“മുൻകൂർ അറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും”; വ്യാജവാർത്തകൾക്കും ഡീപ്പ് ഫേക്ക് വീഡിയോകൾക്കുമെതിരെ റസൂൽ പൂക്കുട്ടി

','

' ); } ?>

നടി സജ്ന നൂറുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും ഡീപ്പ് ഫേക്ക് വീഡിയോകൾക്കുമെതിരെ കർശന നിയമനടപടിയുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. അനുമതിയില്ലാതെ തന്റെ പേരോ ചിത്രമോ ശബ്ദമോ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ മുൻകൂർ അറിയിപ്പില്ലാതെ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്തകൾ അതിരുകടന്ന പശ്ചാത്തലത്തിൽ, റസൂൽ പൂക്കുട്ടിയുടെ അഭിഭാഷകൻ മുഖേനയാണ് ഔദ്യോഗികമായി നിയമപരമായ പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ചില വ്യക്തികളും യൂട്യൂബ് ചാനലുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ റസൂൽ പൂക്കുട്ടിയുടെ പേരും പ്രശസ്തിയും വാണിജ്യലാഭത്തിനായി നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സൽപ്പേരിന് ഗുരുതരമായ മങ്ങലേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നിയന്ത്രണത്തിലുള്ളതോ രേഖാമൂലം അനുമതി നൽകിയിട്ടുള്ളതോ ആയ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ റസൂൽ പൂക്കുട്ടിയുടെ പേരോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ അവകാശമുള്ളൂ. അല്ലാത്തവർ അദ്ദേഹവുമായി ബന്ധമുണ്ടെന്ന തരത്തിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ നൽകുന്നതും കുറ്റകരമാണെന്ന് പത്രക്കുറിപ്പിൽ വിശദമാക്കുന്നു.

എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യാജ കണ്ടന്റുകൾക്കെതിരെയും നോട്ടീസിൽ കടുത്ത താക്കീതുണ്ട്. ജനറേറ്റീവ് എഐ, ഡീപ്‌ഫേക്ക് വീഡിയോകൾ, ഡിജിറ്റലായി രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ, ശബ്ദം അനുകരിച്ച് സൃഷ്ടിച്ച ഓഡിയോകൾ, വെർച്വൽ അവതാറുകൾ എന്നിവ ഉപയോഗിച്ച് തെറ്റായതോ അപകീർത്തികരമോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഉടനടി അവസാനിപ്പിക്കണം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും എല്ലാ വ്യക്തികളും സ്ഥാപനങ്ങളും പൂർണ്ണമായി വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമവിരുദ്ധമായി ഉപയോഗിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും അതിൽ നിന്നുള്ള സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്നും നോട്ടീസിൽ കർശനമായി നിർദ്ദേശിക്കുന്നു. ഇത് പാലിക്കാത്ത പക്ഷം ഓൺലൈൻ ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ, വലിയ തുക നഷ്ടപരിഹാരം ഈടാക്കൽ, നിയമവിരുദ്ധമായി നേടിയ ലാഭം തിരിച്ചുപിടിക്കൽ എന്നിവയുൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കും. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തവും കോടതിച്ചെലവുകളും ലംഘനം നടത്തുന്നവരിൽ നിന്നുതന്നെ ഈടാക്കുന്നതായിരിക്കും. ഇതൊരു അന്തിമ മുന്നറിയിപ്പായി കണക്കാക്കണമെന്നും, ഇക്കാര്യത്തിൽ നിയമനടപടികൾക്ക് മുൻപായി ഇനിയൊരു പ്രത്യേക നോട്ടീസ് നൽകുന്നതല്ലെന്നും റസൂൽ പൂക്കുട്ടിക്കായി അഭിഭാഷകൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.