“ദിലീപ് പുണ്യവാളനാണെന്ന് പറയുന്നില്ല, അമ്മയിൽ സ്ത്രീകളെ ചാവേറുകളാക്കി കൊണ്ടിരിക്കുകയാണ്”; സജി നന്ത്യാട്ട്

','

' ); } ?>

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും നടൻ ദിലീപിനെതിരെ ബോധപൂർവമായ ഹെയ്റ്റ് ക്യാംപെയ്ൻ നടക്കുകയാണെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും ദിലീപിനെ ഇല്ലാതാക്കാൻ വേണ്ടി ചിലർ ആസൂത്രണം ചെയ്ത് നൽകിയ ക്വട്ടേഷന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

കേസിലെ കോടതി വിധിപ്പകർപ്പ് താൻ ഉൾപ്പെടെയുള്ളവർ വായിച്ചതാണെന്നും കള്ളസാക്ഷികളെ നിരത്തി ദിലീപിനെ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു. ദിലീപ് പുണ്യവാളനാണെന്ന് താൻ പറയുന്നില്ല, എന്നാൽ ഈ കേസിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. ഒരു മാധ്യമപ്രവർത്തകനും ചാനലിനും ദിലീപിനോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിൽ. എട്ടര വർഷത്തോളം അവർ പറഞ്ഞ കള്ളങ്ങൾ പൊളിഞ്ഞതിന്റെ കോംപ്ലക്സാണ് ഇപ്പോൾ കാണിക്കുന്നത്. തൃശൂരിലെ ഒരു മൈതാനത്ത് ഒളിക്യാമറ വെച്ച് പൾസർ സുനിയുടെ അഭിമുഖം എന്ന പേരിൽ നാടകം കളിച്ച് കേരളത്തിലെ ജനങ്ങളെ അവർ പറ്റിക്കുകയായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ലോബിക്ക് വലിയ തുക ചിലവായിട്ടുണ്ടെന്നും സജി നന്ത്യാട്ട് ചൂണ്ടിക്കാട്ടി. 57 വയസ്സുള്ള ദിലീപിന്റെ കരിയർ നശിപ്പിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

താരസംഘടനയായ ‘അമ്മ’യിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും സജി നന്ത്യാട്ട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ‘അമ്മ’ സംഘടനയുടെ നഗ്നത പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെട്ടുകഴിഞ്ഞുവെന്നും ഇനി ആര് വിചാരിച്ചാലും സംഘടനയെ രക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹിത്വത്തിന് വേണ്ടിയുള്ള തർക്കങ്ങളും സംഘടനയുടെ ഫണ്ടിൽ നടന്നതായി പറയപ്പെടുന്ന തിരിമറികൾ പുറത്താകാതിരിക്കാനുമുള്ള പുകമറകളുമാണ് ഇപ്പോൾ നടക്കുന്നത്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസ്സിലായതിനാലാകാം മമ്മൂട്ടിയും മോഹൻലാലും ഇതിൽ ഇടപെടാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിലർ സ്ത്രീകളെ ചാവേറുകളാക്കി മാറ്റിക്കൊണ്ട് സംഘടനയെ തകർക്കാൻ പിന്നിൽ നിന്ന് കളിക്കുകയാണ്. രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ മൂന്ന് ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമാണ് ഇപ്പോൾ സംഘടനയിലുള്ളത്. പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്ക് സംഘടന അധഃപതിച്ചു കഴിഞ്ഞു. മുന്നോട്ട് പോയാൽ കൂട്ടയടി മാത്രമായിരിക്കും ഫലം എന്നതിനാൽ ‘അമ്മ’ സംഘടന പിരിച്ചുവിടുന്നതാണ് നല്ലതെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു. സംഘടനയിലെ 95 ശതമാനം ആളുകൾക്കും നിലവിൽ സിനിമകളോ ജോലിയോ ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.