
എൽ.സി.യു അവസാനിച്ചിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. അല്ലു അർജുനോടൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം എൽ.സി.യു. സിനിമകളിലേക്ക് തിരികെവരുമെന്നും, എൽ.സി.യുവിൽനിന്ന് പെട്ടെന്ന് ഒരുദിവസം തനിക്ക് പിന്മാറാൻ കഴിയില്ലെന്നും ലോകേഷ് പറഞ്ഞു. താൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഡിസി’ എന്ന ചിത്രത്തിൻ്റെ പ്രൊമോഷനിടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘എൽ.സി.യു. അവസാനിച്ചു എന്ന രീതിയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. സ്വന്തം നിർമാണക്കമ്പനിയായ ജി സ്ക്വാഡ് പൂട്ടിപ്പോയാലും എൽ.സി.യു. ഞാൻ അവസാനിപ്പിക്കില്ല. ആ പേരുപോലും ഞാൻ നൽകിയതല്ല. സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരിട്ടതാണ്. ഞാൻ അത് സ്വീകരിക്കുകയായിരുന്നു.’ ലോകേഷ് പറഞ്ഞു.
‘പെട്ടെന്ന് ഒരുദിവസം വന്ന് ഇനി എൽ.സി.യു. സിനിമകൾ ചെയ്യില്ലെന്ന് പറയാൻ കഴിയില്ല. കൈതി 2, വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രം റോളക്സ് നായകനായെത്തുന്ന ചിത്രം എന്നിവ എൻ്റെ പരിഗണനയിലുള്ള ചിത്രങ്ങളാണ്. എൽ.സി.യു. തീർന്നിട്ടില്ല, ഉറപ്പായും തുടരും. അല്ലു അർജുൻ സാറിന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം ഞാൻ എൽ.സി.യു. പ്രൊജക്ടുകളിലേക്ക് തിരികെവരും. എൻ്റെ ബാനറിൽ നിർമിക്കുന്ന ബെൻസ് എൽ.സി.യു.വിന്റെ ഭാഗമാണ്.’ ലോകേഷ് കൂട്ടിച്ചേർത്തു.
2019-ൽ കാർത്തി നായകനായ ‘കൈതി’ എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ടത്. പിന്നീട് കമൽ ഹാസന്റെ ‘വിക്രം’ (2022), വിജയ് നായകനായ ‘ലിയോ’ (2023) എന്നീ ചിത്രങ്ങളിലൂടെ ഫ്രാഞ്ചൈസി കൂടുതൽ വിപുലീകരിക്കപ്പെട്ടു. തമിഴ് സിനിമയിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നാണ് എൽ.സി.യു.
നിലവിൽ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലോകേഷ്. ജൂലൈ 31-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇതിന് ശേഷമായിരിക്കും അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രത്തിന്റെ സംവിധാനത്തിലേക്ക് ലോകേഷ് കടക്കുക.