
സംഘടനയ്ക്കുള്ളിൽ പറഞ്ഞു തീർക്കേണ്ട വിഷയങ്ങൾ വഴിയിൽ വന്ന് വഴക്കിടുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്ന് നടൻ ബാല. ഒരു സമയത്ത് മറ്റു സംസ്ഥാനങ്ങളിലെ താര സംഘടനകൾ പോലും അസൂയയോടെയാണ് മലയാള സിനിമാ സംഘടനയെ നോക്കിയിരുന്നതെന്നും, ആ ബഹുമാനം നമ്മൾ കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും ബാല പറഞ്ഞു. താര സംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധികളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ബാല.
“ഞാനാണ് വലിയവൻ എന്ന ചിന്താഗതിയാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് സേവനത്തിനുള്ള ഒരു സംഘടനയാണെന്ന മനോഭാവം എല്ലാവർക്കും വേണം. ശ്വേത മേനോനെയോ ബാബുരാജിനെയോ ടിനി ടോമിനെയോ ആരേയും വ്യക്തിപരമായി ജഡ്ജ് ചെയ്യാനോ കുറ്റപ്പെടുത്താനോ ഞാൻ ആഗ്രഹിക്കുന്നില്ല. ശ്വേതയുടെ രാജി അവരുടെ വ്യക്തിപരമായ വേദന കൊണ്ടോ തീരുമാനമോ ആകാം.
തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സിനിമ സംഘടനകൾ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സംഘടനയായിരുന്നു അമ്മ. അമ്മ എന്ന സംഘടന ഒരു കുടുംബം പോലെയാണ്. അതിനുള്ളിലെ പ്രശ്നങ്ങൾ റോഡിൽ വന്ന് പറയാതെ സംസാരിച്ച് തീർക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുണ്ടായിരിക്കുന്ന തർക്കങ്ങളെക്കുറിച്ചൊന്നും മുതിർന്ന താരങ്ങൾ മിണ്ടാതിരിക്കുന്നത് ഇതൊരു നാണക്കേടായതുകൊണ്ടാണ്.” ബാല പറഞ്ഞു.
“സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ആരും എവിടേയും ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ അമ്മ സംഘടന സാമ്പത്തികമായി സഹായിച്ചിരുന്നു. ഈ അടുത്തും സംഘടനയിൽ നിന്ന് ചികിത്സക്കായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു. പ്രായമായ താരങ്ങൾക്ക് നൽകുന്ന പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും നൽകുന്നു. ഇതൊന്നും ആരും എവിടേയും ചർച്ചയാക്കുകയോ പുറംലോകം അറിയുകയോ ചെയ്യുന്നില്ല. പകരം ഇപ്പോഴത്തെ സംഘടനയിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ആഘോഷിക്കാനുള്ള അവസരമായി മാറുകയാണ്.
പുതിയതായി വന്ന അഡ്ഹോക് കമ്മിറ്റിയിലാണ് ഇപ്പോഴത്തെ പ്രതീക്ഷ. രമേഷ് പിഷാരടി വളരെ സമചിത്തതയോടെ കാര്യങ്ങളെ കാണുന്ന ഒരാളാണ്. പ്രശ്നങ്ങളിൽ ഉൾപ്പെട്ട രണ്ട് പക്ഷത്തുനിന്നുള്ളവരേയും ശാന്തമായി കേൾക്കാനും കാര്യങ്ങൾ കേട്ടതിനുശേഷം ഏതാണ് ശരിയെന്നും തെറ്റെന്നും ന്യായം പറയാനുള്ള കഴിവ് രമേഷ് പിഷാരടിക്കുണ്ട്. അതുകൊണ്ട് തന്നെ സംഘടനക്കുള്ളിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പിഷാരടിക്ക് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.” ബാല കൂട്ടിച്ചേർത്തു.
അതേ സമയം കഴിഞ്ഞ ഞായറാഴ്ച നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയായിരുന്നു. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്.
വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനം. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡൻ്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്.
17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നൽകാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്. മുൻപൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെത്തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.
താരസംഘടനയായ ‘അമ്മ’ ഭരണസമിതിയുടെ കൂട്ടരാജിയെത്തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് നടനും എം.എൽ.എ.യുമായ രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയുടെ ശ്രമം. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കലാഭവൻ ഷാജോൺ, ആശാ അരവിന്ദ്, ദേവി ചന്ദന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റംഗങ്ങൾ. ഞായറാഴ്ച ജനറൽബോഡിയോഗത്തിൽ അവിശ്വാസപ്രമേയത്തെയും കണക്കുകളിലെ അവ്യക്തതകളെയുംചൊല്ലിയുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് പ്രസിഡന്റ് ശ്വേതാമേനോനും മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളും രാജിവെച്ചത്.
പ്രസിഡന്റടക്കമുള്ളവരുടെ രാജിക്ക് പിന്നാലെ മല്ലികാ സുകുമാരൻ തിങ്കളാഴ്ച സംഘടനയിൽനിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചാണ് പടിയിറക്കം. ‘സ്നേഹപൂർവം പടിയിറങ്ങുന്നു, ‘അമ്മ’യിൽനിന്നും. സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്ക്കൊപ്പം.’ എന്നാണ് മല്ലിക ഫെയ്സ്ബുക്കിൽ കുറിച്ചത്. അത് പോലെ അഡ്ഹോക്ക് കമ്മിറ്റിയിൽനിന്ന് നടി ആശാ അരവിന്ദും രാജിവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാജിവെച്ച ഭരണസമിതിയിലെ അംഗമായിരുന്നു ആശ.