“സിനിമയ്ക്ക് പുത്തൻ ഉണർവ്, വലിയ പ്രതീക്ഷ”; ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

','

' ); } ?>

സംസ്ഥാന ബജറ്റിൽ സിനിമയ്ക്ക് വ്യവസായ പദവി നൽകിയ സർക്കാർ തീരുമാനത്തെ പ്രശംസിച്ച് നടൻ മോഹൻലാൽ. മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി അറിയിച്ച താരം, ഈ പ്രഖ്യാപനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും ആയിരക്കണക്കിന് ചലച്ചിത്ര പ്രവർത്തകർക്ക് വലിയ പ്രതീക്ഷയും നൽകുമെന്നും ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചിയിൽ ‘ചിത്രനഗരം’ എന്ന പേരിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് സിനിമയെ വ്യവസായമായി അം​ഗീകരിക്കാനുള്ള ചരിത്രപരമായ തീരുമാനം യുഡിഎഫ് സർക്കാർ ബജറ്റിൽ കൈക്കൊണ്ടത്.

സിനിമയ്ക്ക് പുറമെ ടൂറിസം മേഖലയ്ക്കും ബജറ്റിൽ വ്യവസായ പദവി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തോട്ടം മേഖലയിലെ കൂടുതൽ സ്ഥലം ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുതിയ തീർത്ഥാടന ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാക്കാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സമുദ്രയാത്രാ ചരിത്രവും കപ്പൽ നിർമ്മാണ പാരമ്പര്യവും വാണിജ്യപൈതൃകവും സമന്വയിപ്പിച്ചു കൊണ്ട് അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്നും അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

സാംസ്കാരിക-കലാ രംഗങ്ങളിലെ പ്രമുഖരുടെ ഓർമ്മകൾക്കായി നിരവധി സ്മാരകങ്ങളും പാർക്കുകളുമാണ് പുതിയ ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമിയും സ്ഥാപിക്കും. തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമിയും എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകവും ഉയരും. ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം സ്ഥാപിക്കുന്നതിനൊപ്പം ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും നിർമ്മിക്കും. മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് തിരുവനന്തപുരം പട്ടത്ത് സ്മാരക മന്ദിരവും ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പ്രത്യേക പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും പുതിയ ബജറ്റിൽ തീരുമാനമായി. കൂടാതെ ‘ബ്രാൻഡ് കേരളം’ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ തനത് ഉൽപ്പന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങൾ, കയർ, ഹാൻഡ്‌ലൂം എന്നിവ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുമെന്നും സർക്കാർ അറിയിച്ചു.