
സിനിമയെ അനാവശ്യമായി റൊമാൻ്റിസൈസ് ചെയ്യേണ്ടതില്ലെന്നും സിനിമ അത്ര വലിയ സംഭവമൊന്നുമല്ലെന്നും തുറന്നുപറഞ്ഞ് സംവിധായകൻ അഭിനവ് സുന്ദർ നായക്. തനിക്ക് സിനിമയോട് സ്നേഹമുണ്ടെന്നത് സത്യമാണെങ്കിലും അതിനെ അടിയറവ് വെക്കേണ്ട ഒരു വലിയ കാര്യമായി കാണുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അഞ്ജലി പിള്ളയുടെ ‘ദ ഫോർത്ത് വോളിന്’ നൽകിയ അഭിമുഖത്തിലാണ് അഭിനവ് സുന്ദർ നായക് സിനിമയോടുള്ള തന്റെ ഈ നിലപാട് വ്യക്തമാക്കിയത്.
‘മോളിവുഡ് ടൈംസ് പൂർണമായും ഒരു ഹേറ്റ് ലെറ്റർ സിനിമയല്ല. ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്താണ് വിനീത് ശ്രീനിവാസൻ്റെ വർഷങ്ങൾക്ക് ശേഷം റിലീസ് ആകുന്നത്. ആ ചിത്രം സിനിമയോടുള്ള ഒരു ലവ് ലെറ്റർ ആയിരുന്നു. അതിന് മുമ്പ് ഇറങ്ങിയിട്ടുള്ള സിനിമയെക്കുറിച്ചുള്ള മറ്റ് ചിത്രങ്ങളും സിനിമയ്ക്കുള്ള ലവ് ലെറ്ററുകൾ തന്നെയായിരുന്നു. എനിക്ക് ആ ചിത്രങ്ങളെല്ലാം ഇഷ്ടവുമാണ്. എന്നാൽ അവയെല്ലാം സിനിമയെ വലിയ രീതിയിൽ റൊമാന്റിസൈസ് ചെയ്യുന്നുണ്ട്.” അഭിനവ് പറഞ്ഞു.
“സിനിമയെ വളരെ പരിശുദ്ധമായ ഒന്നായി കാണുന്നത് എനിക്കിഷ്ടമല്ല. സിനിമ എന്നത് വലിയൊരു പുണ്യമാണ് എന്നൊക്കെ പറഞ്ഞ് അതിനെ ഒരു ബബിളിനുള്ളിൽ ഒതുക്കി നിർത്തുന്നതായി എനിക്ക് തോന്നി. എനിക്ക് അതിനോട് താൽപര്യമില്ല. അതുകൊണ്ട് ഒരിക്കലും സിനിമയ്ക്കുള്ള ലവ് ലെറ്ററായി ഒരു ചിത്രം ചെയ്യില്ലെന്ന് തീരുമാനിച്ചു. ഈ റൊമാൻ്റിസിസം നിർത്തേണ്ടതുണ്ട്. സിനിമ എന്ന് പറയുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. സിനിമയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അതിനെ ഇത്രയധികം പുണ്യമായി ഞാൻ കാണുന്നില്ല.” അഭിനവ് കൂട്ടിച്ചേർത്തു.
അഭിനവ് സുന്ദർ നസ്ലെനെ നായകനാക്കി ഒരുക്കുന്ന മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് പുറത്തുവരും. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.