
തന്റെ വസതിയിൽ വ്യവസായിയായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടി കൃഷി തപന്ദ. വൈശാഖിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും വ്യാജ വാർത്തകൾക്കും വിരാമമിടണമെന്ന് നടി ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഈ കഠിനമായ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും സമാധാനത്തോടെ ദുഃഖിക്കാനുള്ള സമയം അനുവദിക്കണമെന്നും നടി അഭ്യർത്ഥിച്ചു.
ഇത്തരമൊരു വേദനാജനകമായ സാഹചര്യത്തെക്കുറിച്ച് പരസ്യമായി സംസാരിക്കേണ്ടി വരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൃഷി കുറിച്ചു. തന്നെ എപ്പോഴും സംരക്ഷിക്കുകയും ഒരുപാട് സ്നേഹിക്കുകയും ചെയ്ത, ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന പ്രിയപ്പെട്ട ഒരാളെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ വാക്കുകൾക്ക് കഴിയില്ലെന്നും, ഈ വലിയ നഷ്ടത്തോട് പൊരുത്തപ്പെടാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് അറിയില്ലെന്നും വികാരാധീനയായി കൃഷി തപന്ദ കുറിപ്പിൽ വ്യക്തമാക്കി. താരത്തിന്റെ ബെംഗളൂരു രാജരാജേശ്വരി നഗറിലെ വസതിയിലാണ് സംഭവം.
കൃഷി തപന്ദയുടെ കുറിപ്പിന്റെ പൂർണ രൂപം:
“ഞാൻ ഒരിക്കലും ഇങ്ങനെയൊരു കാര്യം എഴുതേണ്ടി വരുമെന്ന് കരുതിയില്ല. ഇത് എഴുതാനോ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനോ ഊർജ്ജമോ മാനസിക ശക്തിയോ ഇല്ല. ഞാൻ വളരെക്കാലമായി വേദന ചുമക്കുകയാണ്, ഇപ്പോൾ വീണ്ടും താങ്ങാനാവാത്ത നഷ്ട്ടം ഞാൻ ദുഃഖിക്കുന്നു.
സംഭവത്തിന് പിന്നാലെ ഉയർന്നുവന്ന തെറ്റായ വാർത്തകളും ചോദ്യങ്ങളുമാണ് എന്നെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. എനിക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും മുകളിൽ വലിയ സമ്മർദ്ദമാണ് ഇതിലൂടെ ഉണ്ടായത്. ഒരാളുടെ മരണം വെറുമൊരു കഥയാക്കി മാറ്റാൻ ശ്രമിക്കരുത്. ദുഃഖിതരായ കുടുംബത്തെയും സുഹൃത്തുക്കളെയും സമാധാനമായി ഇരിക്കാൻ അനുവദിക്കണം
ഇത് കൂടുതൽ വേദനാജനകമാക്കിയത്, എനിക്ക് ദുഃഖിക്കാൻ പോലും സമയമോ ഇടമോ ഉണ്ടായിരുന്നില്ല എന്നതാണ്. പകരം, അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും താങ്ങാനാവാത്ത നഷ്ടത്തെ നേരിടാൻ ശ്രമിക്കുമ്പോൾ, നിരന്തരമായ ഊഹാപോഹങ്ങളും അനുമാനങ്ങളും ഒരാളുടെ മരണത്തെ ഒരു കഥയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. ഒരു മകനെ നഷ്ടപ്പെട്ട ഒരു കുടുംബമുണ്ട്. വാക്കുകൾക്ക് അതീതമായി സ്നേഹിച്ച ഒരാളെ നഷ്ടപ്പെട്ട സുഹൃത്തുക്കളുണ്ട്. ഓരോ നിമിഷവും ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ആളുകളുണ്ട്. നിങ്ങൾക്ക് ഒരാളെ സന്തോഷിപ്പിക്കാൻ കഴിയില്ലെങ്കിൽ, കുറഞ്ഞ പക്ഷം അവരുടെ കണ്ണീരിന് കാരണമാകാതിരിക്കുക. നിങ്ങൾക്ക് ഒരാൾക്ക് ജീവിക്കാനുള്ള കാരണം നൽകാൻ കഴിയില്ലെങ്കിൽ, കുറഞ്ഞ പക്ഷം അവർക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നതിനുള്ള കാരണമാകാതിരിക്കുക.”
വൈശാഖ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുടുംബപരമായ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.