
തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ മലയാളി താരം ആര്യ ഒടുവിൽ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത്, മുരളി ഗോപി തിരക്കഥയൊരുക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുന്നത്. ചിത്രത്തിന്റെ വൺലൈൻ കഥ ഇഷ്ടപ്പെട്ടതോടെയാണ് സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് ആര്യ വ്യക്തമാക്കി. കൂടാതെ മലയാള സിനിമയിലേക്ക് വരാൻ വൈകിയതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
മാതൃഭാഷയിലേക്ക് കടന്നുവരാൻ കൃത്യമായൊരു സമയത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ആര്യ പറയുന്നു. പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലായിരുന്നെന്നും സിനിമ തന്റെ ജീവിത പ്ലാനുകളിൽ പോലുമില്ലാത്ത ഒന്നായിരുന്നെന്നും താരം ഓർത്തെടുത്തു. അവിചാരിതമായാണ് തമിഴ് സിനിമയിലെത്തുന്നതും തുടർന്ന് അവിടെത്തന്നെ നിരവധി അവസരങ്ങൾ തേടിയെത്തിയതും.
ഇതിനിടെ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ഉറുമി’യിൽ ഒരു ചെറിയ വേഷം ചെയ്യാൻ ആര്യയ്ക്ക് അവസരം ലഭിച്ചിരുന്നു. തമിഴിൽ മാത്രം അഭിനയിക്കുന്നതിനെക്കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും നിരന്തരം ചോദിക്കാറുണ്ടായിരുന്നെന്നും ഒരു മലയാളം സിനിമ ചെയ്യണമെന്ന് അവർ എപ്പോഴും ആഗ്രഹിച്ചിരുന്നെന്നും ആര്യ കൂട്ടിച്ചേർത്തു.
എന്നാൽ തമിഴിൽ താൻ അഭിനയിച്ച സിനിമകളെല്ലാം തന്നെ പൂർത്തിയാക്കാൻ രണ്ടോ മൂന്നോ വർഷത്തോളം നീണ്ട സമയമെടുക്കുന്നവയായിരുന്നു. ഉദാഹരണത്തിന് ‘നാൻ കടവുൾ’ എന്ന ചിത്രത്തിന് വേണ്ടി മാത്രം വർഷങ്ങളാണ് മാറ്റിവെക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ മലയാളത്തിൽ ഒരു സിനിമയ്ക്കായി മൂന്ന് മാസം തുടർച്ചയായി മാറ്റിവെക്കാൻ തനിക്ക് സാധിക്കുമായിരുന്നില്ല. ഒടുവിൽ കഥയിലും അണിയറപ്രവർത്തകരിലും പൂർണ്ണ തൃപ്തി തോന്നിയ ഒരു നല്ല പ്രോജക്റ്റ് ഒത്തുവന്നപ്പോഴാണ് ‘അനന്തൻ കാട്’ ചെയ്യാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ഇതിനിടയിലുള്ള സമയങ്ങളിൽ താൻ നിർമ്മിച്ച ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ മാത്രമാണ് ചെയ്തിരുന്നതെന്നും ആര്യ കൂട്ടിച്ചേർത്തു.