പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ പി. ഭാരതിരാജ അന്തരിച്ചു

','

' ); } ?>

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ പരമ്പരാഗത ശൈലികളെ മാറ്റിമറിച്ച് ഗ്രാമീണ കഥകൾക്ക് പുതിയ ദൃശ്യഭാഷ നൽകിയ അദ്ദേഹം, ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ അന്തരിച്ച മകനും നടനുമായ മനോജ് ഭാരതിരാജയുടെ അകാല വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യം ഏറെ മോശമായിരുന്നു. ചന്ദ്രലീലയാണ് ഭാര്യ. മകൾ: ജനനി.

സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2004-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആറു തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രങ്ങൾ ഒരുക്കി. കന്നഡ ചിത്രത്തിൽ സംവിധാന സഹായിയായി കരിയർ ആരംഭിച്ച ഭാരതിരാജ, പ്രശസ്ത മലയാള സംവിധായകൻ എം. കൃഷ്ണൻ നായരുടെ ഉൾപ്പെടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ കമൽഹാസനും ശ്രീദേവിയും രജനീകാന്തും തകർത്തഭിനയിച്ച ’16 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. സാമ്പ്രദായിക തമിഴ് സിനിമകളുടെ രീതികളെ കീഴ്മേൽ മറിച്ച ഈ ചിത്രം ഒരു നാഴികക്കല്ലായി മാറി. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹം സ്വന്തമാക്കി.

തേനി അല്ലി നഗരത്തിൽ പെരിയമായ തേവരുടേയും മീനാക്ഷിയമ്മാളിൻ്റേയും മകനായി ജനിച്ച ചിന്നസ്വാമി എന്ന ഭാരതിരാജ, നിരവധി പുതിയ പ്രതിഭകളെയാണ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ആദ്യ ചിത്രത്തിന് പിന്നാലെ വന്ന ‘കിഴക്കേ പോകുമെയിൽ’ വൻ ശ്രദ്ധനേടിയെങ്കിലും, ഗ്രാമീണ പ്രേക്ഷകർക്കായുള്ള സിനിമകൾ മാത്രമേ അദ്ദേഹത്തിന് വഴങ്ങൂ എന്ന വിമർശനമുയർന്നു. എന്നാൽ തൊട്ടടുത്ത വർഷം പുറത്തിറക്കിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘സിഗപ്പു റോജകൾ’ എന്ന സൂപ്പർഹിറ്റിലൂടെ ഭാരതിരാജ വിമർശകരുടെ വായടപ്പിച്ചു.

നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ, ടിക് ടിക് ടിക്, കാഥൽ ഓവിയം, വാലിബമേ വാവാ, മൻ വാസനൈ, കടലോര കവിതൈകൾ, വേദം പുടിത്ത്, കറുത്തമ്മ, തമിഴ് സെൽവൻ, അന്തിമൺതാരൈ, കാഥൽ പൂക്കൾ, അന്നക്കൊടി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റ് ചിത്രങ്ങൾ. 1981-ൽ ‘അലൈകൾ ഓയ്‌വതില്ലൈ’യിലൂടെ വീണ്ടും സംസ്ഥാന പുരസ്കാരം നേടി. ഇതേവർഷം അദ്ദേഹം സംവിധാനം ചെയ്ത ‘സീതാകൊക്ക ചിലുക’ എന്ന തെലുങ്ക് ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ’16 വയതിനിലെ’യുടെ റീമേക്കായ ‘സൊൽവ സാവൻ’, ‘സിഗപ്പു റോജാക്കളി’ന്റെ റീമേക്കായ ‘റെഡ് റോസ്’ എന്നിവയിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. ഏതാനും ടെലിവിഷൻ പരമ്പരകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആമസോൺ പ്രൈമിന്റെ ‘മോഡേൺ ലവ് ചെന്നൈ’ എന്ന ആന്തോളജി സീരീസിലെ ‘പറവൈ കൂട്ടിൽ വാഴും മാൻകൾ’ എന്ന ഭാഗമാണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്ത ഒടിടി പ്രോജക്റ്റ്. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.

സംവിധാനത്തിന് പുറമെ മികച്ചൊരു നടൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം ചിത്രമായ ‘കിഴക്ക് പോകും റെയി’ലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് താൻതന്നെ രചന നിർവഹിച്ച ‘കല്ലുക്കുൾ ഈറം’ എന്ന ചിത്രത്തിലും വേഷമിട്ടു. ധാവണി കനവുകൾ, ഇദയം, കാഥൽ വൈറസ്, മണിരത്നം ചിത്രം ആയുധ എഴുത്ത്, കെന്നഡി ക്ലബ്, നമ്മ വീട്ടുപിള്ളൈ, തിരുചിത്രമ്പലം, വാത്തി, മഹാരാജ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലാണ് ഭാരതിരാജ അവസാനമായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.