
തിരുവനന്തപുരത്ത് വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ച തനിക്ക് ഒരു പൂങ്കാവനം തന്നെ ലഭിച്ച സന്തോഷമാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ ഉണ്ടായതെന്ന് അവർ പ്രതികരിച്ചു. സിനിമാ മേഖലയോടുള്ള സർക്കാരിൻ്റെ കരുതലിന് നന്ദി അറിയിച്ച മല്ലിക സുകുമാരൻ, കലാകാരന്മാർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ ബജറ്റെന്നും കൂട്ടിച്ചേർത്തു.
“ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം …ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ…. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി..ആദരണീയനായ മുഖ്യമന്ത്രിക്കും, സാംസ്കാരിക കേരളത്തിന്റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂചെണ്ടുകൾ.”-മലിക സുകുമാരൻ പറഞ്ഞു.
ബ്ലോക്ബസ്റ്റർ ബജറ്റ്
സിനിമ മേഖലയുടെ വികസനം ലക്ഷ്യമാക്കി കൊച്ചിയിൽ ‘ചിത്രനഗരം’ (ജെ.സി.ഡാനിയേൽ രാജ്യാന്തര ഫിലിം സിറ്റി) സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ചലച്ചിത്ര നിർമാണത്തിനു വ്യാവസായിക പദവി നൽകൽ, രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി (ഐഎഫ്എഫ്) സ്ഥിരം വേദിയൊരുക്കൽ, ശക്തമായ ആൻ്റി പൈറസി സെൽ രൂപീകരണം, ദേശീയ-രാജ്യാന്തര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയുൾപ്പെടെ സിനിമ വ്യവസായത്തിന്റെ അടിമുടി മാറ്റമാണ് 100 കോടി രൂപ വകയിരുത്തിയിട്ടുള്ള മെഗാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ തിരുവനന്തപുരമാണ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദി. സ്ഥിരം വേദിയൊരുക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് അത് കൊച്ചിയിലാകുമെന്നു പ്രചാരണമുണ്ടായി. എന്നാൽ, സ്ഥിരം വേദി കൊച്ചിയിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തുതന്നെ തുടരുമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ് വ്യക്തമാക്കി.
സിനിമയെ വ്യവസായമായി അംഗീകരിക്കണമെന്നത് ചലച്ചിത്ര പ്രവർത്തകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഔദ്യോഗികമായി വ്യാവസായിക പദവി ലഭിക്കുന്നതോടെ ബാങ്ക് വായ്പകൾ എളുപ്പമാകും. ഏകജാലക സംവിധാനത്തിലൂടെ ചിത്രീകരണത്തിനുള്ള വിവിധ സർക്കാർ അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങാതെ വേഗത്തിൽ ലഭ്യമാകും.
ഇൻഷുറൻസ് പരിരക്ഷയും സബ്സിഡികളും എളുപ്പമാകുന്നതോടെ നിർമാതാക്കളുടെ സാമ്പത്തിക സുരക്ഷിതത്വം വർധിക്കും. ആൻ്റി പൈറസി സെൽ കൂടി വരുന്നതോടെ വ്യാജപ്പതിപ്പ് മാഫിയയ്ക്കു തടയിടാനും സാധിക്കും. പദ്ധതികളെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി അറിയിച്ചു.