“21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഭാഗ്യം, ദൈവം എനിക്കിത് തന്നല്ലോ”; സൈജു കുറുപ്പ്

','

' ); } ?>

സിനിമയിൽ 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തനിക്ക് ലഭിച്ച വലിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് നടൻ സൈജു കുറുപ്പ്. ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളുടെ സക്സസ് മീറ്റിലാണ് താരം തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞത്. ഈ കാലമത്രയും ദൈവത്തിൽ വിശ്വസിച്ചിരുന്നുവെന്നും സിനിമാ ഇൻഡസ്ട്രിയുടെ വലിയ പിന്തുണ കൊണ്ടാണ് തനിക്ക് അവസരങ്ങൾ ലഭിച്ചതെന്നും താരം പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ നിരന്തരം അഭിനയിച്ചു തെളിഞ്ഞാണ് ഇന്ന് പ്രേക്ഷകർ കാണുന്ന സൈജു കുറുപ്പിലേക്ക് താൻ എത്തിയതെന്നും സക്സസ് മീറ്റിൽ താരം കൂട്ടിച്ചേർത്തു.

“ഭരതനാട്യത്തിന്‍റെ രണ്ടാമത്തെ ഫ്രാഞ്ചൈസി മോഹിനിയാട്ടം ഒരു വലിയ ബ്ലോക് ബസ്റ്ററാക്കി തന്ന കേരളത്തിലെ പ്രേക്ഷകരോട് നന്ദി. ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് ജീവിതത്തില്‍ ഞാന്‍ വിചാരിച്ച കാര്യമല്ല. ഞാന്‍ സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്ത പല സിനിമകളും ഹിറ്റായ ശേഷം ഇങ്ങനെയുള്ള ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. എന്‍റെ ഓരോ പടം വരുമ്പോഴും ആ സിനിമ വലിയ വിജയമാകുമെന്ന് വെറുതെ എങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ അതൊന്നും സംഭവിക്കാതെ പോയി. പക്ഷേ മോഹിനിയാട്ടത്തില്‍ അത് സംഭവിച്ചു. ഇതൊരു സ്വപ്നം പോലെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്.” സൈജു കുറുപ്പ് പറഞ്ഞു.

“ദൈവം എനിക്കിത് തന്നല്ലോ. 21 വര്‍ഷത്തെ കാത്തിരിപ്പാണ്. എന്താകും എന്‍റെ കരിയര്‍ എന്ന് എനിക്കും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും അച്ഛനും അറിയില്ലായിരുന്നു. പക്ഷേ ദൈവത്തില്‍ ഞാന്‍ ഭയങ്കരമായിട്ട് വിശ്വസിച്ചിരുന്നു. സിനിമകള്‍ കിട്ടുമെന്ന് മാത്രമല്ല എന്‍റെ അഭിനയവും ദൈവം നന്നാക്കി തരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇന്‍റസ്ട്രിയുടെ പിന്തുണ കൊണ്ട് എനിക്ക് സിനിമകള്‍ കിട്ടിത്തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് അഭിനയിച്ച് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സൈജു കുറുപ്പാകാന്‍ പറ്റി. എന്‍റെ കുടുംബം ഹാപ്പിയാണ്. എനിക്ക് ശെരിക്ക് സന്തോഷിക്കാന്‍ പറ്റുന്നില്ല. ഉള്ളില്‍ ഞാന്‍ തുള്ളിച്ചാടുകയാണ്. നിങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.” സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

‘മയൂഖം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ സൈജു കുറുപ്പിന് തുടക്കകാലത്ത് കരിയറിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നിരവധി സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടു. എന്നാൽ ജയസൂര്യ നായകനായ ‘ആട്’ എന്ന ചിത്രത്തിലെ ‘അറയ്ക്കൽ അബു’ എന്ന കഥാപാത്രമാണ് സൈജുവിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. പ്രേക്ഷകർക്കിടയിൽ ഈ വേഷം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നിരവധി മികച്ച വേഷങ്ങൾ ചെയ്ത താരത്തിന് നായകനായി വലിയൊരു ബ്രേക്ക് നൽകിയത് ‘ഭരതനാട്യം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ശശിധരൻ നായർ എന്ന കഥാപാത്രം തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ഒടിടി റിലീസിലൂടെ ഗംഭീര പ്രതികരണമാണ് നേടിയത്. ഇതിന് പിന്നാലെയെത്തിയ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ തിയേറ്ററുകളിൽ വൻ വിജയമായി മാറുകയും ചെയ്തു.