
നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രാചി തെഹ്‌ലാൻ. ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആരംഭിച്ച, ഏഴുവർഷത്തോളമായി തുടരുന്ന തങ്ങളുടെ ഹൃദ്യമായ സൗഹൃദത്തെക്കുറിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വാചാലയായത്.
കണ്ണുകളിൽ ഇപ്പോഴും കുട്ടിത്തം നിറഞ്ഞ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് ഉണ്ണി മുകുന്ദനെന്ന് പ്രാചി കുറിച്ചു. തങ്ങൾ തമ്മിലുള്ള ഈ ദീർഘകാല സൗഹൃദം ഏറെ പ്രിയപ്പെട്ടതാണെന്നും താരം കൂട്ടിച്ചേർത്തു. ഇരുവരും ഒന്നിച്ചഭിനയിച്ച മമ്മൂട്ടി ചിത്രം ‘മാമാങ്കം’ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്കിടയിലെ സൗഹൃദം മാറ്റമില്ലാതെ തുടരുന്നതിനെ ആരാധകരും സോഷ്യൽ മീഡിയയും ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
പ്രാചിയുടെ കുറിപ്പിന്റെ പൂർണ രൂപം
‘2018-ൽ മാമാങ്കത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്. സ്ത്രീവേഷത്തിലുള്ള ചാണക്യതന്ത്രം സിനിമയുടെ പോസ്റ്ററിൽ. വളരെ പുതുമയുള്ളതായി തോന്നിയ ആ പോസ്റ്റർ എന്റെ മനസിൽ പതിഞ്ഞു. ഇത്രയും മനോഹരമായി അത് ചെയ്‌തതാരാണെന്ന് അന്ന് ഞാൻ ചിന്തിച്ചു. തൊട്ടടുത്ത വർഷം 2019-ൽ ഞങ്ങൾ മാമാങ്കത്തിൽ ഒന്നിച്ച് അഭിനയിക്കുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.
അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്, പ്രത്യേകിച്ച് ഷൂട്ടിങ് സെറ്റിൽ എന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാൻ കഴിയുന്ന ഒരാളെ കിട്ടിയപ്പോൾ. അന്നുമുതൽ ഞാൻ കണ്ടിട്ടുള്ള ഉണ്ണിയാണ് ഇപ്പോഴും
ഉണ്ണിയുടെ യഥാർഥ വശത്തെക്കുറിച്ച് എത്രപേർക്ക് അറിയാമെന്ന് എനിക്കറിയില്ല. എന്നാൽ എൻ്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ, സ്ക്രീനിന് പുറത്ത് കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്തിനെയാണ് ഞാൻ കാണുന്നത്. ചിലർക്ക് അവൻ ശാഠ്യക്കാരനായിരിക്കാം. എന്നാൽ അതൊക്കെ തന്നെയാണ് അവനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒരു നടൻ എന്നതിലുപരി മികച്ചൊരു മനുഷ്യനാണ് അവൻ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്താൽ സ്വന്തം പേര് കെട്ടിപ്പടുത്ത ഒന്നാം തലമുറ നടനാണ് ഉണ്ണി. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഏറ്റവും ചെറിയ കാര്യങ്ങൾക്കും തമാശകൾക്കും പൊട്ടിച്ചിരിക്കാനും പരസ്‌പരം കളിയാക്കാനും ഒട്ടും വിരസതയില്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും ഞങ്ങൾക്ക് സാധിക്കാറുണ്ട്. ഇതാണ് ഞങ്ങളുടെ ലളിതമായ സൗഹൃദം. എനിക്ക് ഏറെ ഇഷ്ടമുള്ള ‘ടീ ഡേറ്റുകൾക്ക്’ കൊണ്ടുപോകുന്ന ഏക സുഹൃത്ത് ഉണ്ണിയാണ്.” പ്രാചി കുറിച്ചു.
പരസ്പരം കളിയാക്കലുകളും തമാശകളും പിണക്കങ്ങളുമായി കഴിഞ്ഞ ഏഴ് വർഷത്തെ സൗഹൃദത്തിൻ്റെ ഓർമകൾ പങ്കുവെച്ച പ്രാചി, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ പുതിയ ചുവടുവെപ്പുകൾക്ക് അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ഈ വഴി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് അറിയാമെന്നും എന്നാൽ താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും പറഞ്ഞ പ്രാചി, പുഞ്ചിരിയോടെ ജനങ്ങളെ എന്നും വിനോദിപ്പിക്കാൻ ‘സൂപ്പർമാന്’ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
മാമാങ്കം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയും മുൻ ദേശീയ കായികതാരവുമായ പ്രാചി തെഹ്ലാൻ 2010-11ൽ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. ബാസ്കറ്റ്ബോളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ ഡൽഹിക്കാരി.