“അടിയന്തരത്തിൻ്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നവരോടാണ്, ചത്തിട്ടില്ല മക്കളെ ഞാൻ”; വ്യാജ വാർത്തയിൽ പ്രതികരിച്ച് ജ്വൽ മേരി

','

' ); } ?>

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി. ക്യാൻസർ ബാധിച്ച് ശബ്ദം നഷ്ടപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലാണ് താരം എന്ന രീതിയിലുള്ള തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സത്യാവസ്ഥ വ്യക്തമാക്കി താരം തന്നെ നേരിട്ട് രംഗത്തെത്തിയത്.

തനിക്ക് 2023-ൽ ക്യാൻസർ വന്നിരുന്നു എന്നത് സത്യമാണെന്നും എന്നാൽ കൃത്യമായ ചികിത്സയിലൂടെ രോഗമുക്തി നേടി ഇപ്പോൾ താൻ പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും ജുവൽ മേരി വ്യക്തമാക്കി.

ജുവൽ മേരിയുടെ വാക്കുകൾ:

“രണ്ടു ദിവസമായി എൻ്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്‌ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘എന്റെ ശബ്ദം നഷ്‌ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എൻ്റെ അടിയന്തരത്തിൻ്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മൾ ഫിനിഷ്‌ഡ് അല്ല. 2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് ‘കേരള ക്യാൻ’ എന്ന പരിപാടിയിൽ എനിക്കു സംസാരിക്കേണ്ടി വന്നു.

അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എൻ്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്! എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക!”

2023ലാണ് ജുവലിനു തൈറോയ്‌ഡ്‌ കാൻസർ ആണെന്നു കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ താരം വെളിപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിന് പോയപ്പോഴാണ് തൈറോയ്‌ഡ് കാൻസറാണെന്ന സംശയം തോന്നിയത്. പിന്നീട് ചികിത്സ തേടി. ഇപ്പോൾ പൂർണ ആരോഗ്യവതി ആണെന്നും സമാനമായ അവസ്‌ഥകളിലൂടെ കടന്നു പോകുന്നവർക്ക് ഒരു വെളിച്ചമേകാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയിൽ ജുവൽ പറഞ്ഞിരുന്നു.