
തൻ്റെ ജീവിതത്തിലെ ഏറ്റവും കഠിനമായൊരു ഘട്ടത്തിൽ സായ് പല്ലവി തനിക്ക് തണലായി മാറിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വരൻ. വേദന നിറഞ്ഞൊരു കാലത്തെ എങ്ങനെയാണ് താൻ ചായക്കൂട്ടുകളിലൂടെ അതിജീവിച്ചതെന്നും, അതിന് വഴിത്തിരിവായത് സായ് പല്ലവിയുമായുള്ള ഒരു സംഭാഷണമായിരുന്നെന്നും അനുപമ വെളിപ്പെടുത്തുന്നു. കുട്ടിക്കാലം മുതലേ നിറങ്ങളോട് പ്രണയമുണ്ടായിരുന്നെങ്കിലും ചിത്രരചന ഔപചാരികമായി പഠിച്ചിട്ടില്ലെന്ന് അനുപമ പറയുന്നു. 2021-ൽ തന്റെ ജീവിതത്തിലൂടെ കടന്നുപോയ ഏറ്റവും സങ്കീർണമായ മാനസികാവസ്ഥയിലാണ് ഈ ചിത്രങ്ങളെല്ലാം പിറവിയെടുത്തത്.
താൻ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സായ് പല്ലവിയോട് മനസ്സ് തുറന്നതെന്നും, ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദ്ദേശമാണ് തെന്നിന്ത്യൻ സിനിമാലോകം ഇന്നും നെഞ്ചിലേറ്റുന്ന തന്നെ ചിത്രരചനയിലേക്ക് നയിച്ചതെന്നും അനുപമ കുറിപ്പിൽ വ്യക്തമാക്കുന്നു. തനിക്കറിയാത്ത തന്റെ മറ്റൊരു മുഖം തനിക്ക് തന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ താരം ‘ലവ് യൂ ഡാർലിങ്’ എന്നും കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അനുപമയുടെ മാതാപിതാക്കൾ ചേർന്ന്, താരം രഹസ്യമായി വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി താരത്തിന് ഒരു സർപ്രൈസ് നൽകിയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമ്മകളുടെ ഒരു ചുമരിലേക്കുള്ള ഈ മാറ്റം എത്ര മധുരമുള്ളതാണെന്നും നടി കൂട്ടിച്ചേർത്തു.
താൻ വരച്ച പെയിന്റിങ്ങുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് താരം ഈ സൗഹൃദക്കൂട്ടിനെക്കുറിച്ച് വാചാലയായത്. അനുപമയുടെ വൈകാരികമായ ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സായ് പല്ലവി അത് തന്റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. “ഒരുപാട് സ്നേഹം മൈ ബേബി… ഈ ചിത്രങ്ങൾ വളരെ പേഴ്സണലും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പൂത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു,” എന്നാണ് സായ് പല്ലവി ഇതിന് മറുപടിയായി കുറിച്ചത്.
വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ‘പ്രേമം’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരങ്ങളാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. തീയേറ്ററുകളിൽ മേരിയും മലരുമായി തിളങ്ങിയ ഇരുവരും വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു എന്നതിൻ്റെ നേർക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.