
താരസംഘടനയായ ‘അമ്മ’യുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന തരത്തിൽ പരസ്യപ്രതികരണങ്ങൾ നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസന് സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസ്. വിഷയത്തിൽ ജൂൺ 17-നകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അൻസിബ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഘടനയ്ക്കുള്ളിൽ തന്നെ സംസാരിച്ചു തീർക്കാമായിരുന്ന പ്രശ്നങ്ങൾ അനാവശ്യമായി പുറത്തേക്ക് വലിച്ചിഴച്ചതിലൂടെ വലിയ അവമതിപ്പാണ് ഉണ്ടായതെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. സംഘടനാ നിയമാവലി (ബൈലോ) പാലിക്കാൻ ബാധ്യതയുള്ള ഒരു ഭാരവാഹി തന്നെ പുറത്തുപോയി ആരോപണങ്ങൾ ഉന്നയിച്ചത് സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു.
‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ അടുത്തിടെ രാജിവെച്ചതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജിയെങ്കിലും, പിന്നീട് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തുകയായിരുന്നു. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
‘അമ്മ’ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിൽ ഉടലെടുത്ത തർക്കങ്ങളാണ് പിന്നീട് വ്യക്തിഹത്യയിലേക്കും പരസ്യമായ വിഴുപ്പലക്കലിലേക്കും വഴിമാറിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഘടന ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്.