
തെന്നിന്ത്യൻ സിനിമാസംഗീതത്തിന്റെ ചരിത്രം ഇളയരാജയ്ക്ക് മുൻപും പിൻപും എന്ന് കൃത്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അത്രമേൽ ആഴത്തിലാണ് ആ സംഗീതം കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ പതിഞ്ഞുപോയത്. എന്നാൽ, പതിറ്റാണ്ടുകളായി ലോകമെമ്പടുമുള്ള സംഗീതപ്രേമികളെ ഒരുപോലെ വിസ്മയിപ്പിക്കുന്ന ഈ പ്രതിഭയുടെ സംഗീതയാത്ര പോലെ തന്നെ കൗതുകം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില വ്യക്തിപരമായ ഏടുകളും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ ജനന തീയതിയെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങൾ. ജൂൺ രണ്ട് ആണോ അതോ ജൂൺ മൂന്ന് ആണോ ഇളയരാജയുടെ യഥാർഥ ജന്മദിനം എന്ന ചോദ്യം ഇന്നും പലർക്കുമിടയിൽ സജീവമാണ്. ഔദ്യോഗിക രേഖകളിലും വെബ്സൈറ്റുകളിലും ആരാധക കൂട്ടായ്മകളിലും വ്യത്യസ്തമായ വിവരങ്ങൾ കാണുമ്പോൾ ഈ കൺഫ്യൂഷൻ ഇരട്ടിക്കുക സ്വാഭാവികം. എന്നാൽ, ഈ തീയതികൾക്ക് പിന്നിൽ തമിഴ് രാഷ്ട്രീയ-സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട മനോഹരമായ ഒരു കഥയുണ്ട്. ആ കഥ പറയുന്നതാകട്ടെ ഇളയരാജ എന്ന വിസ്മയം തന്നെയാണ്.
യഥാർഥത്തിൽ ജൂൺ മാസം മൂന്നാം തീയതിയാണ് ഇളയരാജ ജനിച്ചത്. 1943 ജൂൺ 3 ആണ് അദ്ദേഹത്തിന്റെ യഥാർഥ ജന്മദിനം. എന്നാൽ ലോകമെമ്പടുമുള്ള സംഗീതപ്രേമികളും സിനിമാലോകവും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് ജൂൺ രണ്ടാം തീയതിയാണ്. സ്വന്തം ജന്മദിനം ഒരു ദിവസം മുൻപേ ആഘോഷിക്കാൻ ഇളയരാജ തന്നെ തീരുമാനിച്ചതിന് പിന്നിൽ തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കലൈഞ്ജർ കരുണാനിധിയോടുള്ള ആദരവാണ് ഒളിഞ്ഞിരിക്കുന്നത്. തമിഴ് ജനതയോടും തമിഴ് ഭാഷയോടും കരുണാനിധിക്കുണ്ടായിരുന്ന അടിയുറച്ച സ്നേഹത്തെയും അദ്ദേഹം നൽകിയ സംഭാവനകളെയും ഇളയരാജ എന്നും ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. പല അഭിമുഖങ്ങളിലും ഇളയരാജ ഈ മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് ഭാഷയ്ക്കായി കരുണാനിധി ചെയ്ത മഹത്തായ സേവനങ്ങളുടെ ചെറിയൊരു ശതമാനം പോലും താൻ ചെയ്തിട്ടില്ലെന്നും, അതിനാൽ ഒരേ ജനന തീയതി പങ്കിടുന്നതിൽ അഭിമാനമുണ്ടെങ്കിലും ജൂൺ മൂന്ന് എന്ന ദിവസം കലൈഞ്ജർക്ക് മാത്രമായി മാറ്റിവെക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ആ ദിവസം തമിഴ്നാട് കരുണാനിധിക്ക് മാത്രം ആശംസകൾ നേരട്ടെ എന്ന ചിന്തയിലാണ് ഇളയരാജ തന്റെ ജന്മദിനാഘോഷം ഒരു ദിവസം മുൻപേക്ക്, അതായത് ജൂൺ രണ്ടിലേക്ക് മാറ്റിയത്. ഗുരുതുല്യനായ ഒരു നേതാവിനോട് ഒരു കലാകാരൻ കാണിച്ച ഏറ്റവും വലിയ ആദരവായിരുന്നു അത്. പിൽക്കാലത്ത് ഇളയരാജയ്ക്ക് ‘ഇസൈജ്ഞാനി’ (സംഗീതത്തിന്റെ ജ്ഞാനി) എന്ന അനശ്വരമായ വിശേഷണം സമ്മാനിച്ചതും ഇതേ കരുണാനിധിയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ജനന തീയതിയിലെ ഈ കൗതുകം പോലെ തന്നെ വിസ്മയഭരിതമാണ് ജ്ഞാനദേശികൻ എന്ന ഗ്രാമീണ ബാലൻ ‘ഇളയരാജ’ എന്ന നാമത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട കഥയും. 1943-ൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന, ഇന്നത്തെ തേനിലെ കമ്പം എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛൻ ഡാനിയേൽ രാമസ്വാമി മകന് ആദ്യം നൽകിയ പേര് ‘ജ്ഞാനദേശികൻ’ എന്നായിരുന്നു. ഒരുപക്ഷേ, ആ കുട്ടി ഭാവിയിൽ സംഗീതത്തിന്റെ വലിയൊരു ജ്ഞാനിയാകുമെന്ന് പ്രകൃതി മുൻകൂട്ടി നിശ്ചയിച്ചിരുന്നതുകൊണ്ടാകാം അങ്ങനെയൊരു പേര് വീണത്. എന്നാൽ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ അച്ഛൻ തന്നെ ആ പേരിന്റെ നീളം കുറച്ച് ‘രാജയ്യ’ എന്നാക്കി മാറ്റി. അങ്ങനെ സ്കൂൾ രേഖകളിൽ അദ്ദേഹം രാജയ്യയായി വളർന്നു.
പഠനകാലത്തിന് ശേഷം സംഗീതത്തെയും സിനിമയെയും നെഞ്ചിലേറ്റി 1968-ലാണ് രാജയ്യ മദ്രാസിലേക്ക് വണ്ടികയറുന്നത്. അക്കാലത്ത് മദ്രാസിലെത്തുന്ന സംഗീത മോഹികളുടെ പ്രധാന ആശ്രയമായിരുന്ന ധൻരാജ് മാസ്റ്ററുടെ കീഴിൽ അദ്ദേഹം വെസ്റ്റേൺ ക്ലാസിക്കൽ സംഗീതം അഭ്യസിക്കാൻ തുടങ്ങി. അസാമാന്യ പ്രതിഭയായിരുന്ന രാജയ്യ ക്ലാസിക്കൽ ഗിത്താറിൽ സ്വർണ്ണ മെഡലോടെയാണ് പഠനം പൂർത്തിയാക്കിയത്. ഈ പഠനകാലത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടാമത്തെ പേരുമാറ്റം സംഭവിക്കുന്നത്. ധൻരാജ് മാസ്റ്റർ നോട്ട് എഴുതിക്കൊടുക്കുന്നതിനിടയിൽ രാജയ്യ എന്ന പേര് ചുരുക്കി ‘രാജ’ എന്ന് വിളിക്കാൻ തുടങ്ങി. ‘അതാണ് നിനക്ക് ഏറ്റവും അനുയോജ്യമായ പേര്’ എന്ന് മാസ്റ്റർ പറഞ്ഞപ്പോൾ ശിഷ്യൻ അത് സന്തോഷത്തോടെ സ്വീകരിച്ചു.
സിനിമയിൽ പശ്ചാത്തല സംഗീതമൊരുക്കിയും സഹായിയായി പ്രവർത്തിച്ചും രാജ തന്റെ കരിയർ ആരംഭിച്ചു. സംഗീത സംവിധായകൻ രാമകൃഷ്ണ ഗോവർധനത്തിനൊപ്പം ചേർന്നാണ് അദ്ദേഹം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. 1976-ൽ പുറത്തിറങ്ങിയ ‘വരപ്രസാദം’ എന്ന ചിത്രത്തിൽ ഗോവർധനൻ സംഗീതവും രാജ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു. ആ ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ‘ഗോവർധൻ-രാജ’ എന്ന പേരാണ് പ്രത്യക്ഷപ്പെട്ടത്. ഇതേ വർഷം തന്നെയാണ് ഇളയരാജയുടെ ജീവിതം മാറ്റിമറിച്ച ‘അന്നക്കിളി’ എന്ന ചിത്രത്തിലേക്ക് പ്രശസ്ത കഥാകൃത്തും നിർമാതാവുമായ പഞ്ചു അരുണാചലം വഴി അദ്ദേഹം എത്തുന്നത്.
അന്നക്കിളിയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകാൻ ഒരുങ്ങുമ്പോൾ ടൈറ്റിൽ കാർഡിൽ എന്ത് പേര് വെയ്ക്കുമെന്ന ചോദ്യം ഉയർന്നു വന്നു. പതിവുപോലെ ‘ഗോവർധൻ-രാജ’ എന്ന് മതിയെന്ന് ഇളയരാജ പറഞ്ഞെങ്കിലും, ഗോവർധനൻ സഹകരിക്കാത്ത ചിത്രത്തിൽ ആ പേര് വെയ്ക്കുന്നത് ശരിയല്ലെന്ന് പഞ്ചു അരുണാചലം നിലപാടെടുത്തു. എന്നാൽ ‘രാജ’ എന്ന് മാത്രം വെയ്ക്കുന്നതിലും ഒരു തടസ്സമുണ്ടായിരുന്നു. അക്കാലത്ത് തമിഴ് സിനിമാ ലോകത്ത് പ്രശസ്തനായ എ. എം. രാജ എന്ന മറ്റൊരു മുതിർന്ന സംഗീതജ്ഞൻ സജീവമായിരുന്നു. ഒരേ പേരിൽ രണ്ടുപേർ വരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് പഞ്ചു അരുണാചലം തിരിച്ചറിഞ്ഞു. ആ പ്രതിസന്ധിക്കുള്ള പരിഹാരവും പഞ്ചു അരുണാചലം തന്നെ കണ്ടെത്തി. എ. എം. രാജ മുതിർന്ന രാജയാണെങ്കിൽ, ഈ പുതിയ ചെറുപ്പക്കാരൻ ‘ഇളയരാജ’ (ചെറിയ രാജ) ആയിരിക്കട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചു.
അങ്ങനെ, കമ്പം എന്ന ഗ്രാമത്തിൽ ജ്ഞാനദേശികനായി ജനിച്ച ബാലൻ, സ്കൂൾ രേഖകളിൽ രാജയ്യയായും, ധൻരാജ് മാസ്റ്ററുടെ മുന്നിൽ രാജയായും മാറി, ഒടുവിൽ പഞ്ചു അരുണാചലത്തിന്റെ കൈപിടിച്ച് ‘ഇളയരാജ’ എന്ന പേരിൽ തമിഴ് സിനിമയുടെ ടൈറ്റിൽ കാർഡിൽ ഇടംപിടിച്ചു. അന്നക്കിളിയിലെ നാടൻ ഈണങ്ങളിലൂടെ തമിഴകത്തിന്റെ ഹൃദയം കവർന്ന ഇളയരാജ, പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ സംഗീത ചക്രവർത്തിയായി മാറുന്ന കാഴ്ചയ്ക്കാണ് ചരിത്രം സാക്ഷ്യം വഹിച്ചത്. ജന്മദിനത്തിലെ തീയതി മാറ്റവും പേരിന്റെ പരിണാമവുമെല്ലാം ഇളയരാജ എന്ന വ്യക്തിത്വത്തിന്റെ ലാളിത്യവും, അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന മനുഷ്യരുടെ ദീർഘവീക്ഷണവും വ്യക്തമാക്കുന്നവയാണ്. തീയതികളിലെ കൺഫ്യൂഷനുകൾക്കപ്പുറം, ഓരോ ദിവസവും അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കുന്ന കോടിക്കണക്കിന് ആളുകൾക്ക് എല്ലാ ദിവസവും ഇളയരാജയുടെ ജന്മദിനം തന്നെയാണ്.