“മമ്മൂട്ടിയുടെ പിന്നാലെ നടന്നത് 7 മാസം”; ‘ഓം ചാപ്റ്റർ 1’ലേക്ക് മെഗാസ്റ്റാറിനെ എത്തിച്ചതിനെക്കുറിച്ച് രാജ്കുമാർ പെരിയസാമി!

','

' ); } ?>

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഓം ചാപ്റ്റർ 1- ഉധിരം: ദ് ബ്ലഡ് വുഡ്’ പ്രഖ്യാപിച്ചതു മുതൽ സിനിമാലോകം വലിയ ആവേശത്തിലാണ്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വിഡിയോയിൽ മമ്മൂട്ടി ഇല്ലാതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയെ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലേക്ക് എത്തിക്കാൻ താൻ നടത്തിയ നീണ്ട കാത്തിരിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി.

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് മമ്മൂട്ടിയെ സിനിമയിലേക്ക് ക്ഷണിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾ സംവിധായകൻ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥ പറയുന്നതിനായി ഏഴ് മാസത്തോളം തനിക്ക് മമ്മൂട്ടിയുടെ പിന്നാലെ നടക്കേണ്ടി വന്നുവെന്ന് രാജ്കുമാർ വെളിപ്പെടുത്തി. ആദ്യമൊന്നും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചിരുന്നില്ലെന്നും നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ചെന്നൈയിലെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മണിക്കൂറോളം നീണ്ട ആ കൂടിക്കാഴ്ചയിൽ കഥ വിശദമായി കേട്ട ശേഷം മമ്മൂട്ടിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. ആ സംശയങ്ങളെല്ലാം കൃത്യമായി തീർത്തുകൊടുത്തതോടെ മമ്മൂട്ടി ചിത്രത്തിന് ഉടനടി പച്ചക്കൊടി കാട്ടുകയായിരുന്നുവെന്ന് സംവിധായകൻ ഓർത്തെടുത്തു. മമ്മൂട്ടിയും ധനുഷും തങ്ങളുടെ അഭിനയ പാരമ്പര്യത്തിൽ നിന്ന് വരുന്നവരായതുകൊണ്ട് തന്നെ കാര്യങ്ങൾ ആശയവിനിമയം നടത്താൻ വളരെ എളുപ്പമായിരുന്നുവെന്നും ഇവരുടെ ഒത്തുചേരൽ സിനിമയ്ക്ക് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സായ് പല്ലവിയും ശ്രീലീലയും നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധനുഷും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. മുൻപ് മമ്മൂട്ടി ചിത്രമായ ‘കമ്മത്ത് ആൻഡ് കമ്മത്തിൽ’ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. എന്തായാലും തെന്നിന്ത്യൻ സിനിമയിലെ ഈ രണ്ട് വൻമരങ്ങൾ ഒന്നിക്കുന്ന ‘ഓം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.