‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം അജിത് എവിടെ? സൂപ്പർതാരത്തിന്റെ പുതിയ സിനിമകൾ വൈകുന്നതിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത്

','

' ); } ?>

തമിഴ് സൂപ്പർതാരം അജിത് കുമാർ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കാത്തതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം. താരം കാർ റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സിനിമകൾ വൈകാൻ കാരണമെന്ന് പരക്കെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, യഥാർത്ഥ പ്രതിസന്ധി താരത്തിന്റെ ഉയർന്ന പ്രതിഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള തുകയാണ് അജിത് ആവശ്യപ്പെടുന്നത്. തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരുപ്പൂർ സുബ്രഹ്മണ്യം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഏകദേശം 110 മുതൽ 120 കോടി രൂപ വരെയാണ് അജിത് ഒരു ചിത്രത്തിന് പ്രതിഫലമായി ആവശ്യപ്പെടുന്നത്. എന്നാൽ ഈ തുക നൽകാൻ നിലവിൽ തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ആരുമില്ലാത്ത അവസ്ഥയാണ്. റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്സ്, സൺ പിക്ചേഴ്സ്, വെൽസ് എന്റർടൈൻമെന്റ്സ് തുടങ്ങിയ വമ്പൻ നിർമാണ കമ്പനികൾ പുതിയ പ്രോജക്റ്റുകളുമായി രംഗത്തുണ്ടെങ്കിലും ഇത്രയും വലിയ സാമ്പത്തിക റിസ്ക് എടുക്കാൻ അവർ തയ്യാറല്ല. നിശ്ചിത പ്രതിഫലം നൽകുന്നതിനേക്കാൾ ലാഭവിഹിതം (Profit-sharing) പങ്കുവെക്കുന്ന രീതിയാണ് ഈ നിർമാതാക്കൾക്കെല്ലാം താല്പര്യം. എന്നാൽ തന്റെ നിശ്ചിത പ്രതിഫലമെന്ന നിലപാടിൽ അജിത് ഉറച്ചുനിൽക്കുന്നത് പുതിയ സിനിമകളുടെ തുടർച്ചയെ ബാധിക്കുന്നുണ്ട്. താരം നിർമാണ കമ്പനികളുമായി ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ സഹകരിക്കാൻ തയ്യാറായാൽ മാത്രമേ തമിഴ് സിനിമയ്ക്ക് അദ്ദേഹത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ ലഭിക്കുകയുള്ളൂ എന്ന് സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു. അജിത് ഇപ്പോൾ തന്നെ സാമ്പത്തികമായി ഏറെ സുരക്ഷിതനാണെന്നും പരസ്യങ്ങളിലൂടെയും മറ്റും മികച്ച വരുമാനം നേടുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, തമിഴ് സിനിമാ വ്യവസായത്തെ സഹായിക്കുന്ന രീതിയിലുള്ള സമീപനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ സിനിമകളിൽ താരങ്ങളുടെ പ്രതിഫലം കുത്തനെ വർധിച്ചതിന് പിന്നിൽ തെലുങ്ക് സിനിമാ നിർമ്മാതാക്കൾക്കും പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘വാരിസ്’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ തെലുങ്ക് നിർമ്മാതാക്കൾ വിജയ്ക്കും അജിത്തിനും വൻതുക പ്രതിഫലം നൽകിയെന്നും, ഇത് തമിഴിലെ താരങ്ങളുടെ പ്രതിഫല ഘടന തന്നെ പൂർണ്ണമായി മാറ്റിയെന്നും ഒരു തമിഴ് നിർമാതാവ് അടുത്തിടെ വെളിപ്പെടുത്തിയതായി ‘ഗുൾട്ടെ’ റിപ്പോർട്ട് ചെയ്തിരുന്നു.

2025-ൽ പുറത്തിറങ്ങിയ ‘വിടാമുയർച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നിവയാണ് അജിത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. ഇതിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’ക്ക് ലോകവ്യാപകമായി 135.89 കോടി രൂപ മാത്രമാണ് നേടാനായതെങ്കിൽ, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ 248.25 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി വലിയ വിജയമായിരുന്നു. ഈ വൻ വിജയത്തിന് ശേഷവും പുതിയ പ്രോജക്റ്റുകൾ ഒപ്പുവെക്കാതെ താരം റേസിങ് ട്രാക്കുകളിൽ സജീവമായി തുടരുകയാണ്.