“ദൃശ്യം ഹിന്ദുക്കളാരും കണ്ടിട്ടില്ലേ? എനിക്കറിയാവുന്ന അൻസിബയെയല്ല മാധ്യങ്ങൾക്ക് മുൻപിൽ ഞാൻ കണ്ടത്”; മല്ലിക സുകുമാരൻ

','

' ); } ?>

അമ്മ സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും നടി അൻസിബ ഹസൻ നൽകിയ പരാതിയും കൂടുതൽ സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തിൽ, പ്രതികരണവുമായി മുതിർന്ന നടി മല്ലിക സുകുമാരൻ. അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ച ‘ജിഹാദി’ പ്രയോഗവുമായി ബന്ധപ്പെട്ട പരാതിയിൽ മല്ലിക സുകുമാരൻ ശക്തമായ സംശയം പ്രകടിപ്പിച്ചു. അൻസിബ ആദ്യം പറഞ്ഞത് ടിനി തന്നെ ജിഹാദി എന്ന് വിളിച്ചു എന്നാണെന്നും, എന്നാൽ പിന്നീട് അത് നടി നീന കുറുപ്പ് വഴി അറിഞ്ഞതാണെന്ന് മാറ്റിപ്പറയുകയുമാണുണ്ടായതെന്നും മല്ലിക ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

തനിക്ക് മെയ് അഞ്ചാം തീയതി വരെ വളരെ അടുത്തറിയാമായിരുന്ന സ്മാർട്ടായ അൻസിബയെയല്ല പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ കണ്ടത്. മൈക്കിന് മുന്നിലെത്തിയപ്പോൾ ഒരു റിബൽ സ്വഭാവത്തിലേക്ക് അൻസിബയുടെ സംസാരരീതി മാറി. ടിനി ടോം അങ്ങനെ സംസാരിച്ചു എന്ന് കേട്ടപ്പോൾ ആദ്യം തനിക്കും വിഷമം തോന്നിയിരുന്നു. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് നേരിട്ട് കേട്ടതല്ലെന്നും നീന കുറുപ്പ് പറഞ്ഞതാണെന്നും വ്യക്തമായത്. ഇതിനിടയിൽ ‘കുടപ്പനക്കുന്ന് രാജീവും മകനും ഈ കഥ പറഞ്ഞില്ലായിരുന്നെങ്കിൽ എന്നെ പിടിച്ച് ജയിലിൽ അടയ്ക്കില്ലായിരുന്നോ’ എന്ന് അൻസിബ ചോദിച്ചതോടെയാണ് ആ കുട്ടിയെക്കുറിച്ചുള്ള തന്റെ നല്ല അഭിപ്രായം മാറിയതെന്ന് മല്ലിക സുകുമാരൻ പറയുന്നു. കുടപ്പനക്കുന്ന് രാജീവിന്റെ സന്ദേശം അൻസിബയ്ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും അവർ ചോദിക്കുന്നു.

പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ‘മതപരമായി ബന്ധപ്പെട്ട് ഒരുത്തന്റെയും ഡിസ്പ്ലേ അവിടെ വരാൻ പാടില്ല’ എന്ന് അൻസിബ പറഞ്ഞത് എന്ത് വികാരത്തിന്റെ പുറത്താണെന്ന് മനസ്സിലാകുന്നില്ല. അൻസിബ മുൻപ് അമ്പലങ്ങളിൽ പോയിട്ടുള്ളതാണെന്നും, അവർക്ക് ഹിന്ദുക്കളോട് യാതൊരു വിരോധവുമില്ലെന്നും മല്ലിക ഓർമ്മിപ്പിച്ചു. അൻസിബ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ദൃശ്യം’ സിനിമ ഹിന്ദുക്കളാരും കണ്ടിട്ടില്ലേ എന്നും, ഇല്ലാത്ത കാര്യങ്ങൾ കുത്തിത്തിരുകി കൊടുക്കരുതെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. ഓരോ ദിവസം കഴിയുന്തോറും ഇതൊന്നും അൻസിബയോട് നേരിട്ട് ചെയ്ത കാര്യങ്ങളല്ലെന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സംഘടനയ്ക്കെതിരെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരം പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ അൻസിബ ഹസന് സംഘടന കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നും, സംഘടനയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിച്ച് അൻസിബ മറുപടി നൽകി. ടിനി ടോമിനെതിരായ തന്റെ പരാതിയിൽ സംഘടന ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് നിയമപരമായി മുന്നോട്ട് പോകാൻ നിർബന്ധിതയായതെന്നും താരം വ്യക്തമാക്കി. എന്നാൽ അൻസിബയുടെ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ടിനി ടോം, താൻ ആരെയും ‘ജിഹാദി’ എന്ന് വിളിച്ചിട്ടില്ലെന്നും അപവാദങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നുമാണ് വ്യക്തമാക്കുന്നത്. നിലവിൽ അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.