ഇളയരാജയുടെ ചെന്നൈ സംഗീതനിശ വിവാദത്തിൽ; സംഘാടനപ്പിഴവിനെതിരെ ആരാധകർ

','

' ); } ?>

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ചെന്നൈയിലെ സംഗീതനിശ സംഘാടനത്തിലെ കടുത്ത വീഴ്ചകൾ കാരണം വിവാദത്തിലേക്ക്. മെയ് 30, 31 തീയതികളിൽ ചെന്നൈ നെഹ്റു ഔട്ട്ഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വലിയ ദുരനുഭവങ്ങളാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് കാണികൾ സാക്ഷ്യപ്പെടുത്തുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ ‘വാലിയൻ്റ്’ (Valiant) എന്ന ആദ്യ സിംഫണിയും തുടർന്ന് നടന്ന ഹിറ്റ് ഗാനങ്ങളുടെ കച്ചേരിയും ആസ്വദിക്കാനെത്തിയ ആരാധകരാണ് സംഘാടകരുടെ അനാസ്ഥയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ആദ്യദിനം സിംഫണി അവതരിപ്പിച്ച ഇളയരാജ, രണ്ടാം ദിവസം ‘ജനനി ജനനി’, ‘രാക്കമ്മ കയ്യത്തട്ട്’, ‘രാജ രാജ ചോഴൻ നാൻ’, ‘തെന്നൽ വന്ത് എന്നെ തൊടും’ തുടങ്ങിയ തൻ്റെ ജനപ്രിയ ഗാനങ്ങളുമായി മൂന്ന് മണിക്കൂറിലധികം വേദിയിൽ സജീവമായിരുന്നു. എന്നാൽ, സ്റ്റേഡിയത്തിലെ മോശം ഓഡിയോ നിലവാരം കാരണം ഈ സംഗീതാനുഭവം പൂർണ്ണമായി ആസ്വദിക്കാൻ കാണികൾക്കായില്ല. ഇളയരാജ സംസാരിക്കുന്നത് പോലും കൃത്യമായി കേൾക്കാൻ സാധിച്ചില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പരാതിപ്പെടുന്നു.

വേദിയിലെ സാങ്കേതിക തകരാറുകൾക്ക് പുറമെ സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളും തികച്ചും മോശമായിരുന്നു. പക്ഷിക്കാഷ്ഠം പറ്റിപ്പിടിച്ച, വൃത്തിഹീനമായ ഇരിപ്പിടങ്ങളാണ് പലർക്കും ലഭിച്ചത്. ദൂരെയുള്ള കാണികൾക്കായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകളുടെ വലിപ്പക്കുറവും ദൃശ്യാനുഭവത്തെ ബാധിച്ചു. ഇതിനെല്ലാം പുറമെ, കച്ചേരി നടന്നിടത്ത് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതായും 20 രൂപയുടെ കുടിവെള്ളത്തിന് 50 രൂപ വാങ്ങിയതായും കാണികൾ ആരോപിക്കുന്നു.

നേരത്തെ 2023-ൽ എ.ആർ. റഹ്മാൻ്റെ ‘മറക്കുമാ നെഞ്ചം’ കച്ചേരിയിലെ വൻ അപാകതകളെ തുടർന്ന് കറുത്ത പുള്ളിവീണ എസിടിസി (ACTC) ഇവന്റ്സാണ് ഈ പരിപാടിയും സംഘടിപ്പിച്ചത്. കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ വോളൻ്റിയർമാർ പോലുമില്ലാതിരുന്നതോടെ സ്റ്റേഡിയത്തിൽ കടുത്ത ആശയക്കുഴപ്പമാണുണ്ടായത്. തങ്ങൾ നൽകിയ വലിയ തുകയ്ക്കുള്ള മൂല്യം പരിപാടിക്കുണ്ടായില്ലെന്നും, മോശം അന്തരീക്ഷം കാരണം സംഗീതനിശ പകുതിക്ക് വെച്ച് ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നതായും നിരാശരായ ചില ആരാധകർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിഹാസ കലാകാരൻ്റെ പരിപാടി അലങ്കോലമാക്കിയ സംഘാടകർക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.