“എല്ലാ പ്രശ്നങ്ങളും ശരിയാവും, എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ”; മമ്മൂട്ടി

','

' ); } ?>

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അടുത്തകാലത്തുണ്ടായ ആഭ്യന്തര തർക്കങ്ങളിലും വിവാദങ്ങളിലും ഒടുവിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. സംഘടനയിലെ പ്രശ്നങ്ങൾ അത്ര വലിയ കാര്യങ്ങളല്ലെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരസ്കാരം സ്വീകരിച്ച് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകർ ‘അമ്മ’ സംഘടനയിലെ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ശാന്തനായാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

“നടക്കട്ടെ, തീരുമാനം ആയിക്കോളും, കുഴപ്പമില്ല. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റുള്ളൂ? അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ. എല്ലാ പ്രശ്നങ്ങളും ശരിയാവും. ശരിയാവണമല്ലോ, ശരിയായിക്കോളും. എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ.?” മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ അഞ്ച് പതിറ്റാണ്ടുകാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മലയാളത്തിന്റെ അഭിമാന താരത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്. പുരസ്കാരം സ്വീകരിക്കാനായതിൽ താൻ അതീവ സന്തുഷ്ടനാണെന്നും “ഇരട്ടി സന്തോഷം” ഉണ്ടെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പങ്കുവെച്ചു.

ഡൽഹി സന്ദർശനത്തിനിടയിൽ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്‌ച നടത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ എന്നിവരടങ്ങുന്ന കുടുംബത്തെയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ദുൽഖർ സൽമാനെ പ്രധാനമന്ത്രി ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.