
തെന്നിന്ത്യൻ സിനിമാ നടി രുക്മിണി വസന്തിന്റെ ഡീപ്ഫേക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബഗൽകോട്ട് സ്വദേശിയായ രവികുമാർ (24), ശിവമോഗ സ്വദേശിയായ ചന്ദ്രകാന്ത് (33), ബെംഗളൂരു സ്വദേശി രഞ്ജിത്ത് (25) എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവരുടെ വ്യാജ ബിക്കിനി ചിത്രങ്ങൾ പ്രതികൾ നിർമിച്ചത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് സ്വിമ്മിംഗ് പൂളിലെ ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ എന്ന വ്യാജേന രുക്മിണിയുടേതെന്ന പേരിൽ ഡീപ്ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളവയായതിനാൽ ഇത് യഥാർത്ഥമാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നടി നിയമനടപടികളിലേക്ക് നീങ്ങിയത്.
‘സപ്ത സാഗരദച്ചെ എല്ലൊ’ (സൈഡ് എ, സൈഡ് ബി) എന്നീ ചിത്രങ്ങളിലെ ‘പ്രിയ’ എന്ന കഥാപാത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രുക്മിണി വസന്ത്. ഈ ചിത്രത്തിലെ പ്രകടനത്തിന് 2023-ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും (കന്നഡ) അവർക്ക് ലഭിച്ചിരുന്നു. 2019-ൽ ‘ബീർബൽ ട്രിലോജി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം ‘ബാണാദരിയല്ലി’, ‘ബഗീര’, ‘ഭൈരതി രണഗൽ’ തുടങ്ങിയ സിനിമകളിലൂടെ മുൻനിരയിലേക്ക് ഉയർന്നു. നിലവിൽ ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റർ 1’, യഷിന്റെ ‘ടോക്സിക്’, പ്രശാന്ത് നീൽ ചിത്രം ‘ഡ്രാഗൺ’ തുടങ്ങിയ വൻകിട പ്രോജക്റ്റുകളുടെ ഭാഗമാണ് താരം. തെലുങ്കിൽ ‘അപ്പുഡോ ഇപ്പുഡോ എപ്പുഡോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രുക്മിണി, ശിവകാർത്തികേയനൊപ്പം ‘മദ്രാസി’ എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.