യതയിലേക്ക് മമ്മൂട്ടി നടത്തിയ ദൂരം ഒരു നടന് മാത്രം സാധ്യമാകുന്ന അമാനുഷിക വിദ്യയായിരുന്നു.
1998-ൽ മൂന്നാമത് ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് ‘ഡോക്ടർ ബാബാസാഹബ് അംബേദ്കർ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം മമ്മൂട്ടിയിൽ സുരക്ഷിതമായിരുന്നു. അംബേദ്കറുടെ ഗാംഭീര്യവും ആദർശധീരതയും ശരീരഭാഷയിലും ശബ്ദത്തിലും കൃത്യമായി പ്രതിഫലിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ മികച്ച നടന്മാരുടെ നിരയിൽ സ്വന്തം പേര് തങ്കലിപികളിൽ എഴുതിച്ചേർത്തു. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം ഒരു നടന് നേടാൻ കഴിയുന്ന ഏറ്റവും വലിയ ആദരവായിരുന്നു ആ കഥാപാത്രം.
ഇപ്പോൾ, പതിറ്റാണ്ടുകൾക്ക് ശേഷം, നാലാമതും ആ മഹത്തായ പുരസ്കാരം അദ്ദേഹത്തിന്റെ കൈകളിൽ എത്തുമ്പോൾ അത് കേവലം ഒരു അവാർഡിന്റെ കണക്കല്ല. ഈ എഴുപതുകളിലും സിനിമയോടുള്ള അടങ്ങാത്ത ആവേശവും, കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള ധൈര്യവും, സ്വയം പുതുക്കാനുള്ള നിശ്ചയദാർഢ്യവുമാണ് ഇവിടെ അംഗീകരിക്കപ്പെടുന്നത്. ബോക്സ് ഓഫീസിൽ എത്ര കോടി നേടി എന്നതിനേക്കാൾ, ഒരു നടൻ സിനിമ എന്ന കലാരൂപത്തിന് എന്ത സംഭാവന നൽകി എന്നതാണ് പ്രധാനം എന്ന് കാലം മമ്മൂട്ടിയിലൂടെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
സോഷ്യൽ മീഡിയയിലെ താൽക്കാലിക പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മമ്മൂട്ടി നൽകിയ മറുപടി വാഗ്വാദങ്ങളിലൂടെയായിരുന്നില്ല, മറിച്ച് ക്യാമറയ്ക്ക് മുന്നിലെ അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടായിരുന്നു. കൊടുമൺ പോറ്റിയുടെ ആ ചിരി, എല്ലാ പരിഹാസങ്ങൾക്കും മീതെയുള്ള കലയുടെ അന്തിമ വിജയമായിരുന്നു. തീയേറ്ററുകളിലെ കയ്യടികൾക്കും അപ്പുറം, വരും തലമുറകൾ പഠനവിഷയമാക്കുന്ന ഒരു നടനവൈഭവമായി മമ്മൂട്ടി വളർന്നു കഴിഞ്ഞു. മലയാള സിനിമ ഉള്ളിടത്തോളം കാലം, അഭിനയത്തിന്റെ പൂർണ്ണതയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ മമ്മൂട്ടി എന്ന പേര് തലയെടുപ്പോടെ നിൽക്കും. ഈ നാലാം ദേശീയ പുരസ്കാരം ആ മഹാനടന്റെ കിരീടത്തിലെ മറ്റൊരു പ്രകാശപൂരിതമായ രത്നമാണ്. പ്രണാമം, മലയാളത്തിന്റെ അഹങ്കാരമേ!