“നിലപാടുകൾ സ്വീകരിക്കുന്നവരെ പുറത്താക്കിയ ചരിത്രമാണ് ‘അമ്മ’യ്ക്കുള്ളത്”; അൻസിബയെ പിന്തുണച്ച് സംവിധായകൻ

','

' ); } ?>

മലയാള സിനിമയിലെ പുതിയ വിവാദങ്ങളിൽ നടി അന്‍സിബ ഹസ്സന് പിന്തുണയുമായി സംവിധായകന്‍ ആലപ്പി അഷ്റഫ് രംഗത്ത്. അമ്മ സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളും ലക്ഷ്മി പ്രിയ, ടിനി ടോം എന്നിവർക്കെതിരെയുള്ള അൻസിബയുടെ ആരോപണങ്ങളും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് അഷ്റഫിന്റെ പ്രതികരണം.

അമ്മ എന്ന സംഘടനയുടെ നീതിനിഷേധങ്ങൾക്കെതിരെ സംസാരിക്കുന്ന അന്‍സിബയെ പുറത്താക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവരെ പുറത്താക്കിയ ചരിത്രമാണ് ‘അമ്മ’യ്ക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിനി ടോമിൽ നിന്ന് നേരിട്ട വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ അൻസിബ നടത്തുന്ന പോരാട്ടത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. അൻസിബയെ അധിക്ഷേപിക്കുന്നത് കേട്ടുവെന്ന് തുറന്നുപറഞ്ഞ നടി നീന കുറുപ്പിന്റെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. മറ്റ് പല നടിമാരും മൗനം പാലിച്ചപ്പോൾ സത്യത്തിനൊപ്പം നിന്ന നീന കുറുപ്പ് അൻസിബയ്ക്ക് വലിയ കരുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിനി ടോമിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന അൻസിബയുടെ ഭയത്തിന് അടിസ്ഥാനമില്ലെന്നും, ഇത്തരം നീചമായ പ്രവർത്തികൾക്ക് രാഷ്ട്രീയക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ ഒരു സഹോദരിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറഞ്ഞ് കേസിൽ നിന്ന് ഒഴിയുകയാണ് ടിനി ടോം ചെയ്യേണ്ടതെന്ന് അഷ്റഫ് ഉപദേശിച്ചു.

ലക്ഷ്മി പ്രിയ നൽകുമെന്ന് പറയുന്ന 10 കോടി രൂപയുടെ മാനനഷ്ടക്കേസിനെയും അദ്ദേഹം പരിഹസിച്ചു. അത്രയും തുകയ്ക്ക് കേസ് ഫയൽ ചെയ്യണമെങ്കിൽ അതിന്റെ 10 ശതമാനമായ ഒരു കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും, പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, അത്രയും തുകയുടെ മാനഹാനി തനിക്കുണ്ടായോ എന്ന് കോടതിയിൽ തെളിയിക്കേണ്ടി വരും. മറ്റുള്ളവരുടെ അഭിമാനത്തിന് വില കൽപ്പിക്കാത്തവർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അൻസിബയെ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെയും അഷ്റഫ് ശക്തമായി വിമർശിച്ചു.