
തന്റെ സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് പിന്നിൽ നടൻ മമ്മൂട്ടിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി ഉഷ ഹസീന. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ മുൻപ് ഇക്കാര്യം സംസാരിച്ചതെന്നും എന്നാൽ ഈ വിഷയത്തിൽ മമ്മൂട്ടിയോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും ഉഷ വ്യക്തമാക്കി. മമ്മൂട്ടിയുടെ ചിത്രങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുന്നു എന്ന തരത്തിൽ പലരും പറഞ്ഞു കേട്ട കാര്യങ്ങളാണ് താൻ മുൻപ് പങ്കുവെച്ചതെന്നും, പിന്നീട് ഇത് വലിയ വിവാദമായി മാറുകയായിരുന്നെന്നും മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.
“ഇടയ്ക്ക് ഞാന്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത ഒരു വീഡിയോ വൈറല്‍ ആയിരുന്നു. ഇത് ആരാണെന്ന് അറിയാമോ എന്ന തലക്കെട്ടോടെ ഒരാള്‍ അത് ഇന്‍സ്റ്റയില്‍ ഇട്ട് വൈറല്‍ ആയി. അതിന് വന്ന കമന്റുകളില്‍ പലരും പറഞ്ഞത് മമ്മൂട്ടിയാണ് എന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നായിരുന്നു. പിന്നീട് ഒരു ചാനല്‍ അഭിമുഖത്തില്‍ ആ കമന്റുകളെക്കുറിച്ച് എന്നോട് ചോദിച്ചു. ഞാന്‍ ഇങ്ങനെ കേട്ടിട്ടുണ്ട്. ചില ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. വിശ്വസനീയമായ സ്ഥലത്തുനിന്നാണ് എന്നോട് പറഞ്ഞത്. അത് ഇന്നസെന്റ് ചേട്ടനോട് പറയുകയുമൊക്കെ ചെയ്തതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു. അത് വലിയൊരു വിവാദമായി. പുള്ളിയുടെ പടങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കുന്നു എന്നതായിരുന്നു വിഷയം. അത് പലരും പറഞ്ഞ് അറിഞ്ഞതുകൊണ്ട് ഞാന്‍ പറഞ്ഞതാണ്.” ഉഷ ഹസീന പറഞ്ഞു.
“മമ്മൂക്കയോട് ഇതേ പറ്റി ചോദിച്ചിട്ടില്ല. മീറ്റിംഗിന് വരുമ്പോഴല്ലേ കാണുന്നുള്ളൂ. കുറേക്കാലം പുള്ളിയുടെ കൂടെയൊന്നും അഭിനയിക്കുന്നില്ലായിരുന്നല്ലോ. കുറേ നാള് എന്നോട് സംസാരിച്ചിട്ടില്ല. പിന്നീട് സംസാരിച്ചിട്ടുമുണ്ട്. സുഖമില്ലാതെ ഇരുന്നപ്പോള്‍ ഞാന്‍ മെസേജ് ചെയ്തിരുന്നു. എനിക്ക് റിപ്ലൈ അയച്ചിരുന്നു. ഞാനും ഹസ്ബന്റും കൂടി പാടുന്ന പാട്ടൊക്കെ അയച്ചുകൊടുക്കും. അത് ഇഷ്ടപ്പെട്ടിട്ട് തിരിച്ച് മെസേജ് ഒക്കെ അയക്കാറുണ്ട്.” ഉഷ ഹസീന കൂട്ടിച്ചേർത്തു.