ജൂനിയർ എൻടിആർ-ത്രിവിക്രം ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ; മുരുകന്റെ പരാമർശത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം, ഒടുവിൽ തിരുത്തുമായി അണിയറപ്രവർത്തകർ

','

' ); } ?>

ജൂനിയർ എൻടിആറിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിലെ അടിക്കുറിപ്പ് വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന് അടികുറിപ്പിൽ മാറ്റം വരുത്തി അണിയറപ്രവർത്തകർ. ജൂൺ 29-ന് നിർമാതാവ് നാഗ വംശി ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ ബിഗ് ബജറ്റ് മിത്തോളജിക്കൽ ചിത്രം തമിഴ് ദൈവമായ മുരുകന്റെ കഥയാണ് പറയുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിൽ മുരുകന്റെ ആയുധമായ ‘വേൽ’ ഉൾപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പങ്കുവെച്ച വരികളാണ് തമിഴ്നാട്ടിൽ കടുത്ത അമർഷത്തിന് കാരണമായത്.

“വടക്ക് ജനിച്ചു, ഹൃദയഭൂമിയിൽ രൂപപ്പെട്ടു, തെക്ക് ആരാധിക്കപ്പെടുന്നു. ഇപ്പോൾ പ്രപഞ്ചത്തിന്റേതായി മാറാൻ പോകുന്ന ഒരു കഥ,” എന്നായിരുന്നു പോസ്റ്ററിലെ ആദ്യത്തെ അടിക്കുറിപ്പ്. എന്നാൽ ഇതിലെ ‘വടക്ക് ജനിച്ചു’ എന്ന പരാമർശം തമിഴ് ചരിത്രത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

സ്വന്തമായി ആരാധനാ പാരമ്പര്യങ്ങളോ സംസ്കാരമോ ഇല്ലാത്ത ചിലർ പണ്ടുമുതലേ ശിവൻ, മുരുകൻ, കണ്ണൻ, തിരുമാൽ, കൊറ്റവൈ തുടങ്ങിയ തമിഴ് ദൈവങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന് സീമാൻ ആരോപിച്ചു. കലയുടെ മറവിൽ ഉത്തരേന്ത്യയിലാണ് മുരുകൻ ജനിച്ചതെന്ന അവകാശവാദം ഉയർത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഈ അടിക്കുറിപ്പ് തിരുത്താൻ തയ്യാറാകാത്ത പക്ഷം ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും തിയേറ്റർ ഉടമകളോടും വിതരണക്കാരോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ അണിയറപ്രവർത്തകർ വിവാദ ക്യാപ്ഷൻ പിൻവലിച്ച് പുതിയത് നൽകി. “ശിവ പുത്രൻ. പാർവതിയുടെ അഭിമാനം. നിത്യനായ സേനാധിപൻ. വീണ്ടും ത്രിവിക്രമിനൊപ്പം,” എന്നാണ് പുതുക്കിയ അടിക്കുറിപ്പ്. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ജൂനിയർ എൻടിആറോ, സംവിധായകൻ ത്രിവിക്രമോ, നിർമാതാവ് നാഗ വംശിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിത്രത്തിന് ‘ഗോഡ് ഓഫ് വാർ’ (തമിഴിൽ ‘പോർ കടവുൾ’) എന്ന് പേരിടുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ത്രിവിക്രം, ജൂനിയർ എൻടിആർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘അരവിന്ദ സീമന്ത വീര രാഘവ’ ആണ് ഈ കോംബോയിൽ ഇറങ്ങിയ ആദ്യ ചിത്രം. അനിരുദ്ധ് രവിചന്ദർ ആകും സിനിമയുടെ സംഗീത സംവിധാനം.