
‘ദൃശ്യം 3’ ഹിന്ദിയുടെ ചിത്രീകരണം പൂർത്തിയാതായി അറിയിച്ച് സംവിധായകൻ അഭിഷേക് പഥക്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും, സംഘത്തിനും, സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അഭിഷേകിന്റെ കുറിപ്പ്.
“ദൃശ്യം 3യുടെ ചിത്രീകരമം പൂർത്തിയായി. കഴിഞ്ഞ കുറേ മാസങ്ങളായി ഈ സിനിമയായിരുന്നു ഞങ്ങളുടെ ലോകം. ഒട്ടനവധി രാപ്പകലുകൾ ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചു, രംഗങ്ങൾക്കായി പരിശ്രമിച്ചു, പ്രശ്നങ്ങൾ പരിഹരിച്ചു, ചിരി പങ്കിട്ടു, വെല്ലുവിളികളെ അതിജീവിച്ചു, സാവധാനം ഈ കഥക്ക് ജീവൻ നൽകി. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാ അവിശ്വസനീയമായ വ്യക്തികൾക്കും എന്റെ നന്ദി.
നിങ്ങളുടെ വിശ്വാസത്തിനും, കഠിനാധ്വാനത്തിനും, ക്ഷമയ്ക്കും, ഈ സിനിമയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ നൽകിയ പിന്തുണയ്ക്കും നന്ദി. നല്ല ദിവസങ്ങൾ, ബുദ്ധിമുട്ടുള്ള ദിവസങ്ങൾ, അസാധാരണമായ ദിവസങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും, നിങ്ങൾ ഓരോ തവണയും അവിടെയുണ്ടായിരുന്നു, നിങ്ങളിൽ നിന്നുള്ളതെല്ലാം നൽകി. ഈ സിനിമയിൽ നിങ്ങളിൽ ഓരോരുത്തരുടെയും ഒരു ഭാഗം ഉണ്ട്. നിങ്ങളുടെ പ്രയത്നം, നിങ്ങളുടെ അഭിനിവേശം, നിങ്ങളുടെ ഹൃദയം എന്നിവ ഓരോ ഫ്രെയിമിലും കാണാം. ഇത്രയും മികച്ച ആളുകളോടൊപ്പം ഈ യാത്ര പങ്കിട്ടതിൽ ഞാൻ അതീവ ഭാഗ്യവാനാണ്. ഈ കഥ പറയാൻ എന്നെ സഹായിച്ചതിന് നന്ദി.”-അഭിഷേക് പഥക്ക് കുറിച്ചു.
സിനിമയുടെ മലയാളം പതിപ്പിൽ നിന്നും വ്യത്യസ്തമായ കഥയാകും ഹിന്ദി റീമേക്ക് പറയുകയെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. അലോക് ജെയ്നും അജിത് അന്ദാരയും ചേർന്നാണ് നിർമാണം. അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയിൽ തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രകാശ് രാജ് ആണ് മൂന്നാം ഭാഗത്തിലെ പുതിയ താരം. പനോരമ സ്റ്റുഡിയോസ് ആണ് നിർമാണം. ‘ദൃശ്യ’ത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ ഹിന്ദിയിൽ റീമേക്ക് ചെയ്തിറക്കിയ നിർമാണക്കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്.
‘ദൃശ്യം 3’ മലയാളം പതിപ്പിൻ്റെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ്സ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആൻ്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.