നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണം

','

' ); } ?>

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവുകളായ മെമ്മറി കാർഡും പെൻഡ്രൈവും ഒരു മാസത്തിനകം സീൽ വെച്ച കവറിൽ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, വിഷയത്തിൽ വിശദമായ മറുപടി നൽകാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ തുറന്ന് പരിശോധിക്കപ്പെട്ടതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന്മേൽ വിചാരണക്കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നാണ് അതിജീവിതയുടെ നിലപാട്. ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ച് ഒരു പ്രത്യേക സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നും, മെമ്മറി കാർഡ് കോപ്പി ചെയ്‌ത പെൻഡ്രൈവ് ഉൾപ്പെടെ ലാബിലയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് അതിജീവിത ഹർജിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്.

അതേസമയം, അതിജീവിതയുടെ ഈ നിർണായക ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ട് ജഡ്‌ജിമാർ തുടർച്ചയായി പിന്മാറിയത് ശ്രദ്ധേയമായി. ഹർജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസിൽ നിന്ന് ആദ്യം ഒഴിഞ്ഞത്. തൊട്ടുപിന്നാലെ ജസ്റ്റിസ് കൗസർ ഇടപ്പകത്തും ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരുന്ന കൗസർ ഇടപ്പകത്തിൻ്റെ കോടതിയിലെ ജീവനക്കാർക്കെതിരെ മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പുറത്തുവന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായ ജഡ്ജിമാരുടെ പിന്മാറ്റത്തെ തുടർന്ന് മെമ്മറി കാർഡ് കേസിലെ ഈ ഹർജി നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയിലാണ്. ഇനി ഏത് ബെഞ്ചാണ് ഈ കേസിൽ വാദം കേൾക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.