
രാം ചരൺ നായകനായ ‘പെദ്ധി’ എന്ന ചിത്രത്തിലെ നടി ജാൻവി കപൂറിന്റെ കഥാപാത്രരൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടി മധുബാല. രാം ചരണിന്റെ പതിനാറാമത് ചിത്രമായി തിയേറ്ററുകളിലെത്തിയ ‘പെദ്ധി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും, ജാൻവിയുടെ കഥാപാത്രത്തെയും രാം ചരണുമായുള്ള പ്രണയരംഗങ്ങളെയും ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാൻവി കപൂറിന് പിന്തുണയുമായി മധുബാല രംഗത്തെത്തിയത്.
സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയിൽ നടിമാർക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ടെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു താരം. ചിത്രീകരണ സമയത്ത് നടിമാർ ചെയ്യുന്ന നൃത്തവും മറ്റ് പ്രകടനങ്ങളും മനോഹരമായി കാണിക്കുന്നതും ലൈംഗികവത്കരിക്കുന്നതുമെല്ലാം ക്യാമറ ആംഗിളുകളെ ആശ്രയിച്ചാണിരിക്കുന്നതെന്നും, പലപ്പോഴും നടിമാർക്ക് അക്കാര്യത്തിൽ മുൻകൂട്ടി അറിവുണ്ടാകാറില്ലെന്നും മധുബാല വ്യക്തമാക്കി. എന്നാൽ ഇത്തരം കാര്യങ്ങളിൽ ബോധ്യമുണ്ടാവുകയും വിയോജിപ്പ് തോന്നുകയും ചെയ്താൽ അത് ചെയ്യില്ല എന്ന് പറയാൻ നടിമാർക്ക് സാധിക്കണമെന്നും മധുബാല കൂട്ടിച്ചേർത്തു. ജാൻവി നല്ലൊരു നർത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും നടി എന്ന നിലയിൽ അവർ വളരുകയാണെന്നും താരം അഭിപ്രായപ്പെട്ടു.
അതേസമയം, ചിത്രത്തിലെ പ്രണയരംഗങ്ങൾക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ബുച്ചി ബാബു സനയും രംഗത്തെത്തിയിരുന്നു. പ്രേക്ഷകരിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് സമ്മതിച്ച സംവിധായകൻ, കഥാപാത്രങ്ങൾക്കിടയിലെ മനോഹരമായ പ്രണയമാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ ചില ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നുവെന്നും വ്യക്തമാക്കി. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു നിര്‍മിച്ച്, മൈത്രി മൂവി മേക്കര്‍സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.