ഹാസ്യ രാജാവിൽ നിന്നും ഭാവപ്പകർച്ചകളുടെ കുലപതിയിലേക്ക്; 50 ന്റെ നിറവിൽ സുരാജ് വെഞ്ഞാറമൂട്

','

' ); } ?>

മലയാള സിനിമയുടെ ഇടനാഴികളിലൂടെ നടന്ന് വന്ന് ഇന്ന് മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയും ഹാസ്യവും, ദേഷ്യവും വൈരാഗ്യവും, പ്രണയവും പകയും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഹാസ്യത്തിന്റെ കൈവരിയിൽ നിന്ന് കരിയർ ആരംഭിച്ച അദ്ദേഹം, ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിശ്വസനീയമായ അഭിനേതാക്കളിലൊരാളാണ്. ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിലെ ദശമൂലം ദാമുവിൽ നിന്നും ‘ജനഗണമന’യിലെ എസിപി സാജൻ കുമാറിലേക്കുള്ള സുരാജിന്റെ യാത്ര ചെറുതായിരുന്നില്ല. വർഷങ്ങളോളം പഴറ്റി തെളിച്ച അഭിനയമോഹവും ഉലയിലിട്ട് ഉരുക്കിയെടുത്ത കഴിവും കൂട്ടി ചേർത്തത്തിന്റെ ആകെ മൊത്തം തുകയായിരുന്നു. ഇനിയൊരു ദശമൂലത്തെ തനിക്ക് പോലും കഴിയില്ലെന്ന് തറപ്പിച്ചു പറയുന്ന തലത്തിലേക്കുള്ള അഭിനയ പരിണാമം. മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്ന ഗ്രാമത്തിൽ നിന്നും സാധാരണക്കാരനായ ഒരു കുട്ടപ്പനായി ജീവിതം തുടങ്ങിയ സുരാജ്, ഇന്ന് മലയാള ചലച്ചിത്ര ലോകത്തിന് ഒഴിച്ചുകൂടാനാകാത്ത പ്രതിഭയാണ്. അച്ഛന്റെ വഴി പിന്തുടർന്ന് ഒരു സൈനികനാകാൻ കൊതിച്ചെങ്കിലും, ഒരു സൈക്കിൾ അപകടത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തെ കലയുടെ വഴിയിലേക്ക് തിരിച്ചുവിട്ടു. പിന്നീട് ഐ.ടി.ഐ പഠനകാലത്താണ് തന്നിലെ അനുകരണ കലയെ സുരാജ് തിരിച്ചറിയുന്നത്. അമ്പലപ്പറമ്പുകളിലും സ്റ്റേജുകളിലും മിമിക്രിയിലൂടെ ജനങ്ങളെ ചിരിപ്പിച്ചു തുടങ്ങിയ അദ്ദേഹം, പിന്നീട് കളിചിരികളിൽ നിന്നും ഗൗരവമാർന്ന അഭിനയ മുഹൂർത്തങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു. തന്റെ 50ആം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിലും വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുമായി അദ്ദേഹം തന്റെ പ്രയാണം തുടരുന്നു.

സിനിമാല, ജഗപൊക തുടങ്ങിയ പ്രശസ്തമായ ടെലിവിഷൻ പരിപാടികളിലൂടെ മിനിസ്ക്രീനിൽ തിളങ്ങിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ സിനിമയുടെ വലിയ ലോകത്തേക്ക് ചുവടുവെച്ചു. തുടക്കകാലത്ത് ‘സേതുരാമയ്യർ സിബിഐ’ പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിലെ ദശമൂലം ദാമു എന്ന കഥാപാത്രം അദ്ദേഹത്തിന് നൽകിയ ജനപ്രീതി ചെറുതല്ലായിരുന്നു. ഇടിവെട്ട് സുഗുണൻ, പാതാളം ഷാജി, വടിവേലു തുടങ്ങിയ നിരവധി സ്റ്റീരിയോടൈപ്പ് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിച്ച സുരാജ് കേവലം ഒരു കോമഡി താരം മാത്രമായി ഒതുങ്ങാൻ ആഗ്രഹിച്ചില്ല.

തന്റെ കരിയറിന്റെ ഒരു ഘട്ടത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സുരാജ് എന്ന നടനിലെ പ്രതിഭ പുറത്തുവന്നത്. ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലെ വെറും രണ്ട് സീനുകളിൽ മാത്രം വന്നുപോകുന്ന ഒരു അച്ഛൻ കഥാപാത്രത്തിലൂടെ, തനിക്ക് ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ആ ഒരു മാറ്റം സുരാജിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു. പിന്നീട് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന നായകനായി അദ്ദേഹം ജീവിച്ചു കാണിച്ചു. ആ ചിത്രത്തിലെ അഭിനയ മികവ് സുരാജിനെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഉയർത്തി. തുടർന്ന് വന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി, ഡ്രൈവിങ് ലൈസൻസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളെല്ലാം സുരാജ് എന്ന നടന്റെ അഭിനയ വൈഭവത്തിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. പൃഥ്വിരാജിനെപ്പോലെയുള്ള വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോഴും തന്റെ കഥാപാത്രത്തിന് പൂർണ്ണമായ നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒടുവിൽ വിക്രം നായകനായ തമിഴ് ചിത്രം ‘വീര ധീര സൂരനി’ൽ വില്ലനായി വേഷമിട്ടുകൊണ്ട് തമിഴകത്തും തന്റെ സ്വാധീനം ഉറപ്പിക്കാൻ സുരാജിന് സാധിച്ചു. 2009, 2010, 2013 വർഷങ്ങളിൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് നേടിയ അദ്ദേഹം പിന്നീട് ഡോ. ബിജുവിന്റെ ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് 2019-ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ഇന്ന് തന്റെ 50-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ സുരാജ് വെഞ്ഞാറമൂട് എന്ന നടൻ കരിയറിന്റെ ഏറ്റവും മികച്ചതും സജീവവുമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥാപാത്രങ്ങളും സുരാജ് എന്ന നടന്റെ വിപണനമൂല്യവും അഭിനയശേഷിയും ഒരിക്കൽക്കൂടി അടിവരയിടുന്നതായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘പടക്കളം’ എന്ന ചിത്രത്തിൽ പ്രേക്ഷകർ ഏറെ ആഗ്രഹിച്ച, എവിടെയോ നഷ്ടപ്പെട്ടുപോയ സുരാജിന്റെ ആ പഴയ ഹാസ്യരൂപത്തെയും സ്വാഭാവികതയെയും തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. ഈ വർഷം അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും വൈവിധ്യം നിറഞ്ഞതായിരുന്നു. ചില ചിത്രങ്ങളിൽ ഗൗരവക്കാരനായ കുടുംബനാഥനായും മറ്റു ചിലതിൽ ശക്തമായ നിലപാടുകളുള്ള വ്യക്തിത്വമായും അദ്ദേഹം സ്ക്രീനിൽ നിറഞ്ഞുനിന്നു. കഥാപാത്രങ്ങളുടെ ആഴം അറിഞ്ഞ് അഭിനയിക്കുന്ന സുരാജ്, പുതിയ കാലത്തെ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ്. സിനിമയുടെ വാണിജ്യ വിജയങ്ങൾക്കൊപ്പം തന്നെ കലാമൂല്യമുള്ള ചിത്രങ്ങളെയും ഒരുപോലെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പരീക്ഷണ ചിത്രങ്ങളെപ്പോലും ജനങ്ങളിലേക്ക് എത്തിക്കാൻ സുരാജ് എന്ന പേര് ഇന്ന് തിയേറ്ററുകളിൽ വലിയൊരു ഘടകമാണ്. ഹാസ്യത്തിന്റെ തട്ടകത്തിൽ നിന്ന് വന്ന് ഇമോഷണൽ രംഗങ്ങളിലും ത്രില്ലറുകളിലും ഒരേപോലെ തിളങ്ങുന്ന ഈ നടന്റെ യാത്ര വരും തലമുറയിലെ ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണ്.

തന്റെ അഭിനയ ജീവിതത്തിൽ ഇനിയും ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഈ മഹാപ്രതിഭയ്ക്ക് ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ വരെ ഉയർത്താൻ സാധിക്കട്ടെ. ഹാസ്യത്തിൽ നിന്നും ഗൗരവത്തിലേക്കും അവിടെ നിന്ന് തിരികെ പ്രേക്ഷകരെ രസിപ്പിക്കുന്ന തനത് ശൈലിയിലേക്കുമുള്ള അദ്ദേഹത്തിന്റെ മാറ്റങ്ങൾ മലയാള സിനിമയ്ക്ക് എപ്പോഴും ഒരു വലിയ ആസ്തിയാണ്. വർഷങ്ങൾ നീണ്ട കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് സുരാജ് വെഞ്ഞാറമൂട് എന്ന കലാകാരൻ നേടിയെടുത്തത് കോടിക്കണക്കിന് വരുന്ന മലയാളികളുടെ ഹൃദയത്തിലെ സ്നേഹവും ബഹുമാനവുമാണ്. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതിനൊപ്പം, വരും വർഷങ്ങളിലും കൂടുതൽ കരുത്തുറ്റതും മനോഹരവുമായ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹാസ്യത്തിന്റെ രാജാവായി വന്ന് മലയാളത്തിന്റെ അഭിമാനമായി മാറിയ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.