
താരസംഘടനയായ ‘അമ്മ’യിൽ നിന്നും നടി ശ്വേതാ മേനോൻ രാജിവെച്ചതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി നടി ലക്ഷ്‌മിപ്രിയ. ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്വേതാ മേനോൻ പണം വാങ്ങി എന്ന രീതിയിൽ ഉയർന്ന വ്യാജ ആരോപണങ്ങളാണ് അവരെ രാജിയിലേക്ക് നയിച്ചതെന്നും, മറ്റ് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ താരങ്ങൾക്കൊന്നുമില്ലാത്ത രാഷ്ട്രീയ അയിത്തം തങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കുന്നത് എന്തിനാണെന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു.
“ബിജെപിക്ക് സ്ഥാനാർത്ഥികളെ കൊടുക്കാൻ വേണ്ടി അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു. ഞാനും അഞ്ജലിയും ഒക്കെ ബിജെപിയുടെ സ്‌ഥാനാർഥികൾ ആയിരുന്നല്ലോ. അതുപോലെ ഇനിയും ബിജെപിക്ക് സ്ഥാനാർത്ഥികളെ കൊടുക്കാൻ വേണ്ടി ശ്വേതാ മേനോൻ കമ്മീഷൻ വാങ്ങി എന്നാണ് പറയുന്നത്. ആ നിമിഷമാണ് ഏഴു മണിക്കൂർ പൊരുതി നിന്ന ശ്വേതാ മേനോൻ വേദനയോടെ ഞാൻ അമ്മയിലെ അംഗത്വം തന്നെ ഉപേക്ഷിച്ചു പോവുകയാണ് എന്ന് പറഞ്ഞത്. ഇവിടെ ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്ന ശ്രീ ഇന്നസെൻ്റ് എംപിയും ആയിരുന്നു അമ്മയുടെ പ്രസിഡന്റും ആയിരുന്നു. അദ്ദേഹത്തിന് അപ്പോൾ അയിത്തം ഉണ്ടായിരുന്നില്ല. ഗണേഷ് കുമാർ ഒരുകാലത്ത് കോൺഗ്രസിന്റെ സഹയാത്രികനായിരുന്നു പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തോടു ചായ്വുള്ള എംഎൽഎ ആയിരുന്നു. ഇപ്പോഴാണ് അദ്ദേഹം എംഎൽഎ ആകാതിരുന്നത്.” ലക്ഷ്മി പ്രിയ പറഞ്ഞു.
“അതുപോലെ തന്നെ ശ്രീ മുകേഷ് ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു. അതുപോലെ തന്നെ മമ്മൂട്ടി എന്ന സൂപ്പർതാരം എന്നും ഇടതുപക്ഷ ചായ്വ് തുറന്നുപറഞ്ഞിട്ടുള്ള ആളാണ്. സിദ്ദീഖ് കോൺഗ്രസ് രാഷ്ട്രീയം തുറന്നു പറഞ്ഞിട്ടുണ്ട്. ജഗദീഷ് കോൺഗ്രസ് സ്‌ഥാനാർഥി ആയിരുന്നു. രമേശ് പിഷാരടി കോൺഗ്രസിൻ്റെ ഇപ്പോഴത്തെ എംഎൽഎ ആണ്. ഇവർക്കാർക്കും ഇല്ലാത്ത അയിത്തം ലക്ഷ്‌മിപ്രിയയ്ക്കും ശ്വേതാ മേനോനും അഞ്ജലി നായർക്കും എങ്ങനെയാണ് ഉണ്ടാകുന്നത്. ഒരു തെളിവുമില്ലാതെ ശ്വേതാ മേനോൻ പണം വാങ്ങിയിട്ടാണ് അമ്മയിൽ നിന്ന് ബിജെപിക്ക് സ്‌ഥാനാർത്ഥികളെ കൊടുക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാകുന്നത്.?” ലക്ഷ്‌മിപ്രിയ കൂട്ടിച്ചേർത്തു.