
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ രാജസേനൻ. നടൻ ജയറാമുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും താൻ പറയാത്ത കാര്യങ്ങൾ തന്റെ പ്രസ്താവനയെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിഫൈൽ മീഡിയ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ എന്ത് വിമർശനം വരുമ്പോഴും ‘അല്ലെങ്കിലും രാജസേനൻ പണ്ടേ പറഞ്ഞിട്ടുണ്ട് ജയറാം അവസരവാദിയാണെന്ന്’ എന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ടെന്നും എന്നാൽ താൻ അങ്ങനെ ഒരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ തമ്മിൽ വലിയ വഴക്കുകളോ അടിച്ചുപിരിയലോ ഉണ്ടായിട്ടില്ലെന്നും കേവലമൊരു ഈഗോ പ്രശ്നത്തിന്റെ പുറത്താണ് അകന്നതെന്നും രാജസേനൻ വെളിപ്പെടുത്തി.
ട്വന്റി 20 സിനിമയുമായി ബന്ധപ്പെട്ട് ജയറാം നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുൻപ് ജയറാമിനെ കുറ്റപ്പെടുത്തി രാജസേനൻ സംസാരിച്ചിട്ടുണ്ടെന്ന തരത്തിലുള്ള പഴയ ചർച്ചകൾ വീണ്ടും സജീവമായത്. എന്നാൽ തങ്ങൾക്കിടയിലുണ്ടായ ചെറിയ ഈഗോ പ്രശ്നത്തെ കൂടെയുണ്ടായിരുന്ന ചിലർ ചേർന്ന് പ്രൊമോട്ട് ചെയ്ത് വലുതാക്കുകയായിരുന്നുവെന്ന് രാജസേനൻ വ്യക്തമാക്കുന്നു. തങ്ങൾ അകലുന്ന സമയത്ത് സോഷ്യൽ മീഡിയ ഇത്രമാത്രം ശക്തമല്ലാതിരുന്നതുകൊണ്ട് പല വ്യാജ കഥകളും പ്രചരിക്കാനിടയായി. നിലവിൽ പരസ്പരം കണ്ടാൽ പോലും മുഖത്തോടുമുഖം നോക്കാൻ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത് ഇത്തരം കെട്ടിച്ചമച്ച കഥകളാണെന്നും, ഇപ്പോൾ പ്രചരിക്കുന്ന പല പ്രസ്താവനകളും വ്യാജമാണെന്നും രാജസേനൻ കൂട്ടിച്ചേർത്തു.
“ജയറാമിന്റെ ഏത് കാര്യം പറഞ്ഞു വന്നാലും അതില്‍ എന്റെ പേര് അറിയാതെ വരും. അത് എങ്ങനെയൊക്കെയോ കയറി വരുന്നുണ്ട്. ഞാന്‍ ഒരു പോസ്റ്റ് കണ്ടു. അല്ലെങ്കിലും രാജസേനന് പണ്ടേ പറഞ്ഞിട്ടുണ്ട് ജയറാം അവസരവാദിയാണെന്ന് എന്നാണ് ആ പോസ്റ്റില്‍ പറയുന്നത്. അങ്ങനെയൊരു സ്റ്റേറ്റ്മെന്റ് ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറയാനുള്ള പ്രശ്നങ്ങള്‍ എനിക്കില്ല. ഞങ്ങള്‍ തമ്മില്‍ ഒരു വന്‍ വഴക്കിട്ടോ അല്ലെങ്കില്‍ അടിച്ച് പിരിയുകയോ ഒന്നും ചെയ്തതല്ല. ഞങ്ങള്‍ അങ്ങനെയങ്ങ് പിണങ്ങിയിട്ടുമില്ല. ഇത് ഒരുതരം ഈഗോ പ്രശ്നത്തില്‍ അങ്ങ് മാറിപ്പോയതാണ്. അപ്പോള്‍ കൂടെനിന്ന ചിലര്‍ അതിനെ പ്രൊമോട്ട് ചെയ്ത് വലുതാക്കി കൊണ്ടുപോയി. പിന്നെ അറിയാമല്ലോ മീഡിയാസ്.”രാജസേനന് പറഞ്ഞു.
“ഞങ്ങള്‍ തമ്മില്‍ അകന്ന് പോകുന്ന സമയത്ത് സോഷ്യല്‍ മീഡിയ ഇത്രയും പവര്‍ഫുള്‍ അല്ല. അന്ന് സോഷ്യല്‍ മീഡിയ ഇത്രയും പവര്‍ഫുള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് അറിയാന്‍ സാധിച്ചേനെ. ഇത് എന്തൊക്കെയോ കഥകള്‍ ഉണ്ടാക്കി ഇവിടെ കൊണ്ട് എത്തിച്ചു. ഇപ്പോള്‍ പരസ്പരം തൊട്ടടുത്ത് കണ്ടാലും മുഖത്തോടുമുഖം നോക്കാന്‍ പറ്റാത്ത രീതിയില്‍ കൊണ്ടുവന്ന് എത്തിച്ചു. സത്യം പറഞ്ഞാല്‍ എന്തെങ്കിലും വഴക്കായിട്ടുള്ള ഒരു പ്രശ്നവും ഇല്ല. ഇതൊരു ചെറിയ ഈഗോയില്‍ തുടങ്ങിയതാണ്. ആ ഈഗോ അവിടെത്തന്നെ നില്‍പ്പുണ്ട്. അതുകൊണ്ടാണല്ലോ സംസാരിക്കാത്തത്. ഇത്രയുമേയുള്ളൂ. അതിനകത്ത് വേറെ ഒന്നുമില്ല. ഈ വരുന്ന പല സ്റ്റേറ്റ്മെന്റുകളും എന്റേതല്ല. ഫേക്ക് ആണ്. പലതും ക്രിയേറ്റഡ് ആണ്.”രാജസേനന് കൂട്ടിച്ചേർത്തു.