“ഉറക്കം വരാത്ത രാത്രികളിൽ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നത് ഹൊറർ സിനിമകളാണ്”; പവൻ കല്യാൺ

','

' ); } ?>

ബോളിവുഡിലെ രണ്ട് ശ്രദ്ധേയ ചിത്രങ്ങളെയും അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളെയും പ്രശംസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ രംഗത്ത്. 1980-കളുടെ അവസാനത്തിൽ താൻ നടത്തിയ കശ്മീർ സന്ദർശനങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ‘ബാരാമുള്ള’ എന്ന ചിത്രമെന്ന് അദ്ദേഹം വ്യക്തമാക്കി. കാശ്മീരി പണ്ഡിറ്റുകളുടെ ദുരനുഭവങ്ങളെ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലൂടെയാണ് ഈ ചിത്രം സമീപിച്ചിരിക്കുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പവൻ കല്യാൺ പറഞ്ഞു. മാനാവ് കൗൾ, ഭാഷ സുംബ്ലി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ, ആദിത്യ സുഹാസ് ജാംഭലെ സംവിധാനം ചെയ്‌ത ഈ സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

സിനിമകളെ പ്രാദേശികമായ അതിർവരമ്പുകൾക്കുള്ളിൽ നിന്ന് വിലയിരുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു ചിത്രം ഏത് ഭാഷയിലാണ് നിർമ്മിക്കപ്പെട്ടത് എന്നതിനേക്കാൾ അതിൻ്റെ ശക്തമായ കഥപറച്ചിലിനാണ് പ്രാധാന്യം നൽകേണ്ടത്. ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലിറങ്ങിയ ‘ധുരന്ധരർ’ എന്ന ചിത്രത്തിന്റെ ധീരമായ കഥാവിഷ്കാരത്തെയും നിർമ്മാതാക്കളുടെ ആർജ്ജവത്തെയും അദ്ദേഹം അഭിനന്ദിച്ചു. ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്നാൽ സമയക്കുറവ് കാരണം ഇതിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ പോയി കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ ചില സിനിമാവിശേഷങ്ങളും അഭിമുഖത്തിൽ പവൻ കല്യാൺ പങ്കുവെച്ചു. തനിക്ക് ഹൊറർ സിനിമകളോട് പ്രത്യേക താൽപ്പര്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഉറക്കം വരാത്ത രാത്രികളിൽ മനസ്സിനെ ശാന്തമാക്കാൻ ഇത്തരം ചിത്രങ്ങളാണ് സഹായിക്കാറുള്ളതെന്നും കൂട്ടിച്ചേർത്തു. ചിന്തകളെ പൂർണ്ണമായും മാറ്റിമറിച്ച് മനസ്സിനെ കീഴടക്കാൻ ഹൊറർ സിനിമകൾക്ക് പ്രത്യേക കഴിവുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.