‘അമ്മ’യിലെ പൊട്ടിത്തെറിക്ക് കാരണം അൻസിബയോടുള്ള അവഗണനയും കണക്കുകളിലെ അപാകതയും; തുറന്നടിച്ച് പൊന്നമ്മ ബാബു

','

' ); } ?>

താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ സമീപകാലത്തുണ്ടായ കടുത്ത ആഭ്യന്തര പ്രശ്നങ്ങൾക്കും നിയമനടപടികൾക്കും വഴിതുറന്നത് നടി അൻസിബ ഹസ്സന് നേരിടേണ്ടി വന്ന അവഗണനയാണെന്ന് വെളിപ്പെടുത്തി നടി പൊന്നമ്മ ബാബു. സ്വന്തം സങ്കടം പങ്കുവെച്ചപ്പോൾ അത് കേൾക്കാൻ പോലും സംഘടനയിൽ ആരും തയ്യാറായില്ലെന്നും, ഒരു പെൺകുട്ടി തന്റെ വിഷമം പറയുമ്പോൾ ‘ഇത് അമ്മയുടെ കാര്യമല്ല’ എന്ന് പറയുന്നതും മാധ്യമങ്ങൾക്ക് മുന്നിൽ ‘എനിക്കൊന്നും അറിയില്ല’ എന്ന് കൈമലർത്തുന്നതും ഒരു പ്രസിഡന്റിന് ചേർന്നതല്ലെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നടിച്ചു.

അൻസിബ അനുഭവിച്ച ആ വലിയ മാനസികവിഷമവും അവഗണനയുമാണ് ഒടുവിൽ കാര്യങ്ങൾ ഇത്രത്തോളം വഷളാകാനും കേസിലേക്ക് നീങ്ങാനും കാരണമായത്. കഴിഞ്ഞ ഭരണസമിതിയിലുള്ളവർ നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവർക്കിടയിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക കണക്കുകളിലെ സുതാര്യതക്കുറവുമാണ് സംഘടനയെ അടിപിടിയിലേക്ക് നയിച്ചത്. ജനറൽ ബോഡി യോഗത്തിൽ കൃത്യമായ കണക്കുകൾ ബോധിപ്പിക്കാൻ ട്രഷറർക്ക് സാധിച്ചില്ല. ഇതിനുപുറമേ ഭാരവാഹികളായിരുന്ന കുക്കു പരമേശ്വരനും ശ്വേത മേനോനും തമ്മിൽ ഒത്തുപോകാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

നടി ലക്ഷ്മിപ്രിയ നടത്തിയ പ്രതികരണങ്ങളെക്കുറിച്ചും സംഘടനയിലെ സാമ്പത്തിക അപാകതകളെക്കുറിച്ചും തനിക്ക് പറയാനുള്ള കാര്യങ്ങൾ പൊന്നമ്മ ബാബു വ്യക്തമാക്കുന്നുണ്ട്. ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വീഴ്ചകളും പരസ്പരമുള്ള ഭിന്നതകളുമാണ് സംഘടനയെ വലിയ വിവാദങ്ങളിലേക്ക് തള്ളിവിട്ടതെന്നും താരം കൂട്ടിച്ചേർത്തു.

പൊന്നമ്മ ബാബുവിന്റെ വാക്കുകൾ;

ലക്ഷ്മിപ്രിയ ഞങ്ങളുടെ പേര് വച്ച് ലെറ്റർ അയച്ചതെന്തിനെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ ‘പെൺമക്കൾ’ ഗ്രൂപ്പും ഞങ്ങളും ഒക്കെക്കൂടിയാണ് ലക്ഷ്‌മിയെ ഇലക്ഷന് നിർത്തി വിജയിപ്പിച്ചത്. ഞങ്ങൾ മൂന്നുപേരെയാണ് നിർത്തിയത്, ആശാ അരവിന്ദിനെയും, അഞ്ജലി നായരെയും, ലക്ഷ്മ‌ിപ്രിയയെയും. മൂന്നുപേരും ജയിച്ചു. ജയിച്ചപ്പോൾ ഒന്നാമത് ഒരു സന്തോഷം പറയുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അങ്ങനെ ഒരു സന്തോഷം പറഞ്ഞു കിട്ടിയിരുന്നെങ്കിൽ വലിയ സന്തോഷമായേനെ. പക്ഷേ, ഇതേത് അടിസ്‌ഥാനത്തിലാണ് അവർ ‘മരിച്ചാലും കാണാൻ ചെല്ലരുത്’ എന്നൊക്കെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിട്ടേയില്ല. അവിടെ കമ്മിറ്റിയിലെ കുറെ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ ലക്ഷ്‌മിയുമായി ബന്ധപ്പെടുന്ന ഒരു കാര്യവും വ്യക്തിപരമായി സംസാരിച്ചിട്ടില്ല. ഒരു ഗ്രൂപ്പിനെക്കുറിച്ച് മൊത്തമായി സംസാരിക്കുമ്പോൾ അത് എല്ലാവർക്കും ബാധകമായ കാര്യങ്ങളാണ്. അല്ലാതെ ഓരോരുത്തരെയും എടുത്ത് നമ്മൾ എന്തെങ്കിലും പറഞ്ഞെങ്കിൽ മനസ്സിലാക്കാം, അതുമില്ല. പിന്നെ എന്തിനാണ് ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ലക്ഷ്മിക്ക് എന്നോട് വലിയ കാര്യമായിരുന്നു. എന്നെ ‘പൊന്നു അമ്മ’ എന്നാണ് വിളിച്ചിരുന്നത്. ലക്ഷ്മി ഞാൻ അമ്മയെപ്പോലെ ആണ് എന്നാണ് പറഞ്ഞിരുന്നത്. എപ്പോഴാണ് ഞങ്ങളോട് ഇത്രയും ദേഷ്യം ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല. അമ്മയെപ്പോലെ കരുതുന്ന ഒരാളോട് പറയുന്ന കാര്യമാണോ ലക്ഷ്‌മി പറഞ്ഞത്. തെറ്റ് കണ്ടാൽ ഞാൻ ചൂണ്ടിക്കാണിക്കും. ഒരുപക്ഷേ അതായിരിക്കും എന്നോടുള്ള ദേഷ്യത്തിന് കാരണം.

മുൻപ് ലക്ഷ്മി ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്‌റ്റ് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല, അത് ഞാൻ ചോദ്യം ചെയ്തിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു, ‘ഞാനൊരു രാഷ്ട്രീയക്കാരിയല്ലേ! അപ്പോൾ എനിക്ക് അങ്ങനെ ഒക്കെ പ്രതികരിക്കണം’ എന്ന്. ഞാൻ ഓർത്തു, ഒരു രാഷ്ട്രീയക്കാരി അവരുടെ രീതിയിൽ പ്രതികരിക്കുകയായിരിക്കുമെന്ന്. ഞാൻ ഈ കുട്ടിയുടെ വായിൽ നിന്നാണ് ‘ജിഹാദി, ജിഹാദി’ എന്ന് കേട്ടിട്ടുള്ളത്. ഈ ജിഹാദി പരാമർശം കുറച്ചു കൂടുതലാണ്. ടിനി ടോമുമായി ബന്ധപ്പെടുത്തി ജിഹാദി പരാമർശം പറയുന്നുണ്ട്. പക്ഷേ, ടിനി ഒരിക്കലും ജിഹാദി എന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല. പക്ഷേ ലക്ഷ്‌മി പറയുന്നത് കേട്ടിട്ടുണ്ട് .

പറയാൻ കാരണം, ഒരിക്കൽ നമ്മുടെ ഒരു സഹപ്രവർത്തകനെ ഒരു പരിപാടിക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ പുള്ളിക്കാരി എടുത്ത് പറഞ്ഞു, ‘അവര് വേണ്ട, അവര് ജിഹാദിയാണ്’ എന്ന്. അപ്പൊ ഞാൻ ഉടനെ വിചാരിച്ചു, അതെന്താ ആ കുട്ടി അങ്ങനെ പറയുന്നതെന്ന്. സത്യം പറഞ്ഞാൽ അതിന്റെ കൃത്യമായ അർത്ഥം എനിക്ക് അറിയത്തില്ലായിരുന്നു. ഞാൻ വന്ന് ഭർത്താവിന്റെ അടുത്ത് ചോദിച്ചു ഇതെന്താണ് ജിഹാദി. അപ്പോൾ അദ്ദേഹം അതിന്റെ യഥാർത്ഥ അർത്ഥം പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അപ്പോൾ തന്നെ ഞാൻ ആ പറഞ്ഞ ആളോട് പറഞ്ഞു, ‘മക്കളെ, അത് പറഞ്ഞിട്ടുണ്ടെങ്കിൽ മായ്ച്ചു കളഞ്ഞേര്’ എന്ന്. ഞാൻ അതിനെ അങ്ങനെ ലഘൂകരിച്ചു വിട്ടു, ഇഷ്യൂ ആക്കണ്ട എന്ന് വിചാരിച്ചു. ഇത് അൻസിബയെ കുറിച്ചല്ല പറഞ്ഞത്, വേറൊരാളെക്കുറിച്ചാണ്

അൻസിബ ഏത് ഭരണസമിതിയിൽ ഇരുന്നാലും വളരെ നന്നായി ജോലി ചെയ്യുന്ന ആളാണ്. ഏൽപ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യും. നമുക്ക് എപ്പോൾ വേണമെങ്കിലും വിളിച്ച് എന്തും സംസാരിക്കാം. അത്രക്ക് നല്ല ഒരു കുട്ടിയാണ് അൻസിബ. പക്ഷേ, അമ്മയിലെ ഇലക്ഷൻ സമയത്ത് ആ കുഞ്ഞ് ഒരുപാട് വിഷമിച്ചു. അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അതിനെക്കുറിച്ച് അനൂപ് രണ്ട് വീഡിയോകൾ ചെയ്ത്, അവളെ വളരെ മോശക്കാരിയാക്കി സമൂഹത്തിന് മുന്നിലും ചാനലിലും വാർത്തകൾ വരുത്തി. അന്ന് ഞങ്ങൾ പറഞ്ഞതൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല, പക്ഷേ ഇന്നിപ്പോൾ പലരും ഞങ്ങളായിരുന്നു ശരിയെന്ന് സമ്മതിക്കുന്നുണ്ട്. പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളുടെ സങ്കടം കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ വേറെ ആരാണ് കാണുന്നത്? അവൾ ഒരു സങ്കടം പറഞ്ഞപ്പോൾ അത് കേൾക്കാൻ പോലും അവിടെ ആരും ഉണ്ടായില്ല. അതിനെ നിരാകരിച്ചു കളഞ്ഞു. അതുകൊണ്ടല്ലേ ഇപ്പോൾ കേസും വഴക്കുമൊക്കെ ആയത്? അല്ലെങ്കിൽ അത് അവിടെ തീരേണ്ട വിഷയമല്ലേ?

നമ്മുടെ കുടുംബത്തിൽ ചില പ്രശ്‌നങ്ങൾ വന്നാൽ അത് കുടുംബത്തിൽ തന്നെ ഒതുക്കി തീർക്കാൻ ശ്രമിക്കണം. ‘അമ്മ’ സംഘടന എന്ന് പറയുന്നത് ഞങ്ങളുടെ ഒരു കുടുംബവീടാണല്ലോ. അതിനകത്ത് വന്ന ആ ഒരു അവഗണനയാണ് ഏറ്റവും വലിയ വിഷയമുണ്ടക്കിയത്. പക്ഷേ ആ കുട്ടി ഇന്നലെ ജനറൽ ബോഡിയിൽ നന്നായി സംസാരിച്ചു, അവൾ ഒരു പുലിക്കുട്ടിയായി. അത്രയ്ക്ക് നന്നായി തെളിവ് സഹിതമാണ് കാര്യങ്ങൾ പറഞ്ഞത്. അവിടെ ഇരുന്ന ‘അമ്മ’ അംഗങ്ങളെല്ലാവരും ഒരുമിച്ച് കൈയടിച്ചു. ആരും ആ കുട്ടിയെ മോശം പറഞ്ഞില്ല. ശ്വേതയും ആ ഗ്രൂപ്പും എല്ലാം അവിടെ ഉണ്ടായിരുന്നു, അവരാരും ഒരക്ഷരം മിണ്ടിയിട്ടില്ല, അവർക്കൊന്നും പറയാൻ ഉത്തരമുണ്ടായില്ല. മീഡിയയുടെ മുന്നിൽ ആ കുട്ടി എന്തെല്ലാം വന്ന് പറഞ്ഞോ. അതുതന്നെയാണ് അവിടെയും പറഞ്ഞത്.

ഇപ്പോഴത്തെ ഭരണസമിതിയിൽ ഇരുന്നവർ ഒന്നും ചെയ്‌തില്ല എന്ന്‌ ഞങ്ങൾ കാടടച്ചു പറയില്ല. ചെയ്‌തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ അവരും തുടർന്ന് ചെയ്തിരുന്നു, കുറെ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്, ഇല്ലെന്നു പറയില്ല. അവരെല്ലാം നമ്മുടെ സഹപ്രവർത്തകരാണ്. പക്ഷേ തെറ്റുകുറ്റങ്ങൾ കണ്ടാൽ നമ്മൾ ചൂണ്ടിക്കാണിക്കും. അത് മാത്രമേ ചെയ്ത‌ിട്ടുള്ളൂ. വ്യക്‌തിപരമായി ആരോടും എനിക്ക് ദേഷ്യവുമില്ല, വൈരാഗ്യവുമില്ല. ഞാൻ ശ്വേതയോടും പറഞ്ഞു, ‘ശ്വേത ചെയ്‌തത്‌ തെറ്റാണ്, ആ കുട്ടിയെ ചേർത്തുനിർത്തണമായിരുന്നു. ശത്രുവാണെങ്കിൽ പോലും ചേർത്തുനിർത്തണം, ഇത് നമ്മുടെ സംഘടനയിലെ തന്നെ ഒരു കുട്ടി, ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, അവൾ പറഞ്ഞത് ഒന്ന് കേട്ടുകൂടായിരുന്നോ’ എന്ന്. ഞാൻ തെറ്റ് ചൂണ്ടിക്കാണിച്ചതുകൊണ്ട് എന്നോട് ദേഷ്യമുണ്ടോ എന്ന് അറിയില്ല. പക്ഷേ ഞാൻ കുറ്റപ്പെടുത്തിയതല്ല, കാര്യങ്ങൾ കറക്റ്റ് ചെയ്യാൻ വേണ്ടിയാണ് പറഞ്ഞത്. ശ്വേതയുമായി ഞാൻ പണ്ടുമുതലേ നല്ല ഫ്രണ്ട്സ് ആണ്. പക്ഷേ തെറ്റ് കണ്ടാൽ ആരോടായാലും ഞാൻ പറയും.

ഇലക്ഷന് മുൻപ് വരെ ഞങ്ങളുടെ ഒരു മെമ്മറി കാർഡ് സംബന്ധിച്ച വിഷയം എന്തു ചർച്ചയായതാണ്. ഇലക്ഷൻ കഴിഞ്ഞതിന് ശേഷം ഞങ്ങൾ ആ മെമ്മറി കാർഡ് ഇഷ്യൂ പിന്നെ പറഞ്ഞിട്ടില്ല. മെമ്മറി കാർഡ് മരിച്ചുപോയ കെ.പി.എ.സി ലളിത ചേച്ചിയുടെ കയ്യിലാണെന്നാണ് അമ്മയുടെ പ്രസിഡന്റ് ശ്വേത പറഞ്ഞത്. പക്ഷേ പ്രശ്‌നമുണ്ടായപ്പോൾ ആദ്യം പറഞ്ഞത് അങ്ങനെ ഒരു മെമ്മറി കാർഡ് ഉണ്ടായിട്ടില്ലെന്ന്. എന്നാൽ മെമ്മറി കാർഡ് ഉണ്ടന്ന് തെളിഞ്ഞു. ലളിതച്ചേച്ചിയുടെ കയ്യിലാണ് എന്ന് അവർ പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചു. പക്ഷേ, അത് വിശ്വസിക്കാത്ത രണ്ടു മൂന്ന് പേർ വേറെയുണ്ട്. അവർക്ക് ഇതിൻ്റെ റിപ്പോർട്ട് കിട്ടണം എന്ന് പറഞ്ഞ് അതിന്റെ പുറകെ പോയി. കഴിഞ്ഞ മീറ്റിങ്ങിൽ ഇത് ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ വലിയ പ്രശ്‌നങ്ങൾ വന്നതുകൊണ്ട് അതിന് അവസരം കിട്ടിയില്ല. ലളിതച്ചേച്ചി ഇത് എവിടെ കൊണ്ടുവച്ചെന്ന് ആർക്കും അറിയുകയുമില്ല

ഈ മെമ്മറി കാർഡ് വിഷയത്തിൽ നമ്മളെ ഒരുപാട് വിഷമിപ്പിച്ചായിരുന്നു. പിന്നീട് അവർക്ക് മനസ്സിലായി നമ്മുടെ സൈഡാണ് സത്യമെന്ന്. നമ്മൾ ‘പെൺമക്കൾ’ എന്ന് പറയുന്ന ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ അതിനകത്ത് നിന്ന് 10-15 പേർ ലെഫ്റ്റ് അടിച്ചു പോയി. ഈ മെമ്മറി കാർഡ് വിഷയം സംസാരിച്ചാണ് അവർ വെളിയിൽ പോയത്. പക്ഷേ ഇപ്പോൾ കണ്ടില്ലേ, ഇതാണ് കർമ്മ. ഇപ്പോൾ നമ്മൾ ഇരിക്കുന്ന ഗ്രൂപ്പ് കുഴപ്പമില്ലാതെ പോകുന്നുണ്ട്. നമ്മൾ ആരെയും കെട്ടിയിട്ടിട്ടില്ല, പോകേണ്ടവർക്ക് പോകാം. സംഘടനയിലെ കാര്യങ്ങളൊന്നും നമ്മൾ അതിൽ ചർച്ച ചെയ്യാറില്ല. ബർത്ത്ഡേ, വെഡ്‌ഡിങ് ആനിവേഴ്‌സറി, സിനിമകൾ എന്നിവയുടെ വിശേഷങ്ങൾ പങ്കുവച്ച് പോവുകയാണ് ചെയ്യുന്നത്.

ഇപ്പോൾ ഭരണസമിതി രാജി വെച്ചു. അഡ്‌ഹോക്ക് കമ്മിറ്റിയാണ് ചുമതല എടുത്തിരിക്കുന്നത്. ഇനി വരാനിരിക്കുന്ന ഭരണസമിതിയിൽ പൂർണ്ണവിശ്വാസമുണ്ട്, അമ്മ നന്നായിട്ട് തന്നെ പോകും. ലാലേട്ടൻ പ്രസംഗിച്ചപ്പോൾ പറഞ്ഞതുപോലെ, ആർക്കും ‘അമ്മ’യെ തകർക്കാൻ പറ്റില്ല. നമ്മൾ ശക്തമായിട്ട് തന്നെ മുന്നോട്ട് കൊണ്ടുപോകും. മരണം വരെ എനിക്ക് എന്റെ അമ്മ സംഘടന വലിയ കാര്യം തന്നെയാണ്. ഞാൻ സിനിമയിൽ വന്ന് മൂന്നാമത്തെ പടം ചെയ്യുമ്പോൾ മെമ്പർഷിപ്പ് എടുത്ത ആളാണ്. അന്ന് ഇന്നസെന്റ് ചേട്ടനും മാധവേട്ടനുമൊക്കെയാണ് നേതൃത്വത്തിൽ. ഇപ്പോൾ 30 വർഷം കഴിഞ്ഞു. വിദേശത്ത് ഒരു ഷോയ്ക്ക് പോയ ഒരു വർഷം മാത്രമാണ് പങ്കെടുക്കാതിരുന്നത്, ബാക്കി എല്ലാ വർഷവും എന്റെ സാന്നിധ്യമുണ്ട്. മമ്മൂക്ക, ലാലേട്ടൻ, ദിലീപ് എന്നിവരോടൊപ്പമെല്ലാം സ്‌കിറ്റ് ചെയ്യുകയും ഡാൻസ് ചെയ്യുകയും ഒക്കെ ചെയ്‌ത ആളാണ് ഞാൻ.

അമ്മ എത്രയോ പേർക്ക് കൈനീട്ടം കൊടുക്കുന്നു, ഇൻഷുറൻസ്, മെഡിസിൻ, വിശേഷദിവസങ്ങളിലെ സഹായങ്ങൾ എന്നിവയൊക്കെ നൽകുന്നു. ഇപ്പോൾ വന്ന ഭരണസമിതിയിലുള്ളവരും കുറെ നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസവും കണക്കുകളിലെ പ്രശ്‌നങ്ങളുമാണ് വലിയ അടിപിടിയാവാൻ കാരണം. ജനറൽ ബോഡി ആകുമ്പോൾ കണക്കുകൾ കറക്റ്റ് ആയി കൊടുക്കണം, പക്ഷേ ഈ വർഷം ശരിയായ കണക്ക് വന്നില്ല. ട്രഷറർക്ക് അത് മാനേജ് ചെയ്യാൻ പറ്റിയില്ല. പുള്ളിയെ അവധിയിൽ വിട്ടു. അഡ്വക്കേറ്റുമാരും പറഞ്ഞു കണക്കുകൾ ശരിയല്ല എന്ന്. അത് ജനറൽ ബോഡിക്ക് അംഗീകരിക്കാൻ പറ്റില്ലല്ലോ. കൂടാതെ കുക്കുവും ശ്വേതയും തമ്മിൽ ചേർന്നു പോകുന്നില്ലായിരുന്നു.

ശ്വേത മീഡിയയിൽ വന്ന് ‘എനിക്കൊന്നും അറിയില്ല’ എന്ന് പറയുന്നത് ഒരു പ്രസിഡന്റിന് ചേർന്നതല്ല. അതുപോലെ തന്നെ ഒരു പെൺകുട്ടി അവളുടെ വിഷമം പറയാൻ വിളിച്ചപ്പോൾ ഇതൊന്നും അമ്മയുടെ കാര്യമല്ല എന്ന് പറഞ്ഞതും ശരിയായില്ല. അതാണ് പ്രശ്‌നങ്ങൾ ഇത്രയും വഷളാകാൻ കാരണം. ശ്വേത പ്രസിഡൻ്റ് സ്‌ഥാനം രാജിവച്ച കൂട്ടത്തിൽ അംഗത്വവും രാജി വച്ചു. പക്ഷേ അത് പെട്ടെന്നെടുത്ത ഒരു തീരുമാനവുമായിരിക്കും. ശ്വേത സംഘടനയിലേക്ക് തിരികെ വരണം എന്നുതന്നെയാണ് എൻ്റെ ആഗ്രഹം. ഇന്നലെ മല്ലിക ചേച്ചി രാജിവച്ചു എന്ന് പറയുന്നു, ചേച്ചിയും തിരികെ വരണം. അതുപോലെ ഞങ്ങളെ അങ്ങനെയൊക്കെ പറഞ്ഞു എന്നുകരുതി ലക്ഷ്മിയോടും എനിക്കൊരു ദേഷ്യവും ഇല്ല. ലക്ഷ്‌മിയും തിരികെ വരണം എന്നുതന്നെയാണ് ആഗ്രഹം.

ലക്ഷ്മിപ്രിയ ആവശ്യമില്ലാതെ ഓരോ കാര്യങ്ങൾ പറയുന്നതുകൊണ്ടാണ് ആളുകൾ അവളുടെ പോസ്‌റ്റിനടിയിൽ വന്ന് ചീത്ത പറയുന്നത്. ലക്ഷ്മി പറയുന്നതിന് അവിടെ തന്നെ കിട്ടുന്നുണ്ട്. ലക്ഷ്‌മി ശരിക്കും ഒരു പാവം ആണ്, പക്ഷേ മൈക്ക് കണ്ടാൽ തീർന്നു, ഇതാണ് അവളുടെ പ്രശ്ന‌ം. ആൾക്കാർ ചോദിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറയും. പിന്നെ ആൾക്കാർ അതുപറഞ്ഞ് ചീത്ത പറഞ്ഞുകൊണ്ടിരിക്കും.

നാലുമാസം കഴിയുമ്പോൾ തിരഞ്ഞെടുപ്പ് വരും. പുതിയ തലമുറ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പുറത്തുള്ള പുതിയ കുട്ടികളൊക്കെ നമ്മളെ നോക്കി നിൽക്കുകയാണ്. നമ്മൾ അവർക്കൊരു മാതൃകയാവണം. അല്ലാതെ എന്നും തല്ലുകൂടിയാൽ ശരിയാവില്ല. പുതിയ ജനറേഷൻ വരുമ്പോൾ പുതിയ ആശയങ്ങൾ വരും. സിനിമയ്ക്കായി സർക്കാർ ഇപ്പോൾ ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്, അപ്പോൾ പുതിയ ആളുകൾ വരുമ്പോൾ നല്ല കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. എന്നും ‘അമ്മ’യും അതിലെ അംഗങ്ങളും നന്നായിരിക്കണം,” പൊന്നമ്മ ബാബു പറയുന്നു.