
‘അമരൻ’ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ധനുഷ് ചിത്രത്തിലെ പ്രതിഫല വിവരങ്ങളും ഒടിടി അപ്ഡേറ്റുകളുമാണ് ഇപ്പോൾ സിനിമാലോകത്ത് പ്രധാന ചർച്ചാവിഷയം. ചിത്രത്തിൽ അതീവ പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന മമ്മൂട്ടി, തനിക്ക് വാഗ്ദാനം ചെയ്ത വൻ തുക പ്രതിഫലമായി വേണ്ടെന്നുവെച്ച വാർത്തയാണ് തമിഴ് സിനിമാ മേഖലയിൽ ഇപ്പോൾ ഏറെ പ്രശംസ പിടിച്ചുപറ്റുന്നത്.
തുടക്കത്തിൽ 35 കോടി രൂപയായിരുന്നു മമ്മൂട്ടിക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്നതെങ്കിലും, ഇത്രയും വലിയ തുക ആവശ്യമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഒടുവിൽ 24 കോടി രൂപയ്ക്കാണ് താരം ഈ പ്രൊജക്റ്റിൽ ഒപ്പുവെച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഇമോഷണൽ ത്രില്ലർ ചിത്രത്തിൽ നായകൻ ധനുഷിന് 45 കോടി രൂപയും, സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് 15 കോടി രൂപയുമാണ് പ്രതിഫലം. ചിത്രത്തിലെ നായികമാരായ സായ് പല്ലവിക്ക് 12 കോടി രൂപയും, ഏതാനും രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീലീലയ്ക്ക് 3 കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. എന്നാൽ ഏത് ഒടിടി പ്ലാറ്റ്ഫോമാണ് ഇത് സ്വന്തമാക്കിയതെന്ന വിവരം അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ധനുഷ് തന്നെ നിർമിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബറിലായിരിക്കുമെന്നാണ് സൂചന. ചിത്രത്തിൽ മമ്മൂട്ടി തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.
ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് പ്രമുഖ സിനിമാ മാധ്യമപ്രവർത്തകൻ വെങ്കി മുൻപ് പങ്കുവെച്ച വാക്കുകളും ഇപ്പോൾ ശ്രദ്ധേയമാണ്. കഥ കേട്ടയുടൻ തന്നെ മമ്മൂട്ടി ചിത്രത്തിന് സമ്മതം മൂളിയെന്നും, സീനുകൾ കുറവാണെങ്കിലും തീയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന അതീവ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ മമ്മൂട്ടി ചിത്രമായ ‘കമ്മത്ത് ആൻഡ് കമ്മത്തിൽ’ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് അഭ്യങ്കർ സംഗീതസംവിധാനം നിർവഹിക്കുന്ന ഈ പുതിയ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ രണ്ട് റിയൽ സൂപ്പർസ്റ്റാറുകളും വീണ്ടും ഒന്നിക്കുന്നത്.