“സെറ്റിൽ ആരോടും സംസാരിക്കരുത്, സ്വന്തം കഥാപാത്രത്തിന്റെ ‘സോണിൽ തുടരണം”; ഗീതുവിന്റെ കർശന നിയന്ത്രണങ്ങളെ കുറിച്ച് കിയാര

','

' ); } ?>

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ടോക്സിക്കി’ന്റെ സെറ്റിലെ അനുഭവങ്ങളും താൻ നേരിട്ട വെല്ലുവിളികളും വെളിപ്പെടുത്തി ബോളിവുഡ് താരം കിയാര അദ്വാനി. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിന്റെ വേറിട്ട പ്രവർത്തനരീതിയെക്കുറിച്ചും കഥാപാത്രത്തിലേക്ക് മാറാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നു. സെറ്റിൽ എത്തുമ്പോൾ ആരോടും സംസാരിക്കാനോ അഭിവാദനം ചെയ്യാനോ നിൽക്കരുതെന്നും സ്വന്തം കഥാപാത്രത്തിന്റെ ‘സോണിൽ’ തന്നെ തുടരണമെന്നും ഗീതു മോഹൻദാസ് തന്നോട് കർശനമായി നിർദേശിച്ചിരുന്നതായി കിയാര പറഞ്ഞു.

താൻ സാധാരണയായി സെറ്റിലെല്ലാവരോടും സൗഹൃദം സ്ഥാപിക്കുന്ന വ്യക്തിയാണെന്നും, എന്നാൽ ഈ ചിത്രത്തിനായി ആ രീതി മാറ്റേണ്ടി വന്നതായും കിയാര വ്യക്തമാക്കുന്നു. ഇംഗ്ലീഷിലും കന്നഡയിലുമായി ചിത്രീകരിച്ച സിനിമയിൽ കന്നഡ ഭാഷ കൈകാര്യം ചെയ്യേണ്ടി വന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ആദ്യം ഇംഗ്ലീഷിൽ രംഗങ്ങൾ ചിത്രീകരിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കന്നഡയിലേക്ക് മാറിയിരുന്നത്. ‘നാദിയ’ എന്ന തന്റെ കഥാപാത്രം സ്നേഹത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിച്ചുവെന്നും, ചിത്രത്തിന്റെ പ്രത്യേകമായ ലോകവുമായി പൊരുത്തപ്പെടാൻ തനിക്ക് കുറച്ചു സമയം ആവശ്യമായി വന്നുവെന്നും കിയാര കൂട്ടിച്ചേർത്തു.

‘ഞാന്‍ എപ്പോഴും ആളുകളോട് ഹായ്, ഗുഡ്‌മോണിങ്ങ്, എന്നൊക്കെ പറയുന്ന ആളാണ്. പക്ഷെ ഗീതു ചിലപ്പോള്‍ വ്യത്യസ്തയാണ്. നാളെ നിങ്ങള്‍ സെറ്റില്‍ വരുമ്പോള്‍ ആരോടും ചെയ്ന്ന് ഹായ്, ഹെലോ ഒന്നും പറയരുത്. എനിക്ക് ഇങ്ങനെ കുശലാന്വേഷണങ്ങള്‍ ഒന്നും വേണ്ട. അങ്ങനെ ഒരു സോണില്‍ ആയിരിക്കണം നിങ്ങളും. നിങ്ങളുടെ ടീമിനോടും ആരോടും അത്തരം കുശലന്വേഷണങ്ങള്‍ ഒന്നും വേണ്ട. അങ്ങനെ ആയിരിക്കും ചിലപ്പോള്‍ ഗീതു പറയുക,’ കിയാര പറഞ്ഞു.

ഏകദേശം 800 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ യഷിനൊപ്പം കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വാസന്ത്, അക്ഷയ് ഓബ്രോയി, ഡാരെൽ ഡിസിൽവ, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. ആദ്യം 2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, പല കാരണങ്ങളാൽ തീയതികൾ മാറ്റിവെച്ചതിന് ശേഷം ജൂൺ 4-ന് തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.