“കെ-റെയില്‍ വരുമെന്ന് പിണറായി പറഞ്ഞ പോലെ അല്ല, മോഹൻലാൽ ചിത്രം വരും”; മേജർ രവി

','

' ); } ?>

മേജർ രവി-മോഹൻലാൽ കൂട്ടുകെട്ടിൽ പുതിയ സൈനിക ചിത്രം വരുന്നു. ‘പഹൽഗാം ഒപി സിന്ദൂർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം മേജർ രവി തന്നെയാണ് നടത്തിയത്. ചിത്രത്തിന് കന്നഡയിൽ നിന്നും പുതിയ നിർമാതാവിനെ ലഭിച്ചുവെന്നും കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതു പോലെയല്ല, മോഹൻലാൽ ചിത്രം വന്നിരിക്കുമെന്നും മേജർ രവി പറഞ്ഞു. മേക്ക് സെൻസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും അതിനെത്തുടർന്നുണ്ടായ ഇന്ത്യൻ സൈനിക നടപടിയെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഓപ്പറേഷൻ സിന്ദൂർ’, ‘ഓപ്പറേഷൻ മഹാദേവ്’ തുടങ്ങിയ യഥാർത്ഥ സൈനിക മുന്നേറ്റങ്ങളാണ് സിനിമയ്ക്ക് പശ്ചാത്തലമാകുന്നത്. ചിത്രത്തിൽ മോഹൻലാൽ തന്റെ ഐക്കോണിക് കഥാപാത്രമായ മേജർ മഹാദേവനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും. മനുഷ്യത്വത്തിന്റെ കഥ പറയുന്നതോടൊപ്പം തന്നെ ശക്തമായ പ്രതികാരത്തിന്റെ പീക്ക് ലെവൽ ആക്ഷനും ചിത്രത്തിലുണ്ടാകുമെന്ന് മേജർ രവി ഉറപ്പുനൽകുന്നു.

കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചിത്രത്തിന്റെ കഥ കൂടുതൽ ശക്തമാക്കുകയും, ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള ഔദ്യോഗിക അനുമതികൾ ഉൾപ്പെടെയുള്ള നടപടികൾ ഇതിനോടകം തന്നെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് മോഹൻലാൽ നൽകിയ നിർദ്ദേശപ്രകാരം, മികച്ചൊരു നിർമാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു ടീം. കഴിഞ്ഞയാഴ്ചയാണ് കന്നഡയിൽ നിന്നുള്ള പ്രൊഡ്യൂസർ പ്രോജക്റ്റിലേക്ക് എത്തുന്നത്.

2017-ൽ പുറത്തിറങ്ങിയ ‘1971 ബിയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ‘കീർത്തിചക്ര’, ‘കുരുക്ഷേത്ര’, ‘കാണ്ഡഹാർ’, ‘1971: ബിയോണ്ട് ബോർഡേഴ്സ്’ എന്നീ ജനപ്രിയ യുദ്ധചിത്രങ്ങൾക്കും, ആക്ഷൻ ത്രില്ലറായ ‘കർമ്മയോദ്ധ’യ്ക്കും ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ആറാമത്തെ ചിത്രമായിരിക്കും ‘പഹൽഗാം ഒപി സിന്ദൂർ’.