
വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽനിന്ന് വിട്ടുനിൽക്കുമെന്ന മുൻ തീരുമാനം തിരുത്തി തമിഴ് നടൻ രവി മോഹൻ രംഗത്ത്. സിനിമ ലോകത്തേക്ക് താൻ വൈകാതെ തിരിച്ചു വരുമെന്ന് താരം വ്യക്തമാക്കി. ചെന്നൈയിൽ നടന്ന ‘ജെഎഫ്ഡബ്ല്യു’ അവാർഡ് വേദിയിൽ, അഭിനയ ജീവിതത്തിൽ 23 വർഷം പിന്നിടുന്നതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തോട് വൈകാരികമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മുൻ പ്രഖ്യാപനത്തിൽ ദുഃഖിതരായ ആരാധകരോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നതായി പറഞ്ഞ നടൻ, സിനിമാ രംഗത്തുള്ള നിരവധി പേർ തന്നോട് ഈ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അവകാശപ്പെട്ടു. സ്വന്തം ജീവിതത്തിലുണ്ടായ മോശം പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണയായി കൂടെ നിന്ന എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. നിലവിൽ സമൂഹത്തിൽ മാനസികാരോഗ്യത്തെ കുറിച്ച് ഒരുപാട് പേർ സംസാരിച്ചു തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്നും രവി കൂട്ടിച്ചേർത്തു.
“ഈ വർഷം എനിക്ക് 46 വയസ്സാവുകയാണ്. ഞാൻ സിനിമയിലെത്തിയിട്ട് 23 വർഷങ്ങൾ പിന്നിടുന്നു. ആയുസ്സിൻ്റെ പകുതി സിനിമയിലാണ് ഞാൻ ചെലവഴിച്ചത്. എങ്കിലും നിങ്ങളോട് എല്ലാവരോടും ഞാൻ ഒരു തെറ്റ് ചെയ്തു. എല്ലാവരും സിനിമയും ജിവിതവും ഫിഫ്റ്റി ഫിഫ്റ്റിയാട്ടാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നാൽ ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു ശതമാനം കൂടുതൽ വ്യക്‌തിപരമായ ജീവിതത്തിന് പ്രാധാന്യം കൊടുത്തു. ഇതു പറയുമ്പോൾ ഞാൻ വൈകാരികമാകും. ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുകയാണ്. നിങ്ങൾ തന്ന സ്നേഹവും എൻ്റെ അമ്മയ്ക്ക് നൽകിയ വാക്കും കാരണം ഞാൻ ഇനി നിങ്ങളോടൊപ്പം ഉണ്ടാകും, സിനിമയിലേക്ക് ഞാൻ മടങ്ങിവരികയാണ്. എന്തുചെയ്‌താലും ഞങ്ങളുണ്ട് കൂടെയെന്ന നിങ്ങളുടെ വാക്കാണ് എന്നെ ഇതിന് സഹായിച്ചത്. നിങ്ങളുടെ സന്തോഷും കുമരനും ധ്രുവയായും തനി ഒരുവനായും പൊന്നിയിൻ സെൽവനായും തീർച്ചയായും ഞാൻ തിരിച്ചു വരും.
എന്റെ ജീവിതത്തിൽ ഒരുപാട് മോശം കാര്യങ്ങൾ സംഭവിച്ചു. ഞാൻ അതിനെയെല്ലാം അതിജീവിച്ചു വരികയാണ്. ഇതു പറയുമ്പോൾ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. കാരണം, മാനസിക ആരോഗ്യത്തെ കുറിച്ച് ഞാൻ തുറന്നു പറയാൻ തുടങ്ങിയതിന് പിന്നാലെ നിരവധി ആളുകൾ അതിനെ പറ്റി സംസാരിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് നിരവധി ആളുകൾ എന്നെ വിളിച്ച് സാർ ഞാനും ഇത് പറയണമെന്ന് ആഗ്രഹിച്ചതാണ്, സർ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി എന്നൊക്കെ പറഞ്ഞു. ഇന്ന് ഒത്തിരി ആളുകൾ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്.” രവി മോഹൻ പറഞ്ഞു.
“ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ചിരിച്ച് സന്തോഷത്തോടെ വന്ന് നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരയത് എൻ്റെ ആരാധകരാണ്. അവർക്ക് ദോഷം വരുന്നതൊന്നും ഞാൻ ഇന്നുവരെ ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ല. 23 വർഷവും അവർ എനിക്ക് ഒപ്പമുണ്ടായിരുന്നു. സിനിമാജീവിതത്തെ ‘നല്ല അവസരം’, ‘ഭാഗ്യം’ എന്നൊക്കെയാണ് നമ്മൾ പറയാറുള്ളത്. എന്നാൽ എന്നെ സംബന്ധിച്ച് ആരാധകരാണ് പ്രചോദനം. 23 വർഷം അവരെന്നെ സ്നേഹിച്ചു. എൻ്റെ എല്ലാ കാര്യത്തിലും ഒപ്പം നിന്നു. ചിലരൊക്കെ കൈയിൽ പേര് പച്ചകുത്തിയും എന്റെ ഫോട്ടോ പച്ചകുത്തിയുമൊക്കെ ചിത്രങ്ങൾ അയച്ചു തരാറുണ്ട്. എനിക്ക് അവരോട് ഒറ്റകാര്യം മാത്രമെ പറയാനുള്ളൂ. ശരീരത്തിൽ ഒന്നും ചെയ്യരുത്, അതിനെ നന്നായി സൂക്ഷിക്കണം. നിങ്ങൾ അമ്മയുടെയും ഭാര്യുടെയും മക്കളുടെയുമൊക്കെ പേരുകൾ ടാറ്റു ചെയ്യൂ. ദയവായി എൻ്റെ പേരും ഫോട്ടോയും ചെയ്യരുത്. ബൈക്കിലൊക്കെ നിരവധിയാളുകൾ ഫോളോ ചെയ്യാറുണ്ട്. അവരെ ഞാൻ നിരുത്സാഹപ്പെടുത്താറുണ്ട്. ഹൈവേയിലാണെങ്കിൽ പോലും കാർ നിർത്തി ഫോട്ടോയെടുത്ത് ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിയിട്ടേ ഞാൻ പോകാറുള്ളു. ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങൾ ഇത്തരം പ്രവണതകൾ ഒഴിവാക്കണം. കാരണം എനിക്ക് നിങ്ങൾ അത്ര വിലയേറിയതാണ്.
അച്‌ഛൻ എനിക്ക് എന്റെ ഗുരുനാഥൻ കൂടിയാണ്. എൻ്റെ ജീവിതത്തിൽ ഞാനെന്നും ഓർക്കുന്ന ഒരാളും അച്‌ഛനാണ്. ഉയർച്ച താഴ്‌ചകളിലും അദേഹം എന്നോടൊപ്പമുണ്ട്. ഏതെങ്കിലും ഒരു ചിത്രം മോശമായൽ എനിക്കായി അദേഹം ഹിറ്റുകൾ ഒരുക്കും. അതിലൊന്നും ലാഭനഷ്ടകണക്കുകൾ നോക്കാറില്ല. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിലെത്തി സിനിമ ചെയ്യാനാണ് അദേഹം ആഗ്രഹിച്ചത്. ഞാനിവിടെയാണ് ജനിച്ചത്, എനിക്ക് വേണ്ടിയാണ് ബിസിനസ് എല്ലാം ഉപേക്ഷിച്ച് പ്രൊഡ്യൂസറായത്. ഞാനിപ്പോഴും പറയുന്നു എൻ്റെ അച്‌ഛൻ എനിക്ക് ചെയ്തതു പോലെ ഉപകാരങ്ങൾ ആരും ചെയ്തിട്ടില്ല. ഇനിയുള്ള എൻ്റെ സമയം അച്‌ഛനു കൂടി നൽകാനാണ് ആഗ്രഹിക്കുന്നത്. ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലോ, അപ്പാ എല്ലാ തെറ്റുകൾക്കും ഞാൻ ക്ഷമ ചോദിക്കുന്നു, ലവ് യു!” രവി മോഹൻ കൂട്ടിച്ചേർത്തു.