
കൗമാരകാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി കയാദു ലോഹർ. സ്കൂളില്‍ പോകുന്ന വഴിയില്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന ആണ്‍കുട്ടികളെ കൈകാര്യം ചെയ്ത സംഭവമാണ് കയാദു തുറന്ന് പറഞ്ഞിരിക്കുന്നത്. ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”ഇത് പറയണമോ എന്നറിയില്ല, പക്ഷെ ഇത് പറഞ്ഞാല്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം ആകുമെന്ന് കരുതുന്നു. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ നിശബ്ദതരാകരുത്. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ്. സ്കൂളിലേക്കുള്ള വഴിയില്‍ ചില ആണ്‍കുട്ടികള്‍ സ്ഥിരമായി എന്നെ ശല്യം ചെയ്തിരുന്നു. ആദ്യത്തെ ദിവസം ഞാന്‍ വിട്ടു കളയാമെന്ന് കരുതി.രണ്ടാമത്തെ ദിവസവും ക്ഷമിച്ചു. മൂന്നാമത്തെ ദിവസം എനിക്ക് വല്ലാതെ ദേഷ്യം വന്നു. വിട്ടുകളയാന്‍ തോന്നിയില്ല.” കയാദു പറഞ്ഞു.
”ഞാനൊരു കല്ലെടുത്ത് അവന്റെ തലയ്ക്ക് എറിഞ്ഞു. ഏറ് കൊണ്ട് അവന്റെ തലയില്‍ നിന്നും ചോര വന്നു. ഞാന്‍ അവിടെ നിന്നും പോയി. എന്താണ് പിന്നെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. വളരെ വയലന്റായിരുന്നു. അങ്ങനെ തല പൊട്ടിക്കാന്‍ പാടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതാണ് ഞാന്‍ ചെയ്തത്. എന്നെ കണ്ടാല്‍ അധികം സംസാരിക്കില്ല, അതുകൊണ്ട് പാവം ആയിരിക്കുമെന്ന് തോന്നിയേക്കാം. പക്ഷെ തെറ്റായൊരു കാര്യം സംഭവിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. തിരിച്ചു കൊടുക്കണം.” കയാദു കൂട്ടിച്ചേർത്തു.
ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് കയാദു ലോഹര്‍. വമ്പന്‍ സിനിമകളാണ് കയാദുവിന്റേതായി അണിയറയിലുള്ളത്. സൂര്യയ്ക്കൊപ്പം, ഹോംബാലെ ഫിലിംസ് ചിത്രത്തിലും കയാദു അഭിനയിക്കുന്നുണ്ട്. കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച കയാദു ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ്.
ടൊവിനോയ്ക്കൊപ്പം അഭിനയിച്ച പള്ളിച്ചട്ടമ്പിയാണ് കയാദുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്ന ഐ ആം ഗെയിം, പൃഥ്വിരാജ് ചിത്രം ഖലീഫ, ദ പാരഡൈസ്, ഇദയം മുരളി, ഇമ്മോര്‍ട്ടല്‍, താരം, മഞ്ചനത്തി തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.